'അങ്ങയുടെ അത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടാകുമോ?' കെ മുരളീധരന് മറുപടിയുമായി ജോ ജോസഫ്

എന്നാല്‍ അങ്ങ് രഞ്ഞെടുപ്പ് തോല്‍വിയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമായത് 7 തവണയാണ്. ലോക്‌സഭയിലേക്ക് നാലു പ്രാവശ്യം,നിയമസഭയിലേക്ക് മൂന്നു പ്രാവശ്യം.
Jo Joseph responds to K Muraleedharan
കെ മുരളീധരന്‍, ഡോ.ജോ ജോസഫ്(Jo Joseph)ഫെയ്‌സ്ബുക്ക്
Updated on
3 min read

കൊച്ചി: തൃക്കാക്കരയില്‍ മത്സരിപ്പിച്ച് ഒരു ഡോക്ടറെ എല്‍ഡിഎഫ് വഴിയാധാരമാക്കിയെന്ന പരാമര്‍ശത്തില്‍ കെ മുരളീധരന് മറുപടിയുമായി ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായിരുന്ന ഡോ.ജോ ജോസഫ്. തെരഞ്ഞെടുപ്പ് തോല്‍വിയിലൂടെ കെ മുരളീധരന്‍ വഴിയാധാരമായത് ഏഴ് തവണയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. ജോ ജോസഫിന്റെ മറുപടി. എംഎല്‍എ ആകാത്ത കേരളത്തിലെ ആദ്യ മന്ത്രിയും ഏക മന്ത്രിയും കെ മുരളീധരനാണെന്നും ജോ ജോസഫ് പരിഹസിച്ചു. അങ്ങയുടെ അത്ര ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടാകുമോയെന്നും ജോ ജോസഫ്(Jo Joseph) ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം പൊതു സ്വതന്ത്രനായി ഡോ. ഷിനാസ് ബാബുവിനെ മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു കെ മുരളീധരന്‍ രംഗത്തെത്തിയത്. ' സിപിഎം അവസാനം ഒരു ഡോക്ടറില്‍ ചെന്നെത്തിയിട്ടുണ്ട്. തൃക്കാക്കരയില്‍ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കി. ഞങ്ങളുടെ ഡോക്ടര്‍മാരെ വഴിയാധാരമാക്കരുതെന്ന് മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും അഭ്യര്‍ത്ഥിക്കാന്‍ ഐഎംഎ തയ്യാറാകണം' എന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം. ഇതിനാണ് ജോ ജോസഫ് മറുപടി നല്‍കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് കാലമായിരിക്കുകയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളുടെ സമയത്തും എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന അനേകം ട്രോളുകളും മറ്റും കാണാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ മുഖമില്ലാത്തവര്‍ പടച്ചുവിടുന്ന ഇവയില്‍ ഒന്നിനുപോലും പ്രതികരിക്കാറില്ല. ചിലത് ആസ്വദിക്കാറുമുണ്ട്. എന്നാല്‍ അങ്ങനെയല്ല ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരുടെ പ്രതികരണങ്ങളോട് എന്റെ നിലപാട്. അതിനോട് പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കാലത്ത് ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ നിരുത്തരവാദപരമായ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തെ നേരിട്ടു വിളിച്ചിരുന്നു. ഒരിക്കല്‍പോലും ഫോണ്‍ എടുത്തില്ല ലഭ്യമായ വാട്‌സ്ആപ്പ് നമ്പറില്‍ മെസ്സേജും അയച്ചു. അദ്ദേഹം ഒരു മറുപടിയും നല്‍കിയില്ല.

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഒരു ചാനല്‍ ചര്‍ച്ചയില്‍ ശ്രീ .റോജി എം ജോണ്‍ എംഎല്‍എ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയപ്പോള്‍ നേരിട്ട് വിളിക്കുകയും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. താന്‍ പറഞ്ഞ പ്രസ്താവന വ്യക്തിപരമായി കാണരുതെന്ന് അദ്ദേഹം പറയുകയും ചെയ്തു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ആസന്നമായ ഈ സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ മുരളീധരന്‍ ഒരു പ്രസ്താവന നടത്തിയതായി കണ്ടു 'തൃക്കാക്കരയില്‍ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കിയില്ലേ' എന്ന്. ഇപ്രാവശ്യം നേരിട്ട് വിളിക്കാതെ വസ്തുതകള്‍ പരിശോധിക്കാമെന്നും അവ എഴുതി ബോധ്യപ്പെടുത്താമെന്നും വെച്ചു.

അങ്ങ് ഞാന്‍ തിരഞ്ഞെടുപ്പില്‍ തോറ്റതിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ ശരിയാണ് ,ആ രാഷ്ട്രീയ പോരാട്ടത്തില്‍ ഞങ്ങള്‍ തോറ്റു ( ട്വന്റി20 യുടെ അസാന്നിധ്യം, ബിജെപി സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച് കാശ് നഷ്ടപ്പെടുന്ന അവസ്ഥ, എസ്.ഡി.പി.ഐ ജമായത്തെ ഇസ്ലാമി അടക്കം എല്ലാ വര്‍ഗീയശക്തികളുടെയും ഐക്യം ഇതൊക്കെ ആരും മറന്നിട്ടില്ല)

എന്നാല്‍ അങ്ങ് തിരഞ്ഞെടുപ്പ് തോല്‍വിയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമായത് 7 തവണയാണ്. ലോക്‌സഭയിലേക്ക് നാലു പ്രാവശ്യം,നിയമസഭയിലേക്ക് മൂന്നു പ്രാവശ്യം.

1996 ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ 38703 വോട്ടിന് എംപി വീരേന്ദ്രകുമാറിനോട് തോറ്റ് 'വഴിയാധാരമാകലു'കളുടെ തുടക്കം. 1998 ല്‍ തൃശ്ശൂര്‍ ലോക്‌സഭാ സീറ്റില്‍ സ. വി വി രാഘവനോട് 18403 വോട്ടിന് തോറ്റു വീണ്ടും വഴിയാധാരമായി. 2009 ല്‍ വയനാട് ലോക്‌സഭാ സീറ്റില്‍ എം ഐ ഷാനവാസിനോട് അങ്ങ് തോറ്റു വഴിയാധാരമായത് 311040 വോട്ടിനാണ്. ഈ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ അങ്ങ് തോറ്റു വഴിയാധാരമായത് 84,663 വോട്ടിനാണ്. കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയില്‍ പിന്നില്‍ കിടന്നിരുന്ന ബിജെപിയെ അധികാരത്തിന്റെ സപ്രമഞ്ചകട്ടിലില്‍ കിടത്താനായി അങ്ങ് ആഞ്ഞു പരിശ്രമിച്ചപ്പോള്‍ അങ്ങയുടെ സ്ഥാനം മൂന്നാമതാണ്. എന്റെ തോല്‍വിയെക്കാള്‍ എന്നെ വിഷമിപ്പിച്ചത് അങ്ങയുടെ അവസാനത്തെ തോല്‍വിയാണ്.

നിയമസഭയില്‍ അങ്ങ് തോറ്റു വഴിയാധാരമായത് നാല് തവണ. 2004 ല്‍ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ അങ്ങ് സ. എ. സി മൊയ്തീനോട് തോറ്റു വഴിയാധാരമായത് ഓര്‍മ്മയുണ്ടാകുമല്ലോ? 2006ഇല്‍ കൊടുവള്ളിയില്‍ സ. പി ടി എ റഹിമിനോട് തോറ്റു വഴിയാധാരമായത് 7506 വോട്ടിനാണ്. 2021 അങ്ങ് നേമത്ത് തോറ്റു വഴിയാധാരമായത് 19313 വോട്ടിനാണ്. കേരളത്തിലെ നാല് ജില്ലകളിലായി പല പ്രാവശ്യം തോറ്റു വഴിയാധാരമായിരിക്കുന്നത് ഒരുപക്ഷേ അങ്ങ് മാത്രമായിരിക്കും.

2004 ല്‍ മന്ത്രി ആയതിനുശേഷം നടന്ന വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ അങ്ങ് തോറ്റു വഴിയാധാരമായതിനേക്കാള്‍ ദയനീയമായ മറ്റൊരു വഴിയാധാരമാകല്‍ കേരള രാഷ്ട്രീയ ചരിത്രത്തിലില്ല. ആ തോല്‍വിയിലൂടെ അങ്ങ് സൃഷ്ടിച്ച നാല് റെക്കോഡുകള്‍ 21 വര്‍ഷത്തിനു ശേഷവും ആര്‍ക്കും തകര്‍ക്കാന്‍ സാധിച്ചിട്ടില്ല.

എംഎല്‍എ ആകാത്ത കേരളത്തിലെ ആദ്യത്തെ മന്ത്രി. എംഎല്‍എ ആകാത്ത കേരളത്തിലെ ഏക മന്ത്രി. നിയമസഭയെ ഒരിക്കല്‍പോലും അഭിമുഖീകരിക്കേണ്ടി വരാത്ത കേരളത്തിലെ ആദ്യത്തെ മന്ത്രി. നിയമസഭയെ ഒരിക്കല്‍പോലും അഭിമുഖീകരിക്കേണ്ടി വരാത്ത കേരളത്തിലെ ഏക മന്ത്രി എന്നിവയാണ് അവ.

പിന്നെ സാമ്പത്തികമായി ഞാന്‍ വഴിയാധാരമായി എന്നാണ് അങ്ങ് ഉദ്ദേശിച്ചതെങ്കില്‍ അങ്ങേക്ക് തെറ്റി. ഏതെങ്കിലും ഓണ്‍ലൈന്‍ വാര്‍ത്തകളാണ് ആധാരമെങ്കില്‍ അങ്ങയുടെ ക്രെഡിബിലിറ്റി ഇത്ര മാത്രമേ ഉള്ളൂ എനിക്ക് മനസിലായി. എനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്തിന്റെ ആധാരം എന്റെ വീട്ടിലുണ്ട്. ഇലക്ഷനു മുന്‍പോ പിന്‍പോ ഒരിഞ്ചുപോലും വിറ്റിട്ടുമില്ല,മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്മാരകമുണ്ടാക്കാന്‍ കൊടുത്തിട്ടുമില്ല. എറണാകുളത്ത് വന്നശേഷം മേടിച്ച സ്ഥലത്തിന്റെയും വീടിന്റെയും ആധാരം ബാങ്കിലാണ്. സര്‍ട്ടിഫൈഡ് കോപ്പി കാണിച്ചു തരാം. അങ്ങയെപ്പോലെ വായില്‍ വെള്ളി കരണ്ടിയുമായി ജനിക്കാത്തതുകൊണ്ട് വായ്പ എടുക്കേണ്ടി വന്നതുകൊണ്ടാണ് അത് ബാങ്കിലായത്. എന്റെ ഇലക്ഷന്റെ വരവ് ചിലവ് കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷനെ ഞാന്‍ ബോധിപ്പിച്ചിട്ടുള്ളതാണ്. അതും അങ്ങേയ്ക്ക് പരിശോധിക്കാവുന്നതാണല്ലോ. 13 പ്രാവശ്യം തെരഞ്ഞെടുപ്പില്‍ മത്സരിച്ച അങ്ങേയ്ക്ക് ആ വരവ് ചിലവ് കണക്കുകള്‍ എങ്ങനെ ലഭിക്കും എന്ന് തീര്‍ച്ചയായും അറിയാമല്ലോ.

പിന്നെ ഞാന്‍ പ്രൊഫഷണലി വഴിയാധാരമായി എന്ന് അങ്ങ് കരുതുന്നുണ്ടെങ്കില്‍ അതിന്റെ വസ്തുതകള്‍ പരിശോധിക്കാന്‍ ധാരാളം മാര്‍ഗ്ഗങ്ങളുണ്ടല്ലോ. അങ്ങയുടെ തന്നെ സ്റ്റാഫിന്റെ അമ്മയുടെ ചികിത്സാര്‍ത്ഥം അങ്ങ് എന്നെ വിളിച്ചത് ഒരു പക്ഷേ അങ്ങ് മറന്നു പോയിട്ടുണ്ടാവാം. അങ്ങ് പലപ്രാവശ്യം തോറ്റതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോള്‍ അങ്ങയുടെ സ്റ്റാഫില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. അതോ അങ്ങയുടെ തോല്‍വികള്‍ മൂലം അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടോയെന്നും എനിക്കറിയില്ല. വഴിയാധാരമായി എന്ന പദം ഞാന്‍ മനപ്പൂര്‍വ്വം ഉപയോഗിക്കാത്തതാണ്.

ഇലക്ഷന് ശേഷം മാത്രം ഞാന്‍ ചികിത്സിച്ചവരില്‍ അങ്ങയുടെ തന്നെ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍, മാഞ്ഞൂരാനെ പോലുള്ള എറണാകുളത്തെ നേതാക്കന്മാര്‍, യൂത്ത് കോണ്‍ഗ്രസുകാര്‍ തൊട്ട് അങ്ങേക്കാള്‍ പാര്‍ട്ടിയില്‍ തലപൊക്കമുള്ള നേതാക്കന്മാര്‍ വരെയുണ്ട്. ഞാന്‍ പ്രൊഫഷണലി വഴിയാധാരമായോ എന്ന് അങ്ങേയ്ക്ക് ഇവരില്‍ ആരെയെങ്കിലും ഒന്ന് വിളിച്ചു ചോദിക്കാമായിരുന്നു.

പിന്നെ പാര്‍ട്ടി വഴിയാധാരമാക്കി എന്നാണ് ഉദ്ദേശിച്ചെങ്കില്‍ ഈ പാര്‍ട്ടിയെക്കുറിച്ച് അങ്ങേക്ക് ഒരു ചുക്കുമറിയില്ല എന്ന് മാത്രമേ പറയാനുള്ളൂ. ഇലക്ഷന് മുമ്പ് ഏത് ഘടകത്തിലാണോ മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നത് അതേ ഘടകത്തില്‍ തന്നെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.ജില്ലാതലത്തില്‍ തന്നെയുള്ള അനേകം ചുമതലകള്‍ പാര്‍ട്ടി നല്‍കി. കഴിവിനൊത്ത് പ്രവര്‍ത്തിക്കുന്നു. ഇന്നലെത്തന്നെ പാര്‍ട്ടി ജില്ലയില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉണ്ടാക്കിയ സമിതിയില്‍ വൈസ് ചെയര്‍മാന്റെ പാനലില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളോ എംഎല്‍എമാരോ അല്ലാത്ത ഒരാളുണ്ടെങ്കില്‍ അത് ഞാനാണ് .ഇതാണ് ചേര്‍ത്തു പിടിക്കല്‍.

പിന്നെ അങ്ങയുടെ അത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടാകുമോ? 2008 ഏപ്രില്‍ 12ലെ ഫ്രണ്ട്‌ലൈനില്‍ വന്ന ലേഖനത്തില്‍ തന്നെ വഞ്ചിച്ചുവെന്ന് അങ്ങ് പറഞ്ഞത് അങ്ങയുടെ പിതാവിനെ കുറിച്ചാണ്. 16 വര്‍ഷത്തിനിപ്പുറം അങ്ങ് വഞ്ചിച്ചു എന്ന് പറയുന്നത് അങ്ങയുടെ സ്വന്തം സഹോദരിയെ കുറിച്ച് തന്നെയാണ്

(ദി ഹിന്ദു മേയ് 2024)വഴിയാധാരമാക്കലില്‍ അങ്ങയുടെ മറ്റൊരു നേട്ടമാണ് 'ഡിക്ക്' ഉകഇ(ഗ). അങ്ങയാല്‍ വഴിയാധാരമായ ഒരു രാഷ്ട്രീയകക്ഷി. ഇത്രയും ഗതികേടുണ്ടായ മറ്റൊരു രാഷ്ട്രീയകക്ഷി കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ ?

ഐ.എം.എയോട് അങ്ങ് ഒരു അഭ്യര്‍ത്ഥന നടത്തുന്നതായി ഞാന്‍ കണ്ടു. അതിനായി ചാനല്‍ മൈക്കുകള്‍ക്ക് മുമ്പില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നോ? സ്വന്തം അളിയന്റെ ഫോണ്‍ നമ്പര്‍ മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടില്ലെങ്കില്‍ അങ്ങേക്ക് ഒന്ന് വിളിച്ച് ഇത്തരത്തില്‍ ഒരു പ്രത്യേക പ്രേമേയം പാസാക്കാന്‍ ആവശ്യപ്പെടാമായിരുന്നു. കാരണം കേരളത്തിലെ ഐ.എം.എയുടെ തലമുതിര്‍ന്ന നേതാക്കന്മാരില്‍ ഒരാളാണല്ലോ അദ്ദേഹം.

താന്‍ മുരളിമന്ദിരത്തിലേക്ക് വരില്ല എന്ന് പറഞ്ഞ് മുരളിമന്ദിരത്തെ അങ്ങു വഴിയാധാരമാക്കി എങ്കില്‍ വഴിയാധാരമാകില്ല എന്നുറപ്പുള്ളത് അവിടത്തെ രണ്ട് കല്ലറകള്‍ക്ക് മാത്രമാണ്. കാരണം സംഘികള്‍ ചേര്‍ത്തുപിടിച്ചോളാം എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com