മണ്ണ് പരിശോധന നടത്തിയില്ല, ഡിസൈനിലും പിഴവ്; കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ദേശീയപാതയില്‍ തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ
Crack on the Kooriyad National Highway
Kooriyad National Highwayഎക്സ്പ്രസ്
Updated on

ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത ( Kooriyad National Highway ) ഇടിഞ്ഞ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍ ( Expert Committee Report ). മണ്ണ് പരിശോധന അടക്കം ഫലപ്രദമായി നടത്തിയില്ല. ആവശ്യമായ സാങ്കേതിക പരിശോധനയുണ്ടായില്ല. കമ്പനികള്‍ക്ക് ഡിസൈനില്‍ വലിയ വീഴ്ച സംഭവിച്ചുവെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി.

കൂരിയാട് ദേശീയപാതയില്‍ സംരക്ഷണ ഭിത്തി അടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂരിയാട് മേഖലയിലെ നെല്‍പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ല. ഡിസൈനില്‍ വന്‍ തകരാറ് സംഭവിച്ചു. നിര്‍മാണ കമ്പനി അടക്കമുള്ള ഏജന്‍സികള്‍ക്ക് വന്‍വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അവലോകനം നടത്തി. സാങ്കേതിക കാര്യങ്ങള്‍, കരാറുകാര്‍ ഉള്‍പ്പെടെ വീഴ്ച വരുത്തിയതില്‍ ഭരണപരമായി എന്തു തുടര്‍നടപടികള്‍ സ്വീകരിക്കണം എന്നിവയാണ് യോഗത്തില്‍ ചര്‍ച്ചയായത്. പ്രശ്‌നമേഖലകളില്‍ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി, എത്ര വേഗത്തില്‍ റോഡ് പുനര്‍നിര്‍മ്മാണം നടത്താനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധരോട് ആരാഞ്ഞതായാണ് സൂചന. വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

അതിനിടെ, നിര്‍മാണത്തിലിരുന്ന മലപ്പുറം കൂരിയാട് ദേശീയപാതയില്‍(NH66) വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനും മീറ്ററുകള്‍ക്ക് സമീപമാണ് വീണ്ടും തകര്‍ച്ചയുണ്ടായിരിക്കുന്നത്.

ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്കാണ് വീണത്. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകര്‍ന്നു വീണത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിനു വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ സമീപത്തെ വയലുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു.

മഴക്കാലത്ത് നിറയെ വെള്ളം നില്‍ക്കുന്ന വയലില്‍ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി ആറുവരിപ്പാത നിര്‍മിച്ചത് വലിയ പിഴവാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകള്‍ സ്ഥാപിച്ച് പാലം നിര്‍മിക്കണമെന്നാണ് ജനപ്രതിനിധികള്‍, സമരസമിതി, നാട്ടുകാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com