
കൊച്ചി: കേസരി മുഖ്യപത്രാധിപരുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. ആരോപണം പുതിയതല്ലെന്നും താന്‍ വലിയ വിഘടനവാദിയാണെന്ന് മുമ്പേ ആളുകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതാണെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഘടനവാദം ഉണ്ടാക്കുന്ന പാട്ടുകൾ വല്ലതുമാണോ ചെയ്യുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വേടൻ.
"എന്റെ അഭിപ്രായം പറയുക എന്ന കാര്യം കൂടിയാണല്ലോ. ഞാൻ സർവ ജീവികൾക്കും സമത്വം വിചാരിക്കുന്ന അംബേദ്കര്‍ പൊളിറ്റിക്‌സിലാണ് വിശ്വസിക്കുന്നത്. മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്. പുതിയ കാര്യമല്ല. ഞാന്‍ വലിയ വിഘടനവാദിയാണെന്നാണ് മുമ്പേ ആളുകള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇവർ എന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന് എനിക്കറിയില്ല.
നമ്മള്‍ എടുക്കുന്ന ജോലി എവിടെയോ ആളുകള്‍ക്ക് കിട്ടുന്നുണ്ട് എന്ന നല്ല കാര്യമായി മാത്രമേ ഞാന്‍ എടുക്കുന്നുള്ളൂ".- വേടൻ പറഞ്ഞു. ജാതി ഭീകരത എന്നാണ് ആർഎസ്എസ് നേതാവ് പറയുന്നത് എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ "കോമഡി അല്ലേ" അതെന്നായിരുന്നു വേടന്റെ പ്രതികരണം.
"എനിക്ക് എന്തായാലും അമ്പലങ്ങളിൽ ഷോകൾ കിട്ടും. ഞാൻ എന്തായാലും അമ്പലങ്ങളിൽ പോയി പാടുകയും ചെയ്യും. ഈ വിവാദങ്ങളൊക്കെ എന്റെ കുറേ പേഴ്സണൽ പരിപാടികളെയൊക്കെ ബാധിച്ചിട്ടുണ്ട്. എന്താ ചെയ്യുക. നമ്മൾ എടുക്കുന്ന പണിയുടെ ഭാഗമായി പോയില്ലേ. കുറേ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും അങ്ങനെ പുറത്ത് പറയാൻ പറ്റുന്ന കാര്യമല്ല. നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല.
നമ്മൾ ഇത് അതിജീവിച്ച് കടന്നു പോവുക എന്നത് മാത്രമേ ഇപ്പോൾ ചെയ്യാൻ കഴിയൂ. ആളുകൾക്ക് നമ്മളോട് ഒരു പേടിയൊക്കെ വന്നിട്ടുണ്ട്. എന്താ ചെയ്യുക. ഇതും ഒരു സമയം ആണല്ലോ. ഈ സമയം കടന്ന് പോവുക അത്രയേ ഉള്ളൂ. വേറെ ടെൻഷൻ ഒന്നുമില്ല".- വേടൻ പറഞ്ഞു.
കൊല്ലം കുണ്ടറയ്ക്കടുത്തുള്ള ക്ഷേത്ര പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഡോ എന്‍ആര്‍ മധുവിന്റെ വിവാദപ്രസംഗം. വേടന്റെ പാട്ടുകള്‍ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്നായിരുന്നു വിമര്‍ശനം. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു പറഞ്ഞു. വളര്‍ന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. കലാഭാസങ്ങള്‍ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നത് തടയണമെന്നും മധു പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ