മരിക്കുന്നതിന് തലേന്നും പീഡനത്തിന് ഇരയായി; ഉപദ്രവം ഒന്നര വര്‍ഷത്തോളം, കുട്ടി നേരിട്ടത് വലിയ ക്രൂരതയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവും രക്തസ്രാവവും ഉണ്ടായതായി പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി
child suffered brutal abuse
കുട്ടി നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്പ്രതീകാത്മകചിത്രം
Updated on

കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുന്നതിന്റെ തൊട്ടുമുന്‍പത്തെ ദിവസവും കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. നടുക്കുന്ന വിവരങ്ങളാണ് വെളിപ്പെടുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നു.

കുട്ടി നിരന്തരം ശാരീരിക പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പ്രകൃതി വിരുദ്ധ പീഡനത്തിന് വരെ കുട്ടിയെ ഉപയോഗിച്ചുവെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തില്‍ നിരവധി പരിക്കുകളും മുറിവുകളുമുണ്ട്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവും രക്തസ്രാവവും ഉണ്ടായതായി പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഒന്നര വര്‍ഷത്തോളം കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി തവണ കുട്ടി ശാരീരികമായ പീഡനത്തിന് ഇരയായിരുന്നു. കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവാണ് പീഡിപ്പിച്ചത്. വീടിനുള്ളില്‍ വെച്ചായിരുന്നു കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍, കുട്ടി പീഡനത്തിന് ഇരയായ വിവരം റൂറല്‍ എസ്പിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയെ റൂറല്‍ എസ്പി ഹേമലത നേരിട്ട് ചോദ്യം ചെയ്തതിലൂടെയാണ് അച്ഛന്റെ അടുത്ത ബന്ധുക്കളിലേക്ക് സംശയം നീണ്ടത്.

ഈ അടുത്ത ബന്ധുക്കളോടാണ് കുട്ടിക്ക് ഏറ്റവും അടുപ്പമെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുക്കളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍, ബന്ധമില്ലെന്ന് കണ്ട് രണ്ടുപേരെ വിട്ടയച്ചു. മറ്റുള്ളവര്‍ നല്‍കിയ മൊഴിയുടേയും മറ്റും അടിസ്ഥാനത്തില്‍ പ്രതിയെ വീണ്ടും ചോദ്യം ചെയ്തു. എന്നാല്‍ തനിക്കൊന്നും അറിയില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി, ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാര്‍ നടത്തിയ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിക്കുന്നത്.

അബദ്ധം പറ്റിപ്പോയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന. മരിച്ച കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ അലമുറയിട്ടു കരഞ്ഞത് പ്രതിയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിപ്പോയെന്ന്, കുട്ടി പടിച്ചിരുന്ന അങ്കണവാടിയിലെ അധ്യാപിക പറഞ്ഞു. കേസില്‍ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണത്തിന് പുത്തന്‍കുരിശ്, ആലുവ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ എറണാകുളം റൂറല്‍ എസ്പി എം ഹേമലത നിയോഗിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com