"ഭക്ഷണം വിളമ്പാൻ നിൽക്കുന്ന ഈ 18കാരൻ ഞാൻ തന്നെ", ഉത്സവത്തിന് കപ്പലണ്ടി വിറ്റിട്ടുമുണ്ട്: ഷെഫ് പിള്ള

ഇന്നത്തെ ഷെഫ് പിള്ളയിലേക്ക് എത്തുന്നതിന് മുമ്പ് കമ്പിളി നാരങ്ങ വിറ്റുനടന്ന, കപ്പലണ്ടി കച്ചവടം നടത്തിയ ഒരു ബാല്യമുണ്ടായിരുന്നു അദ്ദേഹത്തിന്. കടന്നുവന്ന ഈ വഴികളെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം
ഷെഫ് പിള്ള/ ചിത്രം: ട്വിറ്റർ
ഷെഫ് പിള്ള/ ചിത്രം: ട്വിറ്റർ
Updated on
2 min read

ഷെഫ് പിള്ളയുടെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കുക എന്നത് ഇന്ന് ആഹാരപ്രേമികളുടെ മാത്രമല്ല ഏതൊരു സാധാരണക്കാരന്റെയും ആ​ഗ്രഹങ്ങളുടെ പട്ടികയിൽ ഉള്ള ഒന്നാണ്. അത്രത്തോളം ജനകീയമാണ് ഇന്ന് ഈ പേര്. പക്ഷെ, ഇന്ന് കാണുന്ന ഷെഫ് പിള്ളയിലേക്ക് എത്തുന്നതിന് മുമ്പ് കമ്പിളി നാരങ്ങ വിറ്റുനടന്ന, ഉത്സവത്തിന് കപ്പലണ്ടി കച്ചവടം നടത്തിയ ഒരു ബാല്യമുണ്ടായിരുന്നു മലയാളികളുടെ ഈ പ്രിയ പാചകക്കാരന്. 18-ാം വയസ്സിൽ കാറ്ററിങ് ബോയ് ആയി ഭക്ഷണം വിളമ്പാൻ നിൽക്കുന്ന ഒരു പഴയകാല ചിത്രം പങ്കുവച്ച് ഇന്നത്തെ ബിസിനസ്സുകാരനിലേക്കുള്ള വളർച്ചയ്ക്ക് പിന്നിലെ ആദ്യ പടികൾ കുറിച്ചിരിക്കുകയാണ് അദ്ദേഹം.

ഷെഫ് പിള്ളയുടെ വാക്കുകൾ
 
ഏതോ ഒരു റിസെപ്ഷൻ പരിപാടിക്ക് ഭക്ഷണം വിളമ്പുന്ന ഈ 18കാരൻ ഇന്ന് നിങ്ങൾക്കറിയാവുന്ന ഷെഫ് പിള്ള എന്ന ഞാൻ തന്നെയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്റെയൊരു സുഹൃത്ത് ഈ ചിത്രം അയച്ചുതന്നപ്പോൾ എന്നെയത് ഒരുപാട് വർഷങ്ങൾ പുറകോട്ട് കൊണ്ടുപോയി. 

നിങ്ങൾക്ക് ഒന്നുമില്ലാത്തപ്പോൾ എവിടെനിന്നെങ്കിലും തുടങ്ങണം, ശരിയല്ലേ? എന്റെ ജീവിതം മുഴുവനും ഞാനൊരു ബിസിനസ്സുകാരനായിരുന്നു - അതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു. ആറാം ക്ലാസിലോ ഏഴിലോ പഠിക്കുമ്പോഴാണ് ഞാൻ എന്റെ ആദ്യത്തെ കച്ചവടം നടത്തുന്നത്. അന്ന് വീട്ടിൽ ഞങ്ങൾക്കൊരു കമ്പിളി നാരങ്ങയുടെ മരം ഉണ്ടായിരുന്നു. കുട്ടിക്കാലത്തെ ഒരു പ്രധാന ഫ്രൂട്ട് ആയിരുന്നു അത്. എനിക്കത് വളരെ ഇഷ്ടമായിരുന്നു. ബ്രേക്ക്ഫാസ്റ്റിന് അത് കഴിക്കാൻ വേണ്ടി രാവിലെ അഞ്ച് മണിക്കെഴുന്നേറ്റ് ഞാനത് പറിക്കാറുണ്ടായിരുന്നു. അത് പിന്നീട് ആദ്യത്തെ പോക്കറ്റ് മണിയായി മാറി. കൂട്ടമായി പറിച്ച് ഞാനത് മാർക്കറ്റിൽ വിൽക്കുമായിരുന്നു. ഒരു കഷ്ണത്തിന് 25 പൈസ വീതം. അല്ലെങ്കിൽ നാലഞ്ച് കഷ്ണങ്ങൾ ചേർത്ത് ഒരു രൂപയ്ക്ക് കൊടുക്കും. അക്കാലത്ത് കൂട്ടുകാരുടെ അടുത്ത് കൈയിൽ ഒരുരൂപ ഉണ്ടെന്ന് പറയുന്നതിലെ അഭിമാനം ആലോചിക്കാമല്ലോ! അതായിരുന്നു ഒരു കാലം. 

കുട്ടിക്കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ പനക്കാട്ടോടിൽ ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിന് പോകുന്നത് ഓർമ്മവരും. കമ്പിളിനാരങ്ങ പോലെ ഇതും എന്റെ പോക്കറ്റ് മണിക്കുള്ള വഴിയായി മാറി. ഉത്സവത്തിന് കപ്പലണ്ടി വിൽക്കുന്നതായിരുന്നു കച്ചവടക്കാരനായുള്ള എന്റെ രണ്ടാമൂഴം. കൊല്ലം ടൗൺ വരെ സർക്കാർ ബോട്ടിൽ പോയി രണ്ട് മൂന്ന് കിലോ പച്ചക്കപ്പലണ്ടി വാങ്ങി വരും. ഉത്സവപറമ്പിൽ വന്ന് അത് മണ്ണിലിട്ട് വറത്ത് ഒരു രൂപയ്ക്ക് വിൽക്കും. ഇത് വിൽക്കാൻ ഞാൻ വെടിക്കെട്ടും ഗാനമേളയും നാടകവുമൊക്കെ നടക്കുന്നതിന് അടുത്തായി തന്ത്രപരമായ സ്ഥലങ്ങളും കണ്ടെത്തുമായിരുന്നു. 

ബിസിനസ്സ് ചെയ്യാനും പണം സമ്പാദിക്കാനും ആരെങ്കിലുമൊക്കെ ആയിത്തീരാനുമുള്ള എന്റെ ആഗ്രഹം എന്നെ കൂടുതൽ അവസരങ്ങളിലേക്ക് എത്തിച്ചു. ഒന്നോർത്താൽ, ആ അവസരങ്ങൾ ഞാൻ തന്നെ സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഇന്ന് ഞാൻ എന്താണോ അതിലേക്ക് എത്തുന്നതിന് മുമ്പ് ടീനേജിൽ ഞാൻ ഒരു ഹോട്ടലിൽ വെയിറ്ററായും ക്ഷേത്രത്തിലെ ഭക്ഷണശാലയിൽ ക്ലീനറായും കാറ്ററിങ്ങ്‌ബോയ് ആയുമൊക്കെ ജോലിചെയ്തിരുന്നു. 

ചിലപ്പോഴൊക്കെ സ്റ്റക്ക് ആയി നിൽക്കുന്നതും ആശയക്കുഴപ്പത്തിലാകുന്നതുമൊക്കെ നല്ലതാണ്. എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നതും കുഴപ്പമില്ല. പക്ഷെ പ്രയത്‌നിച്ചുകൊണ്ടിരിക്കണം, തുടക്കമിടണം - ബാക്കിയെല്ലാം അതിന്റെ സ്ഥാനത്ത് വന്നെത്തും. ശ്രമിക്കൂ, ബാക്കിയെല്ലാം ശരിയാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com