
കൊച്ചി: സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തുന്നതിന്റെ സമയക്രമം അറിയിക്കാന്‍ ഹൈക്കോടതി(High Court ) നിര്‍ദേശം നല്‍കി. പ്രത്യേക നിയമം രൂപീകരിക്കുന്നതിന് മുന്നോടിയായി നടത്തുന്ന സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റിലേയ്ക്ക് മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഡോ.എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
കോണ്‍ക്ലേവ് ഏപ്രിലില്‍ നടത്തുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് അഡ്വ.ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു. തുടര്‍ന്ന് ഇത് നിയമനിര്‍മാണം വൈകുന്നതിന് ഇടയാക്കുമെന്ന് ഹര്‍ജിക്കാര്‍ അടക്കം ചൂണ്ടിക്കാട്ടിയതോടെയാണ് സമയക്രമം അറിയിക്കാന്‍ നിര്‍ദേശിച്ചത്.
നടപടിക്രമങ്ങളുള്ളതിനാല്‍ നിയമനിര്‍മാണം നടത്താന്‍ സാധ്യതയുള്ള സമയക്രമം 9ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്നായിരുന്നു നിര്‍ദേശം. സിനിമാ വ്യവസായ മേഖലയില്‍ കൃത്യമായ മോണിറ്ററിങ് കമ്മിറ്റികളുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിനായി സമഗ്രമായ മാര്‍ഗനിര്‍ദേശം രൂപീകരിക്കാന്‍ വനിതാ ശിശുക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പോഷ് നിയമം നടപ്പാക്കാനുള്ള നോഡല്‍ ഏജന്‍സി വനിതാ ശിശുക്ഷേമ വകുപ്പാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്. എന്നാല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നതും നിയമനിര്‍മാണം വൈകുന്നതിനിടയാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ