ഈ ഫെബ്രുവരിയില്‍ ഒരു യാത്ര പ്ലാന്‍ ചെയ്താലോ; അറിഞ്ഞിരിക്കാം ഈ സ്ഥലങ്ങളെക്കുറിച്ച്

ഫ്രഞ്ച് മാതൃകയിലുള്ള കെട്ടിടങ്ങളും തെരുവുകളും ഭക്ഷണവുമൊക്കെ പുതുച്ചേരിയില്‍ എത്തിയാല്‍ അനുഭവിക്കാം.
ഈ ഫെബ്രുവരിയില്‍ ഒരു യാത്ര പ്ലാന്‍ ചെയ്താലോ; അറിഞ്ഞിരിക്കാം ഈ സ്ഥലങ്ങളെക്കുറിച്ച്

ഫെബ്രുവരിയില്‍ ഒരു യാത്ര ചെയ്യാന്‍ ആലോചിക്കുന്നവരാണോ നിങ്ങള്‍. മികച്ച കാലാവസ്ഥയും ഉത്സവങ്ങളുമൊക്കെ കൊണ്ട് സമ്പന്നമാണ് ഫെബ്രുവരി മാസം. മറക്കാനാവാത്ത ഒരു അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ ഏതാണെന്ന് നോക്കാം

1. പുതുച്ചേരി

ഫ്രഞ്ച് കൊളോണിയല്‍ വാസ്തുവിദ്യയുടേയും ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും കാഴ്ചകള്‍ ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പ്രൊമനേഡ്, പാരഡൈസ് പോലുള്ള ശാന്തമായ ബീച്ചുകള്‍ യാത്രയില്‍ മറക്കാനാകാത്ത അനുഭവം നല്‍കും. കടല്‍ത്തീരങ്ങളെ പ്രണയിക്കുന്നവര്‍ക്കുള്ള സ്വപ്‌ന ഡെസ്റ്റിനേഷനാണ് ഇവിടെയുള്ളത്. ഫ്രഞ്ച് മാതൃകയിലുള്ള കെട്ടിടങ്ങളും തെരുവുകളും ഭക്ഷണവുമൊക്കെ പുതുച്ചേരിയില്‍ എത്തിയാല്‍ അനുഭവിക്കാം. 1962 ല്‍ അരവിന്ദഘോഷ് സ്ഥാപിച്ച ആശ്രമവും പുതുച്ചേരിയില്‍ എത്തിയാല്‍ മിസ് ചെയ്യരുത്.

2. ബിര്‍ ബില്ലിങ്

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഹിമാചല്‍പ്രദേശിലെ ബിര്‍ ബില്ലിങ് തീര്‍ച്ചയായും പുത്തന്‍ അനുഭവം തന്നെയാകും. ഇന്ത്യയുടെ പാരാഗ്ലൈഡിങ് തലസ്ഥാനം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ടിബറ്റന്‍ ആശ്രമങ്ങളുടെ കേന്ദ്രമാണ് ബിര്‍.

3. ഡാര്‍ജിലിങ്

ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളുടെ പശ്ചാത്തലത്തില്‍ പച്ച കുന്നുകളും മനോഹരമായ തേയിലത്തോട്ടങ്ങളും സുഖകരമായ കാലാവസ്ഥയും ഒക്കെ പ്രദാനം ചെയ്യുന്ന ഡാര്‍ജിലിങ് ഗംഭീരമായ ഒരു ട്രാവല്‍ ഡെസ്റ്റിനേഷനാണ്. ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ഒന്നാണ് ഡാര്‍ജിലിങ് ഹിമാലയന്‍ തീവണ്ടിയാത്ര. കാഞ്ചന്‍ജംഗയിലെ സൂര്യോദയം നിര്‍വചിക്കാനാകാത്ത അനുഭവമാണ് പകര്‍ന്നു നല്‍കുന്നത്. ടിബറ്റന്‍ ഭക്ഷണ രീതികളും കരകൗശല വസ്തുക്കളും ഇവിടുത്തെ പ്രധാന ആകര്‍ഷണീയതയാണ്. ടൈഗര്‍ ഹില്ലിലെ ട്രെക്കിങ് റൂട്ടുകള്‍ ഏതൊരു സഞ്ചാരിക്കും പുതിയ അനുഭവമായിരിക്കും.

4. കൂര്‍ഗ്

വിശാലമായ കാപ്പിത്തോട്ടങ്ങള്‍, കോടമഞ്ഞില്‍ പുതഞ്ഞ കുന്നുകള്‍ എന്നിവയെല്ലാം കൂര്‍ഗിലെത്തുന്ന യാത്രക്കാര്‍ക്ക് ആസ്വദിക്കാന്‍ കഴിയും. ഏഴ് തട്ടുകളായുള്ള അബ്ബി വെള്ളച്ചാട്ടം, മടിക്കേരിയിലെ രാജാക്കന്‍മാരുടെ ശവകുടീരങ്ങള്‍ നില്‍ക്കുന്ന ഗദ്ദിഗെ, ദുബാരെ ആന ക്യാമ്പ് എന്നിവ ഇവിടുത്തേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്.

5. കച്ച്

കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വെളുവെളുത്ത ഉപ്പുപരലുകളുടെ നാട്. ഒക്ടോബര്‍ അവസാന വാരത്തില്‍ നടക്കുന്ന റാന്‍ ഉത്സവം ഫെബ്രുവരി വരെ നീളും. രാജ്യത്തിനകത്തും പുറത്തു നിന്നുമൊക്കെ ധാരാളം പേരാണ് ഈ ഉത്സവത്തിന്റെ ഭാഗമാകുന്നത്.

6. ജയ്‌സാല്‍മീര്‍

ഇന്ത്യയുടെ സുവര്‍ണ നഗരമാണ് രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍. താര്‍ മരുഭൂമിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം യുനെസ്‌കോയുടെ ലോകപൈതൃക സ്ഥാനങ്ങളില്‍ ഒന്നാണ്. രാജാക്കന്‍മാരുടെ കാലത്ത് നിര്‍മിച്ച നൂറു കണക്കിന് കോട്ടകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. സുവര്‍ണ കോട്ട എന്നറിയപ്പെടുന്ന ജയ്‌സാല്‍മീര്‍ കോട്ടയും ആകര്‍ഷണീയ കാഴ്ചകളാണ്.

7. പുരി

ഒഡീഷയിലെ പുരി പവിത്രമായ ജഗന്നാഥ ക്ഷേത്രത്തിനും ബീച്ചുകള്‍ക്കും പേരുകേട്ടതാണ്. കണൊര്‍ക്ക് സൂക്യക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും പുരിയിലുണ്ട്. ആദിശങ്കരനാല്‍ സ്ഥാപിതമായ നാല് മഠങ്ങളിലൊന്ന് പുരിയിലുണ്ട്.

8. നാസിക്

മുന്തിരിത്തോട്ടങ്ങളുടെ ഭംഗി ആസ്വദിക്കണമെങ്കില്‍ നാസികില്‍ തന്നെ പോകണം. നാസിക്കില്‍ വീഞ്ഞും ഒരു ലഹരിയാണ്. ഇന്ത്യയുടെ വൈന്‍ തലസ്ഥാനം എന്ന പേരുണ്ട് നാസികിന്, രാജ്യത്ത് വില്‍ക്കുന്ന വൈനില്‍ പകുതിയും നാസിക് മേഖലയില്‍ നിന്നാണ്.ഇന്ത്യയിലെ പ്രധാനമായ ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ് നാസിക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com