
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി ( LDF ) സ്ഥാനാര്‍ത്ഥി എം സ്വരാജ് ( M Swaraj ) ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ പത്തരയോടെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന സ്വരാജിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎം പാര്‍ട്ടി ഓഫീസിലെത്തും. ഉച്ചയ്ക്ക് 2.30 ന് സ്വരാജിന്റെ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും എത്തുന്ന തരത്തില്‍ രാത്രി വരെ നീളുന്ന റോഡ് ഷോയാണ് എല്‍ഡിഎഫ് ആലോചിച്ചിട്ടുള്ളത്. റോഡ് ഷോയ്ക്ക് പുറമെ രണ്ടു തവണയെങ്കിലും സ്ഥാനാര്‍ത്ഥിയുടെ മണ്ഡലപര്യടനം പൂര്‍ത്തിയാക്കണമെന്നും ഇടതുമുന്നണി പദ്ധതിയിടുന്നു. സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന കാര്യത്തിലും പാര്‍ട്ടി ഇന്ന് തീരുമാനമെടുക്കും.
ഇന്നു തന്നെ സ്വരാജിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകുമോ എന്നാണ് സിപിഎം, എല്‍ഡിഎഫ് നേതാക്കള്‍ ആലോചിക്കുന്നത്. നാളെ ഞായറാഴ്ചയാണ്. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അതിനാലാണ് ഇന്നു തന്നെ പത്രികാസമര്‍പ്പണത്തിനും സാധ്യതയുണ്ടോയെന്ന് ആലോചിക്കുന്നത്. ഇന്നു തന്നെ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചാല്‍ റോഡ് ഷോയ്ക്ക് മുമ്പായി പത്രികാ സമര്‍പ്പണം ഉണ്ടായേക്കും.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്നു രാവിലെ 11 മണിക്ക് നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും അകമ്പടിയോടെയാകും ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുക. ആര് എതിര്‍സ്ഥാനാര്‍ത്ഥിയായാലും നിലമ്പൂരിനെ തിരിച്ചുപിടിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്ത് ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണിയുടെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിലെത്തി അനുഗ്രഹം തേടുകയും ചെയ്തിരുന്നു. ആന്റണിയുടെ അനുഗ്രഹം തേടിയ ശേഷമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കൂവെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് ഷൗക്കത്ത് പിന്നീട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ