
കാസര്‍കോട്: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ കാസറകോട് ജില്ലയിലും (Rain) വ്യാപക നാശ നഷ്ടങ്ങള്‍. മധൂര്‍ പട്ട്‌ലയില്‍ യുവാവ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കുന്ന് സ്വദേശി സിദ്ധിഖ് (36) ആണ് മരിച്ചത്. പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍സ് കടയുടെ ഉടമയാണ് സിദിഖ്. യുഎഇയില്‍ ജോലി ചെയ്തിരുന്ന സിദ്ധിഖ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ ഫര്‍സാന. മക്കള്‍ ഫാദില്‍ സൈന്‍, സിയ ഫാത്തിമ, ആമിന.
ജില്ലയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷവും മഴ ശക്തമായി തുടരുകയാണ്. പല സ്ഥലങ്ങളിലും വെള്ളം കയറി വന്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മഞ്ചേശ്വരം ഹൊസങ്കടിയില്‍ പല വീടുകളിലും വെള്ളം കയറിയതിനേതുടര്‍ന്നു ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഉദുമയിലും മഞ്ചേശ്വരത്തും റെയില്‍ പാളത്തില്‍ മരം പൊട്ടിവീണതിനേ തുടര്‍ന്നു നിര്‍ത്തി വെച്ച ട്രെയിന്‍ സര്‍വീസ് മരം മുറിച്ച് മാറ്റി പുനസ്ഥാപിച്ചു. മൊഗ്രാല്‍പുത്തൂര്‍, തെക്കില്‍ ഭാഗങ്ങളിലും മഴ ദുരിതം വിതച്ചിട്ടുണ്ട്.
ചീമേനിയില്‍ കനത്തമഴയില്‍ വീട് തകര്‍ന്നു. മുണ്ടയില്‍ എലിക്കോട്ട് പൊയിലില്‍ ചന്ദ്രമതിയുടെ വീടാണ് തകര്‍ന്നത്. കാസര്‍കോട് താലൂക്കിലെ മുളിയാര്‍ വില്ലേജില്‍ 18 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഹോസ്ദുര്‍ഗ് താലൂക്കില്‍ ഒരു കുടുംബത്തെയും മാറ്റി. മുളിയാര്‍ പഞ്ചായത്തിലെ എട്ടാം മൈല്‍ കണ്ടത്തില്‍ വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും വെള്ളം കയറി. മുളിയാര്‍ വില്ലേജിലും ക്യാമ്പ് തുറക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചിത്താരി പുഴയുടെ കൈവഴിയായ കാലിക്കടവ് തോട് കരവിഞ്ഞതോടെ കാസര്‍കോട് പൂച്ചക്കാട് രണ്ട് വീടുകളില്‍ വെള്ളം കയറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ