
കൊച്ചി: തിരുവാങ്കുളത്ത് മകളെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ സന്ധ്യയുടെ ബന്ധുക്കളെ നാളെ മുതല്‍ ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ് പി എം ഹേമലത പറഞ്ഞു. അമ്മയുടെ മാനസിക നില മാനസിക രോഗവിദഗ്ധന്‍മാരുടെ നിര്‍ദേശമനുസരിച്ച് പരിശോധിക്കും. കൊലപാതകത്തിന്റെ കാരണം കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും എസ് പി പറഞ്ഞു.
തിരുവാങ്കുളത്തെ വീട്ടില്‍ കല്യാണിയുടെ ചേതനയറ്റ കുഞ്ഞുശരീരമെത്തിയപ്പോള്‍ നൂറ് കണക്കിന് ആളുകളാണ് അവസാനമായി അവളെ കാണാനെത്തിയത്. പൊതുദര്‍ശനത്തിലെത്തിയവര്‍ കരച്ചിലക്കാന്‍ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്.
ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ നിന്ന് കുഞ്ഞിനെ താന്‍ പുഴയിലേക്ക് എറിഞ്ഞതാണെന്ന് അമ്മ സന്ധ്യ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം അമ്മ സന്ധ്യയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ആദ്യം പരസ്പര വിരുദ്ധമായി സംസാരിച്ച സന്ധ്യ ഒടുവില്‍ രാത്രി എട്ടു മണിയോടെയാണ് കുഞ്ഞിനെ മൂഴിക്കുളം പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് സമ്മതിച്ചത്. സംഭവ സ്ഥലത്ത് സന്ധ്യയുമായെത്തിയ പൊലീസ് കുഞ്ഞിനെ വലിച്ചെറിഞ്ഞ സ്ഥലമേതെന്ന് മനസിലാക്കി. പിന്നെ കനത്ത മഴയെ പോലും അവഗണിച്ച് പുലര്‍ച്ചെ രണ്ടര വരെ നീണ്ട തെരച്ചില്‍. അതിനൊടുവില്‍ നാടിനെയാകെ നൊമ്പരപ്പെടുത്തി ചാലക്കുടി പുഴയുടെ ആഴങ്ങളില്‍ നിന്ന് ആ പിഞ്ചു കുഞ്ഞിന്റെ മൃതശരീരം കണ്ടെടുക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ