
കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂർ ജില്ലയിലെ കക്കാട് പുഴ ( kakkad river ) കരകവിഞ്ഞൊഴുകി. റോഡും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ നാട്ടുകാര്‍ ദുരിതത്തിലായി.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ പെയ്ത മഴയിലാണ് കക്കാട് പുഴ കരകവിഞ്ഞൊഴുകിയത്. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും മുടങ്ങി. വെള്ളം കയറിയതു അറിയാതെ ഇതുവഴി പോയ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വെള്ളം കയറിയതു കാരണം പ്രവര്‍ത്തനം നിലച്ചു റോഡില്‍ കുടുങ്ങി.
പുഴയ്ക്ക് അരികില്‍ ഉപയോഗശൂന്യമായ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെയുള്ളവ വെള്ളത്തിനടിയിലായി. കണ്ണൂരില്‍ നിന്നും മുണ്ടയാട് വഴി പോകുന്ന റോഡില്‍ പലയിടങ്ങളിലും വെള്ളം കയറിയതു കാരണം സ്വകാര്യ ബസ് സര്‍വീസും മുടങ്ങി.
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് അതിതീവ്രമഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ