

തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യത്തില്‍ നിന്നു കുതിരകളെ എത്തിക്കാനുള്ള കേരള പൊലീസിന്റെ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടു. രണ്ട് വര്‍ഷത്തെ കടലാസ് ജോലികളും രാഷ്ട്രപതിയുടെ അംഗീകാരം നേടല്‍ അടക്കമുള്ള വെല്ലുവിളികള്‍ക്കെല്ലാം ഒടുവിലാണ് ശ്രമം ഫലവാത്തായത്.
തിരുവനന്തപുരം സിറ്റി പോലീസിന് കീഴിലാണ് കേരള പൊലീസിലെ ഏക കുതിരസേനയുള്ളത്. സൈന്യത്തിന്റെ റീമൗണ്ട് വെറ്ററിനറി കോര്‍പ്‌സില്‍ (ആര്‍വിസി) നിന്ന് മൂന്ന് കുതിരകളെ രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കും. ഇതാദ്യമായാണ് സൈന്യത്തില്‍ നിന്ന് നേരിട്ട് കുതിരകളെ ലഭിക്കുന്നത്. ഓരോ കുതിരയ്ക്കും 6 മുതല്‍ 8 ലക്ഷം രൂപ വരെയാണ് വില.
സൈന്യത്തില്‍ നിന്ന് എട്ട് കുതിരകളെ വാങ്ങാനായി പൊലീസ് തുടക്കത്തില്‍ 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം മൂന്ന് മുതല്‍ നാല് വയസ് വരെ പ്രായമുള്ള മൂന്ന് കുതിരകളെ മാത്രം വില്‍ക്കാനാണ് സൈന്യം ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലുള്ള റീമൗണ്ട് ഡിപ്പോ ആന്‍ഡ് ട്രെയിനിങ് സ്‌കൂളില്‍ പരിശീലനം നേടിയ കുതിരകളെയാണ് പുതിയതായി എത്തിക്കുന്നത്. അവയെ ട്രെയിന്‍ വഴിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്നത്. പരിശീലനം ലഭിച്ച പൊലീസുകാരും ഒപ്പമുണ്ടാകും.
കുതിരകള്‍ക്കു പുതിയ കാലാവസ്ഥയുമായി പൊരുത്തുപ്പെടാന്‍ കുറച്ചു ദിവസങ്ങള്‍ വേണ്ടി വരും. പരിശീലനത്തിനു ശേഷം ഔദ്യോഗികമായി സേനയുടെ ഭാഗമാക്കും. നിലവില്‍ സൈന്യത്തിന്റെ പരിശീലനം ലഭിച്ചവയാണ് എത്തുന്നതെങ്കിലും പെരുമാറ്റമടക്കം നിരീക്ഷിച്ച് പുതിയ ദൗത്യങ്ങള്‍ക്കായി വിനിയോഗിക്കും.
കൊളോണിയല്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് പൊലീസിലെ കുതിരപ്പട. രാത്രി പട്രോളിങ്, പരേഡുകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്കാണ് ഇവയെ പൊലീസ് സേന ഉപയോഗിക്കുന്നത്.
അടുത്ത ഏഴോ, എട്ടോ മാസത്തിനുള്ളില്‍ സൈന്യത്തില്‍ നിന്നുള്ള അടുത്ത ബാച്ച് ത്രോബെഡ് കുതിരകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സൈനിക കുതിരകള്‍ക്ക് ആവശ്യക്കാരേറെയാണ്. പല സംസ്ഥാനങ്ങളും അവയെ സ്വന്തമാക്കാനായി രംഗത്തുണ്ട്. കേരള പൊലീസിലേക്ക് പുതിയതായി ഇനി അഞ്ച് കുതിരകളെ കൂടി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സ്വകാര്യ കുതിരാലയങ്ങളില്‍ നിന്നു കൊണ്ടു വന്ന വിദേശ ഇനങ്ങളായ രണ്ട് ത്രോബെഡ് കുതിരകള്‍ക്കു പുറമെ കത്തിയവാരി, മാര്‍വാരി ഇനങ്ങളും യൂനിറ്റിലുണ്ട്. നിലവില്‍ 11 കുതിരകളാണ് സേനയിലുള്ളത്. 41 ജീവനക്കാരാണ് കുതിരകളെ സംരക്ഷിക്കാന്‍ വേണ്ടത്. അതില്‍ നിരവധി തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
