

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹിമിന്റെ ( Abdul Rahim ) മോചനം വൈകും. അബ്ദുൾ റഹീമിന് 20 വർഷം തടവുശിക്ഷ റിയാദ് ക്രിമിനൽ കോടതി വിധിച്ചു. പൊതു അവകാശ (പബ്ലിക് റൈറ്റ്സ്) പ്രകാരമാണ് 20 വർഷം തടവുശിക്ഷ വിധിച്ചത്.
കേസിൽ ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതിയാകും. അതുപ്രകാരം 2026 ഡിസംബറിൽ 20 വർഷം തികയും. ഇതിനു ശേഷം റഹീമിന് മോചനമുണ്ടാകും. സൗദി സമയം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30ന് നടന്ന കോടതി സിറ്റിങ്ങിലാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ 19 വർഷമായി റിയാദിലെ ഇസ്കാൻ ജയിലിൽ തടവിലാണ് റഹീം.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ അബ്ദുൾ റഹിമിന് വധശിക്ഷയാണ് കോടതി നേരത്തെ വിധിച്ചിരുന്നത്. എന്നാൽ 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെയാണ് ഒമ്പത് മാസം മുമ്പ് വധശിക്ഷയിൽ നിന്നും ഒഴിവായത്. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരം തീർപ്പാവാതിരുന്നതോടെ ജയിൽ മോചനത്തിൽ തീരുമാനം നീളുകയായിരുന്നു.
ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 13 സിറ്റിങ്ങാണ് നടന്നത്. ഇന്നത്തെ സിറ്റിങ്ങിൽ ഓൺലൈനായി ജയിലിൽ നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീം കുടംബത്തിെന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ൽ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates