'അയവില്ല, അണുവിട'; നിലപാടുകളിൽ ഉറച്ചും വിവാദങ്ങളിൽ കുലുങ്ങാതെയും
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ (Nilambur by election) സ്ഥാനാർത്ഥിയായി എം സ്വരാജിനെ രംഗത്തിറക്കുകയാണ് സി പി എം. സ്വന്തം നാട്ടിൽ മണ്ഡലം നിലനിർത്താനാണ് സ്വരാജ് (M Swaraj) പോരാട്ടത്തിനിറങ്ങുന്നത്.
നിലപാടുകൾ കൊണ്ടും വാക് പ്രയോഗങ്ങൾ കൊണ്ടും വിവാദങ്ങൾക്കൊപ്പമാണ് എം സ്വരാജിന്റെ രാഷ്ട്രീയ സഞ്ചാരം. വിവാദങ്ങളിൽ കുലുങ്ങാറില്ല, നിലപാടുകളിൽ മയം വരുത്താറുമില്ല, മറിച്ച് താൻ പറഞ്ഞതെന്താണ് എന്ന് വിശദമാക്കി അതിൽ ഉറച്ചു നിൽക്കുന്നതാണ് എം സ്വരാജിന്റെ പൊതുശൈലി. അത് യുദ്ധത്തെ കുറിച്ചുള്ള നിലപാട് ആയിക്കൊള്ളട്ടെ, തെരഞ്ഞെടുപ്പിനെ കുറിച്ചുള്ളതാകട്ടെ, സ്വരാജിന് സ്വതന്ത്രമായ അഭിപ്രായം ഉണ്ടാകാറുണ്ട്. ആ സ്വാതന്ത്ര്യം പാർട്ടി നിലപാടിന്റെ നാലുകെട്ടിന് പുറത്തുപോകാതെ നോക്കാനും ഈ യുവ നേതാവ് ശ്രദ്ധിക്കാറുണ്ട്. പക്ഷേ വാക് പ്രയോഗങ്ങൾ പലപ്പോഴും കൈവിട്ടുപോകുകയും വിവാദങ്ങളിൽ അവസാനിക്കുകയും ചെയ്തിട്ടുമുണ്ട്.
നിലമ്പൂർ പോത്തുകല്ല് പതാർ സുമാനിവാസിൽ പി എൻ മുരളീധരന്റെയും പി ആർ സുമാംഗിയമ്മയുടേയും മകനാണ് നാൽപ്പത്തിയഞ്ചുകാരനായ സ്വരാജ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു കടന്നുവന്ന സ്വരാജ്, പ്രസംഗം, എഴുത്ത്, വിദ്യാർത്ഥി സമരങ്ങൾ എന്നിവയിലൂടെയാണ് കേരളത്തിലെ പൊതുസമൂഹത്തിൽ ശ്രദ്ധേയനായത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെതിരെ നാട്ടുകാരൻ തന്നെയായ സ്വരാജ് മത്സരത്തിനറങ്ങുമ്പോൾ തെരഞ്ഞെടുപ്പ് പോരാട്ടം തീപാറും.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി 1999 ൽ ജയിച്ചു കയറുമ്പോഴാണ് സ്വരാജ് എന്ന പേര് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ശ്രദ്ധനേടുന്നത്. എസ്‌എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവിയും വഹിച്ചിട്ടുണ്ട്.
നിലവിൽ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററുമാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം നാട്ടിൽ മത്സരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ രണ്ട് തവണ എറണാകുളത്തെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. 2016 ൽ കോൺഗ്രസിലെ മുതിർന്ന നേതാവ് കെ. ബാബുവിനെ തോൽപ്പിച്ച് എം എൽ എ ആയി. തൃപ്പൂണിത്തുറയിൽ 25 വർഷം തുടർച്ചയായി എം എൽ എആയിരുന്ന കെ ബാബുവിനെ മലർത്തിയടിച്ചാണ് സ്വരാജിന്റെ നിയമസഭാ പ്രവേശം. 2021ലെ തെരഞ്ഞെടുപ്പിൽ ബാബുവിനോട് തൃപ്പൂണിത്തുറയിൽ ആയിരത്തിലധികം വോട്ടുകൾക്ക് തോറ്റു .
നിലപാടുകളുടെ കാര്യത്തിൽ, അത് യുദ്ധമായിക്കൊള്ളട്ടെ കോടതി വിധി ആയിക്കൊള്ളട്ടെ തനിക്ക് പറയാനുള്ളത് വ്യക്തമായും സുതാര്യമായും ആവശ്യമെങ്കിൽ പരിഹാസം കലർത്തിയും പറയാൻ മടിക്കാറില്ല. ബാബറി മസ്ജിദ് രാമജന്മഭൂമി വിഷയത്തിൽ കോടതി വിധി വന്നപ്പോഴും പഹൽഗാം ആക്രമണത്തെ തുടർന്ന് യുദ്ധ സമാന സാഹചര്യം രൂപപ്പെട്ടപ്പോഴും സ്വരാജിന്റെ നിലപാടുകൾ വിവാദത്തിൽ വീണു. താൻ പറഞ്ഞതിൽ നിന്ന് അണുവിട പിന്നാക്കം പോകാതെ അതിനെ വിമർശിക്കുന്നവർക്ക് വ്യക്തതയോടെ മറുപടി നൽകിയാണ് സ്വരാജ് മുന്നോട്ട് പോയത്.
പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം, കാപ്പിറ്റൽ പണിഷ്മെന്റ് തുടങ്ങിയ പരാമർശങ്ങളുടെ പേരിലാണ് സ്വരാജ് വിവാദനായകനായത്. മാധ്യമ പ്രവർത്തകരെ പിതൃശൂന്യർ എന്ന് വിളിച്ചുവെന്നായിരുന്നു ആരോപണം. സി പി എം സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദന് "ക്യാപിറ്റൽ പണിഷ്മെന്റ്" നൽകണമെന്ന് സ്വരാജ് ആവശ്യപ്പെട്ടുവെന്നായിരന്നു മറ്റൊരു ആരോപണം. ആരോപണങ്ങളെയും വിവാദങ്ങളെയും ഭയപ്പെട്ട് ഒഴിഞ്ഞുമാറനൊന്നും സ്വരാജ് നിന്നില്ല.
മികച്ച വാഗ്‌മിയായ ഈ യുവ നേതാവ് നിരവധി പുസ്‌തങ്ങളുടെ രചയിതാവുമാണ്. ആനുകാലികങ്ങളിലും പത്രങ്ങളിലുമുൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതുന്നു. ‘ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്‌തകം, മരണം കാത്ത് ദൈവങ്ങൾ’’ തുടങ്ങിയവയാണ് പ്രധാന കൃതികൾ. സരിതയാണ് ഭാര്യ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

