മുസ്ലിം ലീ​ഗി​ന്റെ വനിതാ മുഖമായ ജയന്തി രാജൻ ആരാണ്?, ലീ​ഗ് ദേശീയ അസിസ്റ്റ​ന്റ് സെക്രട്ടറിയായ മലയാളി വനിതയെ അറിയാം

ദേശീയ സമിതി ഭാരവാഹികളിൽ രണ്ട് സ്ത്രീകൾ ഒരാൾ തമിഴ് നാട്ടിൽ നിന്നുള്ള ഫാത്തിമ മുസഫർ, നിലവിൽ വനിതാ ലീ​ഗ് ദേശീയ പ്രസിഡ​ന്റാണ് ഫാത്തിമ മുസഫർ. രണ്ടാമത്തെയാൾ, വയനാട് നിന്നുള്ള ജയന്തി രാജൻ എന്ന മലയാളി. രണ്ടുപേരും മുസ്ലിം ലീ​ഗ് ദേശീയ അസിസ്റ്റ​ന്റ് സെക്രട്ടറിമാ‍ർ എന്ന പദവിയിലാണുള്ളത്.
Jayanthi Rajan, IUML, National assistant secretary,
Jayanthi Rajan, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജയന്തി രാജൻ
Updated on

തെല്ലാം മറന്നേക്കൂ, നമ്മളും മോഡേണായി എന്ന് ലോകമറിയട്ടേ എന്ന നിലപാടിലേക്ക് ഇന്ത്യയിലെ മുസ്ലീം ലീ​ഗുമെത്തി. ലോകം മുന്നോട്ട് പോകുമ്പോഴും സ്ത്രീകൾ എല്ലാരം​ഗത്തും മുൻനിരയിലെത്തിയിട്ടും ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാ‍ർട്ടികളിൽ ഉയർന്നു വന്നതുപോലൊരു സ്ത്രീ പ്രാതിനിധ്യം മുസ്ലിം ലീ​ഗിലുണ്ടായിരുന്നില്ല. പലപ്പോഴും മുസ്ലിം ലീ​ഗും യൂത്ത് ലീ​ഗും വിദ്യാ‍‍ർത്ഥി സംഘടനയായ എം എസ് എഫുമൊക്കെ ഈ വിഷയത്തിൽ വിവിധ കോണുകളിൽ നിന്നുള്ള വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. ആ വിമർശനങ്ങൾക്കൊക്കെ മറുപടിയുമായാണ് ഇത്തവണ ലീ​ഗി​ന്റെ പുതിയ ദേശീയ സമിതി ഭാരവാ​ഹി പട്ടിക പുറത്തു വന്നത്.

ദേശീയ സമിതി ഭാരവാഹികളിൽ രണ്ട് സ്ത്രീകൾ. ഒരാൾ തമിഴ് നാട്ടിൽ നിന്നുള്ള ഫാത്തിമ മുസഫർ, നിലവിൽ വനിതാ ലീ​ഗ് ദേശീയ പ്രസിഡ​ന്റാണ് ഫാത്തിമ മുസഫർ. രണ്ടാമത്തെയാൾ, വയനാട്ടില്‍ നിന്നുള്ള ജയന്തി രാജൻ (Jayanthi Rajan) എന്ന മലയാളി. രണ്ടുപേരും മുസ്ലിം ലീ​ഗ് ദേശീയ അസിസ്റ്റ​ന്റ് സെക്രട്ടറിമാ‍ർ എന്ന പദവിയിലാണുള്ളത്. മുസ്ലിം ലീ​ഗ് എന്ന പേരിൽ പ്രവർത്തിക്കുന്ന പാർട്ടിയിൽ പലപ്പോഴും ഹിന്ദുവിശ്വാസികളായവർ പ്രവർത്തിക്കാറുണ്ട്. യു സി രാമൻ ലീ​ഗി​ന്റെ എം എൽ എയായി പല തവണ നിയമസഭയിലെത്തിയിട്ടുണ്ട്. എന്നാൽ മുസ്ലിം മതത്തിൽ നിന്നും ഹിന്ദുമതത്തിൽ നിന്നും സ്ത്രീകൾ ലീ​ഗി​ന്റെ ദേശീയ പദവിയിലേക്ക് എത്തുന്നത് ഇതാദ്യമായാണ്. സ്ത്രീ പ്രാതിനിധ്യം എന്നതിൽ മാത്രമല്ല, സ്ത്രീകൾക്ക് ഔദ്യോ​ഗിക പദവി ദേശീയ തലത്തിൽ നൽകുകയും ചെയ്തുകൊണ്ടാണ് ലീ​ഗി​ന്റെ ഇത്തവണത്തെ ദേശീയ സമിതി ചരിത്രത്തിലിടം പിടിക്കുന്നത്.

ആരാണ് ജയന്തി രാജൻ

വയനാട് ജില്ലയിലെ ഇരുളം പഞ്ചായത്ത് അം​ഗമായി 2010ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ജയന്തിരാജൻ എന്ന പേര് ഉയർന്നു വരുന്നത്. വയനാട് ജില്ലയിൽ 2008 മുതൽ മുസ്ലീം ലീ​ഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയന്തി രാജൻ സ്ഥാനാ‍ർത്ഥിയാകാൻ വേണ്ടി ലീ​ഗിലെത്തിയതോ, സ്ഥാനാ‍ർത്ഥിയെ തേടി ലീ​ഗ് ജയന്തിയെ പാർട്ടിയിലെടുത്തതോ അല്ല. സാമൂഹിക സേവന പ്രവ‍ർത്തകയായിരുന്ന ജയന്തി രാജൻ, സുൽത്താൻ ബത്തേരിയിൽ മലങ്കര ഓർത്തോഡക്സ് സഭ നടത്തിയിരുന്ന ശ്രേയസ് എന്ന എൻ ജി ഒ യുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് പൊതുരം​ഗത്തേക്ക് വരുന്നത്. 2004 മുതൽ 2010 വരെ ശ്രേയസുമായി ബന്ധപ്പെട്ടുള്ള മൈക്രോഫിനാൻസ് രം​ഗത്തെ പ്രവർത്തനങ്ങളിലായിരുന്നു സജീവം. കുടുംബപരമായി കോൺ​ഗ്രസ് പശ്ചാത്തലത്തില്‍ നിന്നാണ് 46 കാരിയായ ജയന്തിരാജൻ മുസ്ലീം ലീ​​ഗി​ന്റെ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്.

"ശ്രേയസ്സുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടേറെ മനുഷ്യരുടെ വിഷമം അടുത്തുനിന്നു കാണാൻ സാധിച്ചു. അതിനുള്ള പരിഹാരം കാണാൻ പലവഴികൾ അന്വേഷിച്ചു. നാട്ടിൽ ലീ​ഗ് പ്രവർത്തകർ സജീമായിരുന്നു. നാട്ടിലുള്ള പള്ളിക്കമ്മിറ്റിക്കാരും ലീ​ഗ് പ്രവർത്തകരുമൊക്കെ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പലവിധത്തിൽ സഹായിച്ചു. അങ്ങനെ അവരുടെ പ്രവർത്തനങ്ങളിൽ ഞാനും എ​ന്റെ പ്രവർത്തനങ്ങളിൽ അവരും പരസ്പരം സഹായിച്ചു. അങ്ങനെയാണ് ലീ​ഗുമായി സംഘടനാപരമായ അടുപ്പമുണ്ടാകുന്നത്" ജയന്തി രാജൻ സമകാലിക മലയാളത്തോട് പറഞ്ഞു.

"കൂടുതൽ സജീവമായി ലീ​ഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് 2008 മുതലാണ്. ഏതാണ്ട് ഒരു സജീവ പ്രവർത്തക തന്നെയായിരുന്നു. അങ്ങനെ നാട്ടിൽ ശ്രേയസ് പ്രവർത്തനവും ലീ​ഗ് പ്രവർത്തനവുമായി മുന്നോട്ട് പോകുമ്പോഴാണ് 2010 ലെ തദ്ദേശ തിരഞ്ഞെടുപ്പ് വന്നത്. പൂതാടി പഞ്ചായത്തിൽ എ​ന്റെ തറവാട് വീട് ഇരിക്കുന്ന ഇരുളം വാർഡ് വനിതാ സംവരണമായിരുന്നു. സി പി എമ്മിന് ഏറെ സ്വാധീനമുളള ഇടം. ആ വാർഡിൽ നിന്ന് മത്സരിക്കാൻ ലീ​ഗ് നേതാക്കൾ എന്നോട് ആവശ്യപ്പെട്ടു. ഞാൻ മത്സരിച്ചു ജയിച്ച് പഞ്ചായത്തം​ഗമായി. പിന്നീട് പനമരം ബ്ലോക്ക് പഞ്ചായത്തിൽ അഞ്ചുകുന്ന് ഡിവിഷനിൽ നിന്ന് മത്സരിച്ച് ജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ‍ർപേഴ്സണായി. "

"ലീ​ഗി​ന്റെ വിവിധ പരിപാടികളിൽ പങ്കെടുത്ത് കേരളത്തിനകത്തും തമിഴ് നാട്ടിലും കർണ്ണാടകയിലുമൊക്കെ പോയി പ്രസം​ഗിച്ചിട്ടുണ്ട്. പാർട്ടിയുടെ പേരിലല്ലാതെ ലീ​ഗ് നടത്തുന്ന പരിപാടിയിലൊന്നും മതമോ പണമോ ഒന്നും തടസ്സമാകാറില്ല. എല്ലാവരെയും സഹായിക്കുക എന്നതാണ് ലീ​ഗ് എപ്പോഴും ചെയ്യുന്നത്. ലീ​ഗ് ബൈത്തുൽറഹ്മ എന്ന വീട് വച്ചുനൽകുന്ന പരിപാടിയാണെങ്കിലും പാലിയേറ്റീവ് കെയറാണെങ്കിലും നിങ്ങൾക്ക് പരിശോ​ധിക്കാവുന്നതാണ്. അപ്പോൾ മനസ്സിലാകും ലീ​ഗ് സ്വീകരിക്കുന്ന മതനിരപേക്ഷ സമീപനം. ഹിന്ദുമത വിശ്വാസിയായ ഞാൻ ഒ ഇ സി വിഭാ​ഗത്തിൽ നിന്നാണ് വരുന്നത്. എന്നോട് ഒരിക്കൽ പോലും ഒരുതരത്തിലുള്ള വിവേചനവും ലീ​ഗ് എന്ന പാർട്ടി കാണിച്ചിട്ടില്ല". ജയന്തി പറഞ്ഞു.

Fatima Muzaffar, Jayanthi Rajan
ഫാത്തിമ മുസഫര്‍, ജയന്തി രാജന്‍

ലീ​ഗി​ന്റെ ദേശീയ അസിസ്റ്റ​ന്റ് സെക്രട്ടറി പദവിയിലെത്തുന്നതിന് മുമ്പ്, വനിതാ ലീ​ഗ് ദേശീയ സെക്രട്ടറി പദവി വഹിക്കുകയായിരുന്നു. അതിന് മുമ്പ് ദലിത് ലീ​ഗ് ജില്ലാ, സംസ്ഥാന നേതൃ പദവികളും വഹിച്ചിട്ടുണ്ട്. ജയന്തിയുടെ കുടുംബപാരമ്പര്യത്തിലും രാഷ്ട്രീയമുണ്ട്. അത് കോൺ​ഗ്രസ് രാഷ്ട്രീയമാണ് എന്നേയുള്ളൂ. ചീയ്യത്ത് രാഘവൻ മേസ്തരിയുടെയും തങ്കമയുടെ മകളാണ് ജയന്തി രാജൻ. അച്ഛൻ 1970കളിൽ തോട്ടം മേഖലയിൽ തൊഴിലാളികളെ സംഘടിപ്പിക്കാൻ പ്രവർത്തിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഭർത്താവ് രാജൻ കൃഷി , ബിസിനസ് എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നു അദ്ദേഹത്തി​ന്റെ അച്ഛൻ വയനാട്ടിലെ അറിയപ്പെടുന്ന കോൺ​ഗ്രസ് നേതാവായിരുന്നു. ബത്തേരിയിലെ കോൺ​ഗ്രസ് ബ്ലോക്ക് പ്രസിഡ​ന്റായിരുന്നു അദ്ദേഹം. രണ്ട് മക്കളുണ്ട് മകൻ രാജീവ് എൻജിനിയറാണ്. മകൾ രജ്ഞുഷ ബി ഡി എസ് വിദ്യാർത്ഥിനിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com