ഇതാ മുഫാസയുടെ മകൻ സിംബ; സിംഗപ്പൂരിലെ ലയൺ കിങ് (വീഡിയോ)
സിംബ എന്ന കുട്ടി സിംഹത്തിന്റെ പേര് കേൾക്കാത്തവർ കുറവായിരിക്കും. ഡിസ്നിയുടെ ലോകമെങ്ങും തരംഗം സൃഷ്ടിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ലയൺ കിങ്ങിലെ കുട്ടി സിംഹമാണ്. അങ്ങനെയൊരു കുട്ടി സിംഹമാണ് ഇപ്പോൾ താരം. അവന്റെ പേരും മറ്റൊന്നല്ല. സിംബ എന്നു തന്നെയാണ്. സിംഗപ്പൂരിലെ ഒരു മൃഗശാലയിലാണ് മൂന്ന് മാസം മാത്രം പ്രായമുള്ള സിംബയുടെ താമസം. ഈ മൃഗശാലയിൽ ആദ്യമായി ജനിക്കുന്ന സിംഹക്കുട്ടിയാണ് സിംബ.
കഴിഞ്ഞ ദിവസം സിംഗപ്പൂർ മൃഗശാലയിലെ അധികൃതർ മൂന്നു മാസമായ സിംബയെ ലോകത്തിനു പരിചയപ്പെടുത്തിയത് തികഞ്ഞ വൈകാരികതയോടെയാണ്. ലയൺ കിങ് എന്ന ചിത്രത്തിൽ ആഫ്രിക്കയിലെ സാവന്നയുടെ രാജാവായ മുഫാസ തന്റെ പുത്രനെ മറ്റുള്ളവർക്കു പരിചയപ്പെടുത്തിയതു പോലെ തന്നെ. സിംഗപ്പൂരിലെ സിംബയുടെ അച്ഛന്റെ പേരും മുഫാസ എന്നു തന്നെ. എന്നാൽ സിംബയുടെ വരവോടെ മുഫാസ മരിക്കുകയാണ് യഥാർഥ ജീവിതത്തിൽ. സിംബയുടെ ജനനത്തിനു കാരണമായതിനു ശേഷമാണ് മുഫാസയുടെ മടക്കം.
സിംഗപ്പൂരിലെ മൃഗശാലയിൽ എത്തിയ ഒരു ആഫ്രിക്കൻ സിംഹമാണ് മുഫാസ. കൂട്ടിലിട്ടതിനാലാണോ എന്തോ, തികച്ചും ഏകാകിയായിരുന്നു മുഫാസ. മറ്റുള്ള മൃഗങ്ങളോട് സഹവസിക്കാൻ താത്പര്യമില്ലാതിരുന്ന മുഫാസയ്ക്ക് പക്ഷേ മറ്റു സിംഹങ്ങളേക്കാൾ ആയുസ് കൂടുതലായിരുന്നു. 20 വയസായിരുന്നു മുഫാസയുടെ പ്രായം. സാധാരണ സിംഹങ്ങൾ 13–14 വയസ് വരെയെ ജീവിച്ചിരിക്കൂ.
ഏകാന്തത ഇഷ്ടപ്പെടുന്ന സ്വഭാവമായതിനാൽ മുഫാസയ്ക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല. ഒടുവിൽ കൃത്രിമ ഗർഭധാരണത്തിലൂടെ മുഫാസയുടെ ജീനുകളുള്ള ഒരു സിംഹക്കുട്ടിയെ ജനിപ്പിക്കാൻ മൃഗശാല അധികൃതർ തീരുമാനിക്കുകയായിരുന്നു. കെയ്‌ല എന്ന പെൺ സിംഹത്തിനെയാണ് അമ്മയായി തീരുമാനിച്ചത്. ഏറെ പഠനങ്ങൾക്കു ശേഷം അവർ പ്രക്രിയ നടപ്പാക്കാൻ തുടങ്ങി. സിംഹങ്ങളിൽ കൃത്രിമ ഗർഭധാരണം നടത്തുന്നത് വളരെ അപൂർവമായാണ്.
എന്നാൽ ഇതിനു വേണ്ടിയുള്ള പ്രക്രിയയിൽ മുഫാസയെ തീർത്തും അവശനായി. ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടായിരുന്ന മുഫാസയുടെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായിത്തീർന്നു. കഠിനമായ വേദനയിൽ പേശികൾ പോലും മടക്കാനാകാതെ മുഫാസ അലറിക്കരഞ്ഞു. ഒടുവിൽ വേദനകൾക്കെല്ലാം അറുതി നൽകാനായി മൃഗശാല അധികൃതർ മുഫാസയെ ദയാവധത്തിനു വിധേയനാക്കി. മുഫാസ ഈ ലോകത്തിൽ നിന്ന് എന്നെന്നേക്കുമായി പോയെങ്കിലും മൃഗശാല അധികൃതരുടെ ശ്രമം വിജയിച്ചു.
മുഫാസയുടെ ജീനുകളും അതേ കണ്ണുകളുമായി സുന്ദരൻ സിംഹക്കുട്ടി മൃഗശാലയിൽ ജനിച്ചു. മുഫാസയുടെ പുത്രൻ. അവന് പേരിടാൻ മൃഗശാലക്കാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സിംബ. അവർ അവനെ അങ്ങനെ വിളിച്ചു. സിംബ എന്ന വാക്കിന് ആഫ്രിക്കയിലെ സ്വാഹിലി ഭാഷയിൽ സിംഹം എന്നാണ് അർഥം.
സിംബയുടെ ജനന ശേഷം അണുബാധയുണ്ടായതിനാൽ അമ്മ കെയ്‌ലയ്ക്ക് സിംബയ്ക്ക് പാൽ കൊടുക്കാൻ പറ്റിയിരുന്നില്ല. പ്രത്യേകം തയാർ ചെയ്ത കുപ്പിപ്പാലാണ് കുട്ടി സിംഹത്തിന് മൃഗശാല അധികൃതർ നൽകുന്നത്. ജനിച്ച് മൂന്നു മാസം പിന്നിട്ടതിനാൽ ഇടയ്ക്കിടെ മാംസവും നൽകുന്നുണ്ട്. കുട്ടി ജനിച്ച് മൂന്നു മാസം പിന്നിടുന്നതു വരെ മൃഗശാല അധികൃതർ ഇക്കാര്യം വെളിയിൽ അറിയിച്ചിരുന്നില്ല. അനാവശ്യമായ ശ്രദ്ധ ഒഴിവാക്കാനായിരുന്നു ഇത്.
നിലവിൽ കെയ്‌ലയും മകനും ഒറ്റയ്ക്കാണ് കൂട്ടിൽ കഴിയുന്നത്. അൽപം ആരോഗ്യ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും കൊച്ചു സിംബ ഇപ്പോൾ നല്ല സ്മാർട്ടാണ്. താമസിയാതെ തന്നെ മൃഗശാലയിൽ വരുന്നവർക്ക് സിംബയെ പരിചയപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതിനാൽ സിംബ ദ്വീപിലെ ഒരു താരമായി മാറിയിട്ടുണ്ട്. അവനെ കാണാൻ ധാരാളം ആളുകളെത്തുമെന്ന് ഉറപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

