കനത്ത മഴ വെല്ലുവിളി, ദൗത്യത്തിന് ഇന്‍ഫ്രാറെഡ് കാമറയും; എണ്ണപ്പാട എങ്ങനെ നീക്കം ചെയ്യും?

കേരള തീരത്തിനടുത്ത് അറബിക്കടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ 3 മുങ്ങിയതിനെ തുടര്‍ന്നുണ്ടായ എണ്ണപ്പാട നീക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു
The Liberian container vessel
എണ്ണപ്പാട (oil spill) നീക്കാനുള്ള ദൗത്യം പുരോഗമിക്കുന്നുഫയൽ
Updated on
1 min read

കൊച്ചി: കേരള തീരത്തിനടുത്ത് അറബിക്കടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ 3 മുങ്ങിയതിനെ തുടര്‍ന്നുണ്ടായ എണ്ണപ്പാട (oil spill) നീക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. ആദ്യം വ്യാപിച്ച 2 നോട്ടിക്കല്‍ മൈല്‍ (3.7 കിലോമീറ്റര്‍) ചുറ്റളവില്‍ മാത്രം എണ്ണപ്പാട ഒതുക്കി നിര്‍ത്താനും തീരത്തേക്കു വ്യാപിക്കുന്നത് ഒഴിവാക്കാനുമുള്ള ശ്രമമാണു നടക്കുന്നത്. എന്നാല്‍, കനത്ത മഴയും ശക്തമായ കാറ്റും മൂലം കടല്‍ പ്രക്ഷുബ്ധമായതും കാഴ്ചാ പരിധി കുറഞ്ഞതും തീരസേനയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയായിട്ടുണ്ട്.

കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ ഐസിജിഎസ് വിക്രം, സക്ഷം, സമര്‍ത്ഥ് എന്നിവയാണ് കപ്പല്‍ മുങ്ങിയ സ്ഥലത്തെത്തിയത്. എണ്ണപ്പാട നീക്കം ചെയ്യുന്ന പ്രവര്‍ത്തനം രാത്രിയും തുടരാന്‍ ഇന്‍ഫ്രാറെഡ് കാമറ ഉപയോഗിച്ചാണ് ദൗത്യം തുടരുന്നത്. കപ്പലിനു ചുറ്റും വ്യാപിച്ച എണ്ണപ്പാട പരമാവധി മാറ്റി കടല്‍ സുരക്ഷിതമാക്കാനാണ് ഇവരുടെ ശ്രമം. മുംബൈയില്‍ നിന്ന് സമുദ്ര പ്രഹരി എന്ന മലിനീകരണ നിയന്ത്രണ കപ്പലും അപകടസ്ഥലത്തേയ്ക്ക് വരുന്നുണ്ട്.

സംഭവം നടന്ന ഉടന്‍ തന്നെ പ്രദേശത്തെത്തിയ ഐസിജിഎസ് സക്ഷം എണ്ണപ്പാട നീക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഓയില്‍ സ്പില്‍ ഡസ്പരന്റ് വിതറിയാണ് കപ്പലുകള്‍ എണ്ണപ്പാട നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത്. കപ്പലുകളില്‍ നിന്നുള്ള വലിയ കുഴലുകളിലൂടെയാണ് ഓയില്‍ സ്പില്‍ ഡസ്പരന്റ് വിതറുന്നത്. ഇത് വെള്ളത്തില്‍ കലരുന്നതോടെ എണ്ണയുടെ ഒഴുക്ക് തടയാനാകും. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിന്ന് 1.5 മുതല്‍ രണ്ടു നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ എണ്ണപ്പാട തെക്ക്- കിഴക്ക് ദിശയിലേക്ക് നീങ്ങുന്നതായാണ് വിവരം. വെള്ളത്തിന് മുകളില്‍ ടാറിന് സമാനമായ കറുത്ത പാളിയായാണ് എണ്ണ പടരുന്നത്. ഈ എണ്ണ പൂര്‍ണമായി നീക്കിയില്ലെങ്കില്‍ മലിനീകരണത്തിന്റെ ആഘാതം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എണ്ണച്ചോര്‍ച്ചയുണ്ടായാല്‍ രണ്ടു തരത്തിലാണ് അതു കടല്‍വെള്ളത്തില്‍ വ്യാപിക്കുന്നത്. നേര്‍ത്ത എണ്ണപ്പാടയായും വളരെ ആഴത്തില്‍ വെള്ളത്തില്‍ എണ്ണ കലരുന്ന രീതിയിലും. വളരെ നേരിയ പാളിയായി ആണ് എണ്ണ കടലില്‍ വ്യാപിച്ചിട്ടുള്ളതെങ്കില്‍ ഓയില്‍ സ്പില്‍ ഡസ്പരന്റ് വിതറി എണ്ണയെ ഇല്ലാതാക്കുകയാണു ചെയ്യുക. എണ്ണയെ ചെറിയ കണികകളാക്കി വെള്ളത്തില്‍ ലയിപ്പിച്ചു കളയാന്‍ കഴിയുന്ന രാസപദാര്‍ഥമാണ് ഇത്. ചെറിയ കനത്തില്‍ എണ്ണ പടര്‍ന്നിട്ടുണ്ടെങ്കില്‍ ബൂം, സ്‌കിമ്മര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് എണ്ണ വലിച്ചെടുക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com