
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശശി തരൂരിന് അദ്ദേഹത്തിന്റേതായ വ്യക്തിപരമായ അഭിപ്രായം ഉണ്ടാകാം. എന്നാല്‍ അത് പാര്‍ട്ടി ലൈനില്‍ നിന്നുകൊണ്ടായിരിക്കണം. പാര്‍ട്ടിക്ക് വിരുദ്ധവും വ്യത്യസ്തവുമായ നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.
'ശശി തരൂര്‍ ഉന്നത സ്ഥാനത്തിരിക്കുന്നയാളാണ്. ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന വ്യക്തിയാണ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. പ്രസിഡന്റിനെതിരെ മത്സരിച്ച ആളാണ്. അദ്ദേഹം അദ്ദേഹത്തിന്റേതായ അഭിപ്രായം പറയാറുണ്ട്. പക്ഷേ കോണ്‍ഗ്രസിന് അനുയോജ്യമായ അഭിപ്രായങ്ങള്‍ വരണം. അത്രേയുള്ളൂ. ഞാന്‍ എംപിയാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ചെയ്യുന്നത് തെറ്റാണ് എന്ന് ഞാന്‍ പറയില്ല. ശശി തരൂര്‍ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അവിടെ വര്‍ക്കിങ് കമ്മിറ്റിയുണ്ട്. അവര്‍ തീരുമാനിക്കട്ടെ. എല്ലാവര്‍ക്കും അവരുടേതായ കഴിവുകള്‍ ഉണ്ട്. ശശി തരൂരിന് ഉള്ള കഴിവുകള്‍ ചിലപ്പോള്‍ അടൂര്‍ പ്രകാശിന് കാണില്ല. സുധാകരന് ഉണ്ടാവില്ല. ഓരോരുത്തര്‍ക്കും ഓരോ മേഖലയില്‍ കഴിവുകളുണ്ട്. സാധാരണ നിലയില്‍ കേരളത്തില്‍ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകന്റെ വികാരം കൂടി ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്.'- അടൂര്‍ പ്രകാശ് പറഞ്ഞു.
'കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര് എന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനിക്കേണ്ട കാര്യമല്ല. മത്സരിച്ച് ജയിച്ചിട്ട് ഞങ്ങള്‍ക്ക് ഭൂരിപക്ഷം വരട്ടെ. ഭൂരിപക്ഷം വരുമ്പോള്‍ തീരുമാനിക്കും ആര് വേണമെന്ന്. തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന്റെ നേതാവ് ആര് എന്ന് തീരുമാനിക്കും. ഞാന്‍ ഇന്നും ഇന്നലെയും പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയതല്ല. എംഎല്‍എ ആകുന്നതിന് മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയതാണ്. 70കളിലാണ് ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത്. കെഎസ് യു പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേയ്ക്ക് വരുന്നത്. അന്നുമുതല്‍ ഈ പ്രസ്ഥാനത്തെ ഞാന്‍ തള്ളിപ്പറഞ്ഞിട്ടില്ല. ആരൊക്കെ പോയിട്ടുണ്ടെങ്കിലും ഞാന്‍ പോയിട്ടില്ല. ചരിത്രം നോക്കിയാല്‍ അറിയാം. കെഎസ് യു യൂണിറ്റ് സെക്രട്ടറിയായി തുടങ്ങിയതാണ്. അതിന് മുന്‍പ് തന്നെ ഞങ്ങളുടെ കുടുംബത്തിന് ബാര്‍ ഉണ്ട്. അച്ഛന്‍ തുടങ്ങി വെച്ച ബാര്‍ വിറ്റുതുലയ്ക്കാതെ, എന്റെ കാലത്തും ഞാന്‍ നടത്തിക്കൊണ്ടു പോരുന്നു. ബാര്‍ ഉള്ളതുകൊണ്ട് മദ്യപിച്ച് ഞാന്‍ റോഡില്‍ ഒന്നും കിടന്നിട്ടില്ല. ആ ചരിത്രമുള്ള ആളുകള്‍ ഉണ്ട്. ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.' - ബാര്‍ മുതലാളിയാണ് എന്നതാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കാതിരുന്നതിന് കാരണം എന്ന ഒരു വിഭാഗത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ