Be careful against cholera
കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് പ്രതീകാത്മക ചിത്രം

എന്താണ് കോളറ?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ലക്ഷണങ്ങള്‍ എന്തെല്ലാം?

സംസ്ഥാനത്ത് അടുത്തിടെ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്
Published on

കൊച്ചി: സംസ്ഥാനത്ത് അടുത്തിടെ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്. ആലപ്പുഴ തലവടിയില്‍ കോളറ ബാധിച്ച 48കാരന്‍ ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഈ വര്‍ഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്. സംസ്ഥാനത്ത് കോളറ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

എന്താണ് കോളറ?

കുടലില്‍ ഉണ്ടാകുന്ന ഒരു ബാക്ടീരിയ അണുബാധയാണ് കോളറ. ഇത് ശരീരത്തെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന പ്രധാന ധാതുക്കള്‍ (ഇലക്ട്രോലൈറ്റുകള്‍) വേഗത്തില്‍ നഷ്ടപ്പെടുന്നതിനും നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും.

വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാല്‍ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറയ്ക്ക് കാരണമാകുന്നത്.

കോളറ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം. കൂടുതല്‍ തവണ വയറിളകി പോകുന്നതിനാല്‍ വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യത കൂടുതലാണ്. ശുദ്ധജലമോ ടോയ്ലറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് കോളറ മിക്കപ്പോഴും പടരുന്നത്.

വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

1. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

2. നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

3. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക.

4. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്.

5. ഭക്ഷണം കഴിക്കുന്നതിനു മുന്‍പും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

6. ആഹാരസാധനങ്ങള്‍ ഒരിക്കലും തുറന്ന് വയ്ക്കരുത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com