

കോഴിക്കോട്: താമരശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഫലം പുറത്തുവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇവർക്ക് പ്ലസ് വൺ ഓൺലൈനായി അപേക്ഷിക്കാൻ ഇന്ന് കൂടി സമയം അനുവദിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നമായിരുന്നു സംഘര്‍ഷത്തല്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ നഞ്ചക്ക് കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മരിച്ചത്.
കേസുമായി ബന്ധപ്പെട്ട് ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ ഇവിടെ വച്ചായിരുന്നു പരീക്ഷ എഴുതിയത്. കുട്ടികളെ പരീക്ഷയെഴുത്തിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാല്‍, എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചപ്പോള്‍ കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാ ഫലം സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്നു. താമരശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 6 വിദ്യാർഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലമാണ് താത്കാലികമായി തടഞ്ഞു വച്ചിരുന്നത്.
എന്നാല്‍, കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. കുറ്റകൃത്യം നടന്നാല്‍ കോടതിയിലാണ് നടപടികള്‍ പൂര്‍ത്തിയാകേണ്ടത്. അല്ലാതെ പരീക്ഷാഫലം തടഞ്ഞുവെക്കുന്നതിന്റെ യുക്തി എന്താണ് എന്നായിരുന്നു കോടതിയുടെ ചോദ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
