

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ (Nilambur by-election ) അര്യാടന്‍ ഷൗക്കത്ത് (Aryadan Shoukath) യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇന്ന് ചേര്‍ന്ന കെപിസിസി നേതൃ യോഗമാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. കെപിസിസി തീരുമാനം എഐസിസിയെ അറിയിക്കും. അതിനുശേഷം സ്ഥാനാര്‍ഥിയെ ഇന്നുതന്നെ എഐസിസി പ്രഖ്യാപിക്കും. ചര്‍ച്ചയില്‍ ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയിയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും ഷൗക്കത്തിനു തന്നെയായിരുന്നു മുന്‍ഗണന. സംസ്ഥാന നേതാക്കൾ വിഎസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകിയെന്നാണ് സൂചന.
വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പിവി അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി ആ നിര്‍ദേശം തള്ളുകയായിരുന്നു. അന്‍വറിന്റെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്ന് നേതൃത്വം തീരുമാനം കൈക്കൊണ്ടതോടെ സ്ഥാനാര്‍ഥിയായി അര്യാടന്‍ ഷൗക്കത്ത് എന്ന ഒറ്റപ്പേര് മാത്രമാണ് ഉയര്‍ന്നുവന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിക്കട്ടെ, അപ്പോള്‍ തീരുമാനം പറയാമെന്ന് പിവി അന്‍വര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുഡിഎഫും പി വി അന്‍വറും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് നേതാക്കള്‍ പറഞ്ഞത്. താന്‍ യുഡിഎഫിന് പുറത്താണ് എന്നല്ലേ ഇതിനര്‍ത്ഥം. പ്രതീക്ഷകള്‍ ഒന്നും വെച്ചു പുലര്‍ത്തുന്നില്ല. അതിന്റെ ആവശ്യമില്ല. എന്താണ് സംഭവിക്കുന്നത് എന്ന് നോക്കി മുന്നോട്ടു പോയാല്‍ മതിയല്ലോ. സ്ഥാനാര്‍ഥിയെ യുഡിഎഫ് തീരുമാനിക്കട്ടെയെന്നുമായിരുന്നു പിവി അന്‍വര്‍ പറഞ്ഞത്.
നിലമ്പൂരില്‍ ജയിക്കുന്ന സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തേണ്ടത്. എല്ലാ വിഭാഗത്തിന്റേയും പിന്തുണ ലഭിക്കുന്ന നേതാവിനെ നിര്‍ത്തണം. ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയാണ് മണ്ഡലത്തിന് നല്ലത്. യുഡിഎഫിനെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. പിണറായിയുടെ മുമ്പില്‍ ഒരു പരാജയത്തിന് തലവെച്ചു കൊടുക്കാന്‍ തനിക്ക് ആലോചിക്കാനാകില്ല. ആ നിലയ്ക്ക് ഇക്കാര്യത്തില്‍ ആലോചന നടക്കണം. തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള വലിയ നേതാക്കളാണ് യുഡിഎഫിനുള്ളത്. ആലോചിച്ചുള്ള വളരെ നല്ല തീരുമാനം യുഡിഎഫില്‍ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിവി അന്‍വര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു ഷറഫലിയുടെ പേരിനാണ് മുന്‍ഗണന. നാളെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.ഫറഫലിക്ക് പുറമേ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സിപിഎമ്മും എല്‍ഡിഎഫും സ്ഥാനാര്‍ഥി സംബന്ധിച്ച് വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ തുടരുകയാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ സ്ഥിതിഗതികളും ഇടതുമുന്നണി നിരീക്ഷിക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചശേഷം അക്കാര്യം കൂടി പരിഗണിച്ചാകും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. പാലക്കാട് മാതൃകയില്‍ യുഡിഎഫില്‍ നിന്നും ആരെയെങ്കിലും ലഭിച്ചാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ ഔദ്യോഗികമായി തന്നോടാരും സംസാരിച്ചിട്ടില്ലെന്ന് യു ഷറഫലി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. തന്നോടാരും പറഞ്ഞിട്ടില്ല. പാര്‍ട്ടി അത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചാല്‍ അപ്പോള്‍ തീരുമാനം അറിയിക്കുമെന്നും ഷറഫലി പറഞ്ഞു.
ഇടതുമുന്നണി അംഗമായിരുന്ന പിവി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates