

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ മുന്നൊരുക്കം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മെയ് 20നകം ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. ജില്ലാ, താലൂക്ക് തലങ്ങളില്‍ തയ്യാറാക്കിയട്ടുള്ള ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കാനും യോഗം നിര്‍ദേശിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിക്കുന്ന ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ എല്ലാ വകുപ്പുകളും സ്വീകരിച്ചുവെന്ന് ഉറപ്പാക്കി ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വില്ലേജ് തലത്തിലും പുതുക്കണം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ആദ്യ ആഴ്ചയില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയൊ ജില്ലാകളക്ടറുടെയൊ നേതൃത്വത്തില്‍ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്താനും തീരുമാനമായി.
വേനല്‍ മഴ ശക്തമാകുന്നതിന് മുന്‍പ് ഓടകള്‍, കൈത്തോടുകള്‍, കള്‍വര്‍ട്ടുകള്‍, ചെറിയ കനാലുകള്‍ എന്നിവയിലെ തടസ്സങ്ങള്‍ നീക്കണം. മാലിന്യ നിര്‍മാര്‍ജനം വേഗത്തില്‍ നടത്തുകയും മഴയ്ക്ക് മുന്‍പായി പൊതു ഇടങ്ങളില്‍ മാലിന്യം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. കൊതുക് നിര്‍മ്മാര്‍ജ്ജനം വ്യാപകമായി നടത്തണം. ഓടകള്‍, നീര്‍ച്ചാലുകള്‍, പൊതുജലാശയങ്ങള്‍ മുതലായ എല്ലാ ജല നിര്‍ഗമന പാതകളും വൃത്തിയാക്കണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി മഴക്കാല പൂര്‍വ്വ ശുചീകരണം ആരംഭിക്കണമെന്നും യോഗം നിര്‍ദേശിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍, ഹോര്‍ഡിങ്ങുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനം മഴയ്ക്കു മുന്നോടിയായി പൂര്‍ത്തീകരിക്കണം.
ദേശീയ പാത നിര്‍മ്മാണവുമായ ബന്ധപ്പെട്ട് രൂപം കൊള്ളാനിടയുള്ള വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ചേര്‍ന്ന് സംയുക്ത പരിഹാര പദ്ധതി തയ്യാറാക്കണം. എല്ലാ പൊഴികളും ആവശ്യമായ അളവില്‍ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കണം. ഇത് മെയ് 25ന് മുന്‍പായി പൂര്‍ത്തീകരിക്കണം. പ്രധാന റെഗുലേറ്ററുകള്‍, സ്പില്‍ വേകള്‍ എന്നിവയുടെ മുന്‍പിലും, പുറകിലുമുള്ള തടസ്സങ്ങള്‍ നീക്കണം. എല്ലാ ഷട്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അണക്കെട്ടുകളിലെ ജലം കേന്ദ്ര ജലകമ്മിഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ്വിന് മുകളില്‍ എത്തുന്നില്ലെന്ന് റൂള്‍ കര്‍വ് നിരീക്ഷണ സമിതി ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു. .
നഗര മേഖകളില്‍ ഡ്രൈനേജ് സംവിധാനങ്ങള്‍ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. ഇത് മോണിറ്റര്‍ ചെയ്യാന്‍ എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനം രൂപീകരിക്കണം. ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ, ഓപ്പറേഷന്‍ അനന്ത തുടങ്ങിയവക്ക് തുടര്‍ച്ചയുണ്ടാണം. അവയുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അടിയന്തിര മുന്‍കരുതലുകള്‍ എടുക്കണം. കോഴിക്കോട് കനോലി കനാലിലെ ഒഴുക്ക് സുഗമമാക്കി ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കണം. അടിയന്തിര പ്രതികരണ സേന പുനരുജ്ജീവിപ്പിച്ച് ദുരന്ത സാധ്യതാ മുന്നറിയിപ്പ്, രക്ഷാപ്രവര്‍ത്തനം, പ്രഥമ ശുശ്രൂഷ, ക്യാമ്പ് മാനേജ്മെന്റ് എന്നിവയില്‍ പരിശീലനം ഉറപ്പാക്കാനും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, എം ബി രാജേഷ്, പി പ്രസാദ്, വി. ശിവന്‍കുട്ടി, ആര്‍ ബിന്ദു, വിണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates