
പാലക്കാട്: പട്ടികജാതി - പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തില്‍ പങ്കെടുത്ത് റാപ്പർ വേടൻ (ഹിരൺദാസ് മുരളി). രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തിലാണ് വേടനും പങ്കെടുത്തത്. സംസ്ഥാന സർക്കാർ നിരവധി സഹായങ്ങൾ പിന്നാക്ക വിഭാഗങ്ങൾക്ക് ചെയ്തിട്ടുണ്ടെന്ന് സംഗമത്തിൽ പങ്കെടുത്ത് കൊണ്ട് വേടൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വേടൻ പാലക്കാട് എത്തിയത്. സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് വേടൻ പറഞ്ഞു.
പരിപാടിക്കെത്തിയ വേടന് മുഖ്യമന്ത്രി പിണറായി വിജയൻ ഹസ്തദാനം നൽകി. സംഘപരിവാർ ശക്തികളുടെ ആക്രമണത്തിന് വേടനെ വിട്ടുകൊടുക്കില്ലെന്ന സന്ദേശം കൂടിയായിരുന്നു അത്. വേടനും നഞ്ചിയമ്മയും ഉൾപ്പെടെ 1200 പേരാണ് സംഗമത്തിൽ പങ്കെടുത്തത്.
അതേസമയം ആര്‍എസ്എസ് നേതാവിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ തൃശൂരിലെ വിഷ്ണുമായ ക്ഷേത്രത്തില്‍ വേടന്‍ ദര്‍ശനം നടത്തി. അമ്പലങ്ങളില്‍ ഇനിയും അവസരം ലഭിക്കുമെന്നും താന്‍ പോയി പാടുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് ക്ഷേത്ര ദര്‍ശനം നടത്തിയ വിഡിയോ വേടന്‍ പങ്കുവച്ചത്.
അതിനിടെ, സര്‍വ ജീവികള്‍ക്കും സമത്വം കല്‍പിക്കുന്ന അംബേദ്കര്‍ പൊളിറ്റിക്‌സിലാണ് ഞാന്‍ വിശ്വസിക്കുന്നത് എന്ന് വേടന്‍ പ്രതികരിച്ചിരുന്നു. ആര്‍എസ്എസ് നേതാവും കേസരിയുടെ മുഖ്യ പത്രാധിപരുമായ എന്‍ ആര്‍ മധുവിന്റെ മതവിദ്വേഷ പരാമര്‍ശത്തിനുള്ള മറുപടിയായിട്ടായിരുന്നു കൊച്ചിയില്‍ നടത്തിയ പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ