

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴ (kerala rain) യില്‍ വ്യാപകനാശനഷ്ടം. കോഴിക്കോട് നല്ലളത്ത് റെയില്‍വേ ട്രാക്കിലേക്ക് മൂന്ന് മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. ജാംനഗര്‍ എക്‌സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുന്‍പാണ് അപകടം ഉണ്ടായത്. മരങ്ങള്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ നഷ്ടമായി.
പ്രദേശത്ത് ചുഴലിക്കാറ്റ് അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ചില വീടുകളുടെ മേല്‍ക്കൂരയിലുള്ള ഷീറ്റുകള്‍ തകര്‍ന്ന് റെയില്‍വേ ട്രാക്കില്‍ വീണു. മരം മുറിച്ചുമാറ്റാനുള്ള ശ്രമം തുടരുകയാണ്. റെയില്‍വേയുടെ സ്ഥലത്തുള്ള മരങ്ങള്‍ തന്നെയാണ് കടപുഴകി വീണത്. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ എടക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ആലുവ അമ്പാട്ടുകാവിലും റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ അങ്കമാലിയിലും തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകളും എറണാകുളത്തും പിടിച്ചിട്ടിരിക്കുകയാണ്. മരം മുറിച്ചുമാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു. ശക്തമായ കാറ്റില്‍ ആല്‍ കടപുഴകി വീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേതുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിയതോടെയാണ് ഗതാഗതം തടസപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് രാത്രി 7.25ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് വൈകി 9.05-ന് ആയിരിക്കും ചൊവ്വാഴ്ച പുറപ്പെടുക. എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 6.50-ന് പൂനയിലേക്ക് പുറപ്പെടുന്ന പൂർണ വീക്കിലി എക്സ്പ്രസ് വൈകി 9.15-നാണ് യാത്ര ആരംഭിക്കുക.
തിരുവനന്തപുരം പാങ്ങപ്പാറയില്‍ കാറിനു മുകളില്‍ മരംവീണ് അപകടം. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രാത്രി എട്ടേകാലോടെയാണ് സംഭവം. കഴക്കൂട്ടം ഭാഗത്തുനിന്ന് ശ്രീകാര്യം ഭാഗത്തേക്ക് പോയ കാറിനു മുന്നിലാണ് മരം വീണത്. കാര്‍ ഡ്രൈവര്‍ക്ക് പാറ്റൂര്‍ സ്വദേശി മിക്കി പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. സ്ഥലത്ത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
പാലാ-ഈരാറ്റുപേട്ട റോഡില്‍ പാലായ്ക്ക് സമീപം മൂന്നാനിയില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. ഉച്ചയോടെയാണ് മീനച്ചിലാര്‍ കരകവിഞ്ഞ് വെള്ളം കയറുവാന്‍ തുടങ്ങിയത്. വാഹനങ്ങള്‍ ചെറുവഴികളിലൂടെ തിരിച്ചുവിട്ടു. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴ പെയ്തതിനെ തുടര്‍ന്നാണ് വെള്ളം കയറിയത്.
അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ച ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 30 വരെയുള്ള ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates