അന്‍വറിനെ ആര്‍ക്കും വേണ്ടാതായതെന്ത്?, നിലമ്പൂരില്‍ ഇരുമുന്നണികള്‍ക്കും പറയാനുണ്ട്, വോട്ടിന്‍റെ കണക്കുകള്‍

യു ഡി എഫും എൽ ഡിഎഫും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും തങ്ങളുടെ വിജയപ്രതീക്ഷകൾക്ക് അവകാശവാദങ്ങൾ മുന്നോട്ട് വെക്കുന്നു.
nilambur byelection
Nilambur by election: തെരഞ്ഞെടുപ്പ് ചൂടില്‍ പാര്‍ട്ടികള്‍ഫയല്‍
Updated on
3 min read

കാലാവസ്ഥ പോലും അപ്രതീക്ഷിതമായി മാറിയ സാഹചര്യത്തെ മറികടന്നും നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ചൂടു കൂടുകയാണ്. ഉപതെരഞ്ഞെടുപ്പിന് (Nilambur by election) വഴിയൊരുക്കിയ പി വി അൻവർ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. നായകനാകാനായാണ് അൻവർ ഇറങ്ങി തിരിച്ചതെങ്കിലും നഷ്ടനായകനായി മാറുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് അടുത്ത ദിവസം മുതൽ കാണുന്നത്. എം എൽ എ സ്ഥാനം രാജിവച്ച് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ നിലമ്പൂരിലെ മാത്രമല്ല, കേരളത്തിലെ തന്നെ രാഷ്ട്രീയ സെലിബ്രിറ്റിയായിരുന്നു അൻവ‍ർ. എന്നാൽ പ്രഖ്യാപനം വന്ന നിമിഷം മുതൽ മൺസൂണിൽ ചൂട് കുറയുന്നതു പോലെ അൻവറിന്റെ സെലിബ്രിറ്റി പദവിയും ഇടിഞ്ഞു വന്നു.

സാധാരണ കാലവ‍ർഷക്കലണ്ടർ കണക്കിനേക്കാൾ ഈ വർഷം നേരത്തെ മഴയത്തെി. മാത്രമല്ല, മഴയുടെ പാറ്റേണിലും വ്യത്യാസം വന്നിട്ടുണ്ട്. സാധാരണ ഗതിയിൽ തെക്കൻ പ്രദേശങ്ങളിൽ മഴ തുടങ്ങി, വടക്കോട്ട് വ്യാപിച്ച് ശക്തിപ്രാപിക്കുന്നതാണ് ഇടവപ്പാതി എന്ന മൺസൂൺ കാലത്തെ രീതി. എന്നാൽ ഇത്തവണ അത് മാറി. കാലാവസ്ഥയിലെ മാറ്റത്തേക്കാൾ വലിയ മാറ്റം രാഷ്ട്രീയ കാലാവസ്ഥയിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും. രണ്ട് കൂട്ടർക്കും അൻവർ ഒരു ഘടകമേ അല്ലാതായതിന് അവരവരുടേതായ കാരണങ്ങളുണ്ട്.

യു ഡി എഫ് മത്സരരംഗത്തിറക്കിയത് സാസ്കാരിക പ്രവർത്തകനും തിരക്കഥാകൃത്തും നിലമ്പൂർ നഗരസഭയുടെ മുൻ അധ്യക്ഷനും മുൻപഞ്ചായത്ത് പ്രസിഡന്റുമായ ആര്യാടൻ ഷൗക്കത്തിനെയാണ്. നിലമ്പൂരിൽ ദീർഘകാലം എം എൽ എ ആയിരുന്ന, കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകൻ. 2016ൽ ഇവിടെ മത്സരിച്ചുവെങ്കിലും അന്ന് എൽ ഡി എഫ് സ്വതന്ത്രനായിരുന്ന അൻവറിനോട് ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു.

nilambur byelection
യുഡിഎഫിലേക്കില്ല; നിലമ്പൂരില്‍ മത്സരിക്കാനുമില്ല: പി വി അന്‍വര്‍
Aryadan Shoukath
ആര്യാടന്‍ ഷൗക്കത്ത്

യുവനേതാവും തൃപ്പൂണിത്തുറ മുൻ എം എൽ എയും നിലമ്പൂർ സ്വദേശിയുമായ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജാണ് എൽ ഡി എഫിന് വേണ്ടി സീറ്റ് നിലനിർത്താൻ വേണ്ടി രംഗത്തിറങ്ങിയിട്ടുള്ളത്. ദേശാഭിമാനി റസിഡന്റ് എഡിറ്ററും പ്രഭാഷകനും ഗ്രന്ഥകർത്താവുമാണ് സ്വരാജ്.

രണ്ട് പേരും വ്യക്തിത്വം കൊണ്ടും സർഗാത്മകപ്രവർത്തന രംഗത്തെ ഇടപെടലുകൾ കൊണ്ടും രാഷ്ട്രീയ പ്രവർത്തന ശൈലി കൊണ്ടും ഏറെ സമാനതകളുള്ളവര്‍. അതുകൊണ്ടു തന്നെ മത്സരത്തിൽ വാശിയേറുമെന്നാണ് ഇരുകൂട്ടരും പ്രതീക്ഷിക്കുന്നത്.

M Swaraj
M Swarajfile
nilambur byelection
കേരളത്തിൽ വെടിയേറ്റ് മരിച്ച ഏക നിയമസഭാംഗം, അറിയാം നിലമ്പൂരിലെ ആദ്യ എം എൽ എ കുഞ്ഞാലിയെ

"നിലമ്പൂർ ഇപ്പോൾ പഴയ നിലമ്പൂരല്ല. 2009 മുതൽ നോക്കിയാൽ അത് കാണാനാകും. മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നിലമ്പൂരില്‍ യു ഡി എഫ് കുത്തക അവകാശപ്പെടാൻ കഴിയില്ലെ"ന്നാണ് എൽ ഡി എഫ് ഉന്നയിക്കുന്ന അവകാശ വാദം.

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ് മലപ്പുറം ജില്ലയിലെ നിലമ്പൂർ , അമരമ്പലം, ചാലിയാർ, ചുങ്കത്തറ, പോത്തുകൽ, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, കാളികാവ്, ചോക്കാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു നിലമ്പൂർ നിയമസഭാമണ്ഡലം. എന്നാൽ പുനർനിർണ്ണയത്തെ തുടർന്ന് നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ മണ്ഡലം.

"2008 വരെയുണ്ടായിരുന്ന മണ്ഡലത്തിലെ രാഷ്ട്രീയ ഭൂമിശാസ്ത്രത്തിൽ മാറ്റം വന്നിട്ടുണ്ട്. അത് 2009 മുതലുള്ള ലോകസഭാ, നിയമഭസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്നുണ്ട്. ലോകസഭയിൽ പൊതുവേ കോൺഗ്രസിന് അനുകൂല നിലപാട് ഉണ്ടാകുന്നതുകൊണ്ടുള്ള വർധന മാത്രമാണ് നിലമ്പൂരിൽ കാണാനാകുന്നത്. എന്നാൽ, നിയമസഭയിൽ അത് നേരെ തിരിച്ചാണ് സംഭവിക്കുന്നതെന്ന് കാണാനാകുമെന്നാണ് കണക്കുകൾ വച്ച് തങ്ങൾക്കനുകൂലമാണ് മണ്ഡലം" എന്ന് എൽ ഡി എഫ് വാദിക്കുന്നത്.

nilambur byelection
10 ദിവസം മാത്രം എം എൽ എ, പിന്നെ രാജി, ഉപതെരഞ്ഞെടുപ്പ്, നിലമ്പൂ‍രിനൊപ്പം ചരിത്രത്തിൽ കയറിയ രാഷ്ട്രീയ നേതാവ്; അറിയാം ഹരിദാസിനെ

2001 മുതൽ 2011വരെ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് ഭൂരിപക്ഷത്തിലെ കുറവാണ് എൽ ഡി എഫ് നേതാവ് തങ്ങൾക്കനുകൂല ഘടകമായി സമകാലിക മലയാളത്തോട് എടുത്തുകാണിച്ചത്.

"2001 ൽ ആര്യാടൻ മുഹമ്മദിന് 21,080 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു. കോൺഗ്രസ് നൂറ് സീറ്റിൽ ജയിച്ച സമയത്താണ് ഈ ഭൂരിപക്ഷം. 2006ൽ എൽ ഡി എഫ് തരംഗം വീശിയടിച്ചപ്പോള്‍ ആര്യാടൻ മുഹമ്മദിന് നിലമ്പൂരിൽ 18,070 വോട്ട് ഭൂരിപക്ഷം ലഭിച്ചു. അതായത് പല മണ്ഡലങ്ങളിലും കോൺഗ്രസ് വീണപ്പോഴും ഭൂരിപക്ഷത്തിന് വലിയ കുറവില്ലാതെയാണ് ആര്യാടൻ ജയിച്ചത്. എന്നാൽ 2011ൽ ആര്യാടൻ മുഹമ്മദിന്റെ ഭൂരിപക്ഷം 5,498 ആയി കുറഞ്ഞു. അവിടെ നിന്നുമാണ് 2016 ലെ വിജയത്തിലേക്ക് എൽ ഡി എഫ് എത്തിയത്." അദ്ദേഹം പറഞ്ഞു.

യു ഡി എഫിനെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതീക്ഷ നിലനിൽക്കുന്നത് ഭരണ വിരുദ്ധ വികാരം എന്ന ഘടകത്തിലാണ്. "ഭരണ വിരുദ്ധ വികാരം അതിശക്തമാണെന്നും അതിനെ അതിജീവിക്കാനുള്ള ശേഷി സി പി എമ്മിനും എൽ ഡി എഫിനുമില്ലെന്നുമാണ്" യു ഡി എഫിലെ ഒരു നേതാവ് സമകാലിക മലയാളത്തോട് പറഞ്ഞത്. "ആ വികാരം മനസ്സിലാക്കാൻ ഭരണത്തിലിരിക്കുന്നവർക്കു സാധിക്കാത്തതിനാലാണ് അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. പൊതുവിൽ യു ഡി എഫ് മണ്ഡലമാണ് ഏറെക്കാലമയി നിലമ്പൂർ, അതിന് മാറ്റം വന്നത് 2016ലാണ്. അന്ന് കേരളം മൊത്തത്തിൽ സംഭവിച്ച ഒരു ചരിവിൽ സംഭവിച്ചതാണ്. എന്നാൽ, അതിന് മാറ്റം വന്നു എന്ന് അതിന് ശേഷം നടന്ന ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ വ്യക്തമായി. മാത്രമല്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അൻവറിന് ലഭിച്ച ഭൂരിപക്ഷം നന്നേ കുറയുകയും ചെയ്തു. ഇതൊക്കെ യു ഡി എഫിന് അനുകൂല ഘടകങ്ങളാണ്" അദ്ദേഹം അഭിപ്രായപ്പെട്ടു.

nilambur byelection
നിലമ്പൂരിലെ മൂന്നാം ഉപതെരഞ്ഞെടുപ്പ്, ആദ്യ രണ്ട് തവണ ജയിച്ചവർ ഇവരാണ്, കേരള ചരിത്രത്തിൽ ഇടം പിടിച്ച ആ ഉപതിരഞ്ഞെടുപ്പുകളെ കുറിച്ച് അറിയാം

അൻവർ ആദ്യം ജയിച്ചപ്പോൾ ഭൂരിപക്ഷം 11,504 വോട്ടായിരുന്നു. രണ്ടാം തവണ 2,700 വോട്ടായി കുറഞ്ഞു. അതിനർത്ഥം ഇടതുപക്ഷത്തിന് അനുകൂലമായി മണ്ഡലം തിരിഞ്ഞിട്ടില്ല എന്നാണ് - യു ഡി എഫ് നേതാവ് പറഞ്ഞു.

2016ൽ എൻ ഡി എ ക്ക് വേണ്ടി മത്സരിച്ച ബി ഡി ജെ എസ് സ്ഥാനാർത്ഥി 12,284 വോട്ട് പിടിച്ചുവെങ്കിൽ 2016ൽ മത്സരിച്ച ബി ജെ പി സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് 8,595 മാത്രമായിരുന്നു. മുൻതവണത്തേക്കാൾ നാലായിരത്തോളം വോട്ട് കുറവ്. എസ് ഡി പി ഐയുടെ സ്ഥാനാർത്ഥിയുടെ വോട്ടിലും ഇതുപോലെ കുറവുണ്ടായിട്ടുണ്ട്. 2016 ൽ എസ് ഡി പി ഐ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 4,751 വോട്ടായിരുന്നു. 2021 ൽ അത് 3,281 ആയി കുറഞ്ഞു. ഏകദേശം 1,500 വോട്ടിന്റെ കുറവ്. ഈ വോട്ടുകൾ യുഡിഎഫിനു പോയി, അതാണ് ഇടതു സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറയുന്നതിന് കാരണമായത് എന്നാണ് എൽ ഡി എഫ് നേതാവ് ഇതിനോട് പ്രതികരിച്ചത്. എന്നാൽ ഭൂരിപക്ഷം കുറഞ്ഞത് എണ്ണായിരത്തിലേറെയാണ് എന്ന് കണക്ക് കാണിച്ച് യു ഡി എഫ് ഈ ആരോപണത്തെ തള്ളിക്കളയുന്നു.

nilambur byelection
നിലമ്പൂ‍ർ യു ഡി എഫ് മണ്ഡലമോ? 60 വർഷത്തെ ചരിത്രം പറയുന്നത് ഇതാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com