

ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി ജീവിതത്തില്‍ എത്ര സമയം ചെലവഴിക്കുന്നുണ്ട്, നമ്മള്‍? അവരുടെ അടുത്തിരുന്ന്, അവര്‍ക്കു പറയാനുള്ളത് കേട്ട്? ഇങ്ങനെയൊരു ചോദ്യം നമ്മളോടു തന്നെ ചോദിപ്പിക്കുകയാണ്, കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച ഈ കുറിപ്പ്. ചുള്ളിക്കാടിന്റെ ചെറുകുറിപ്പ് അനേകം പേര്‍ സ്വന്തം വാളില്‍ ചേര്‍ത്തുവച്ചിട്ടുണ്ട്.
കുറിപ്പു വായിക്കാം:
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉറങ്ങിക്കോട്ടെ._________________________
ബാലചന്ദ്രൻ ചുള്ളിക്കാട്
______________________
"നീ സാഹിത്യപ്രഭാഷണം അവസാനിപ്പിച്ചതു വളരെ നന്നായി.പണ്ടേ ചെയ്യേണ്ടതായിരുന്നു. ബിരുദമില്ലാത്തവൻ ചികിൽസിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയില്ലേ?"
രഘുവിന്റെ ശബ്ദം.പഴയ സഹപാഠിയാണ്.കണ്ടിട്ടും കേട്ടിട്ടും വർഷങ്ങളായി.
"ഞാനും കുടി നിർത്തിയെടാ. മദ്യത്തിന് പരിധിയുണ്ട്. എന്റെ വേദനകൾ...."
രഘുവിന്റെ വാക്ക് മുറിഞ്ഞു.
"എന്താ? എന്താ?"
ഉൽക്കണ്ഠയോടെ ഞാൻ ചോദിച്ചു.
"ഒന്നൂല്ല ബാലാ. ഭാര്യ പോയി. അഞ്ചു കൊല്ലമായി. കാൻസറായിരുന്നു."
മഹാരാജാസിന്റെ ഇടനാഴികളിൽ....
കാൻറീനിൽ...
രാജേന്ദ്രമൈതാനിയിൽ...
ഒരുമിച്ചു കാണുമായിരുന്ന ആ പ്രണയകൗമാരങ്ങൾ ഒരുനിമിഷം എന്റെ മനസ്സിൽ മിന്നി മറഞ്ഞു.
എന്റെ തൊണ്ട വരണ്ടു."ഇപ്പോൾ നീ എവിടെ... എങ്ങനെ..."
ക്ഷീണിച്ച ശബ്ദത്തിൽ രഘു തുടർന്നു:"മകളുടെ കൂടെയാണ്. ഒന്നിനും ഒരു കുറവുമില്ല.എന്തു പറഞ്ഞാലും മകളും ഭർത്താവും സാധിച്ചുതരും."
"നന്നായി."ഞാൻ പറഞ്ഞു.
"പക്ഷേ. ബാലാ.."
രഘു തുടർന്നു:
" ജയ ഞാൻ പറയാതെതന്നെ എനിക്കു വേണ്ടതെല്ലാം ചെയ്തുതരുമായിരുന്നു. എനിക്ക് എന്തുവേണമെന്ന് അവൾക്കേ അറിയൂ. അവൾക്കു മാത്രം.എനിക്കറിയില്ല.
അവൾ.. അവൾ പോയെടാ."
എന്തു പറയും. എങ്ങനെ സാന്ത്വനിപ്പിക്കാൻ. ഞാൻ പിടഞ്ഞു.
"വലിയ പുസ്തകങ്ങൾ വായിച്ചുവായിച്ച് എത്രയോ നേരം ഞാൻ കളഞ്ഞു. എത്ര കാലം കളഞ്ഞു. ആർക്കും ഒരു ഗുണവുമുണ്ടായില്ല.
ആ നേരങ്ങളിൽ അവളുടെ അടുത്തിരിക്കാമായിരുന്നു. അവൾക്ക് എന്തൊക്കെയോ എന്നോടു പറയാൻ എപ്പോഴുമുണ്ടായിരുന്നു.അതൊന്നും കേൾക്കാതെ വായിച്ചും, കള്ളുകുടിച്ചും, സുഹൃത്തുക്കളൊത്തും, ചർച്ചകൾ നടത്തിയും എത്ര കാലം വെറുതേ...."
ഞാൻ ഭാരിച്ചുകൊണ്ട് ചെവിയോർത്തു.
"എടാ. നമ്മളെ വായന ശീലിപ്പിച്ച ഭരതൻസാർ പുസ്തകങ്ങളെക്കുറിച്ചു മാത്രം നമ്മളോടു സംസാരിച്ചു. കഷ്ടം.
ജയയുടെ ബോഡി എടുക്കുംമുമ്പ് അവളുടെ വിരലുകളിൽ ഞാൻ അവസാനമായി തൊട്ടുനോക്കി.അതൊക്കെ പരുക്കനായിപ്പോയിരുന്നു. ഞാനറിഞ്ഞില്ല. ഒന്നും അറിഞ്ഞില്ല...."
ഫോൺ വെച്ചശേഷം ഞാൻ അകത്തു ചെന്നു നോക്കി.
വിജി പണിയെടുത്തു തളർന്ന് ഉറങ്ങുകയാണ്. വയസ്സ് എത്രയായി? അറുപത്തിമൂന്നോ അറുപത്തിനാലോ..
എത്രയെങ്കിലുമാകട്ടെ.
ഉറങ്ങിക്കോട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates