

ഗുവാഹത്തി: വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന നാനാത്വത്തില്‍ ഏകത്വമാണ് രാജ്യമെന്ന നിലയിലെ ഇന്ത്യയുടെ ശക്തിയും സവിശേഷതയും. ഒറ്റക്കെട്ടായി നിന്ന് സാംസ്‌കാരിക വൈവിധ്യങ്ങളെ ആഘോഷമാക്കുന്നവരാണ് ഇന്ത്യന്‍ ജനത. ജാതി മത ചിന്തകള്‍ക്കപ്പുറത്ത് ഇന്ത്യയുടെ ഈ സവിശേഷ മൂല്യത്തെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുകയാണ് അസമിലെ ഒരു മുസ്ലീം കുടുംബം.
അസമിലുള്ള രംഗമഹല്‍ ഗ്രാമത്തിലെ 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം സംരക്ഷിക്കുന്നത് മതിബര്‍ എന്ന മുസ്ലിം കുടുംബമാണ്. തലമുറകളായി ഈ കുടുംബമാണ് ക്ഷേത്രത്തെ സംരക്ഷിക്കുന്നത്. ഇന്ത്യയുടെ മതേതരത്വത്തിന്റെ ഉജ്ജ്വല മാതൃകയായി ഈ ക്ഷേത്രം മാറുന്നു.
500 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തെ തങ്ങളുടെ കുടുംബമാണ് സംരക്ഷിക്കുന്നത്. സംരക്ഷണ ചുമതല തലമുറകളായി കൈമാറി വരികയാണെന്നും ക്ഷേത്രം നടത്തിപ്പിന്റെ ഇപ്പോഴത്തെ ചുമതലക്കാരനായ മതിബര്‍ റഹ്മാന്‍ പറയുന്നു.
ഒരു ആല്‍മരത്തിന്റെ ചുവട്ടില്‍ ശിവന്‍ കുടികൊള്ളുന്നതായാണ് ഇവിടെ സങ്കല്‍പ്പം. ആല്‍മരത്തില്‍ ചുവവന്ന പട്ടുകള്‍ കെട്ടിയിട്ടുണ്ട്. പ്രാര്‍ഥനയ്ക്കായി ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലീങ്ങളും വരാറുണ്ടെന്ന് റഹ്മാന്‍ പറയുന്നു.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇത്തരം സവിശേഷതകള്‍ കാണാം. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ മുസ്ലീങ്ങള്‍ ഹിന്ദു കുടുംബങ്ങള്‍ക്കൊപ്പം ക്ഷേത്രങ്ങളിലാണ് ഈദ് ആഘോഷിക്കാറുള്ളത്.
കര്‍ണാടകയില്‍ തന്നെ ഒരു മുസ്ലീം മത വിശ്വാസി ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ നിന്ന് ഒരു ഭാഗം ഗണപതി ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി മാറ്റി വച്ചത് സമീപ കാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. താനൊരു ഗണപതി വിഗ്രഹം പ്രതിഷ്ഠിക്കുന്നതായി സ്വപ്‌നം കണ്ടതാണെന്നായിരുന്നു കാരണമായി അയാള്‍ പറഞ്ഞത്.
ഇന്ത്യയുടെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനും സമാധാനപരമായി ജീവിതം മുന്നോട്ട് കൊണ്ടു പോകാനും ഇത്തരം ഉദാഹരങ്ങള്‍ വരുന്ന തലമുറയ്ക്ക് പ്രചോദനമാകും. തീര്‍ച്ചയായും പ്രാര്‍ഥനകള്‍ ലോകത്തെ മാറ്റിമറിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates