

മുംബൈ: തിരിച്ചടികളുടെ പാതയിലാണ് ഐഎസ്എല്‍ 2025 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്. പ്രതികൂല സാഹചര്യത്തില്‍ പോലും നിര്‍ണായക മാറ്റങ്ങള്‍ക്ക് മുതിര്‍ന്ന ചെന്നൈ ഇരുപതുകാരനായ ഷെയ്ഖ് റഷീദിനെ ഓപണിങ്ങ് ബാറ്ററായി നിയോഗിച്ചത് ക്രിക്കറ്റ് ആരാധകരെ പോലും ഞെട്ടിച്ചിരുന്നു. വിജയം അനിവാര്യമായ ഘട്ടത്തില്‍ ചെന്നൈ വിശ്വാസം അർപ്പിച്ച ഷെയ്ഖ് റഷീദിന്റെ ക്രിക്കറ്റ് കരിയറിന് പിന്നിലും പ്രതിസന്ധികളില്‍ തളരാത്ത ജീവിത പോരാട്ടത്തിന്റെ കഥയുണ്ട്.
2022ലെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിലെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന ഷെയ്ഖ് റഷീദിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ കരുത്ത് മകന്റെ സ്വപ്‌നങ്ങളില്‍ ഒരു പിതാവ് അര്‍പ്പിച്ച വിശ്വാസം കൂടിയാണ്. റഷീദിന്റെ ക്രിക്കറ്റ് പരിശീലനത്തിനായി ജോലി പോലും ഉപേക്ഷിച്ച് കൂടെ നിന്ന വ്യക്തിയാണ് പിതാവ് ഷെയ്ഖ് ബലിഷാ വാലി. പഴക്കച്ചവടം ഉള്‍പ്പെടെ നടത്തിയാണ് ബലിഷാ വാലി മകന്റെ പരിശീലനത്തിനും കുടുംബത്തിനും താങ്ങായത്. ഹിന്ദിയോ ഇംഗീഷോ അറിയാത്ത ഒരു സാധാരണക്കാരനാണ് റഷീദിന്റെ പിതാവ്.
2022ലെ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമിലെ ഉപനായകനാകാന്‍ കഴിഞ്ഞത് റഷീദിന്റെ കരിയറിലെ ആദ്യ അധ്യായമാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ലഭിച്ച അവസരം രണ്ടാമത്തെ നാഴിക കല്ലാണ്. മകന്റെ കരിയറിനായി താന്‍ കടന്നുപോയ വഴികള്‍ വിവരിച്ച് പിതാവ് പറയുന്നു. റഷീദിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചു ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''റഷീദിന്റെ പ്രകടനം ടിവിയില്‍ കണ്ടിരുന്നു, വലിയ സന്തോഷമായി. തന്റെ കഷ്ടപാടിനുള്ള അംഗീകാരം കൂടിയായാണ് ഇതിനെ കാണുന്നത്. ഹൈദരാബാദില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരിക്കെയാണ് റഷീദിന് ഹൈദരാബാദ് ക്രിക്കറ്റ് അക്കാദമിയില്‍ പ്രവേശനം ലഭിക്കുന്നത്. അന്ന് എട്ട് വയസായിരുന്നു റഷീദിന്റെ പ്രായം. രണ്ട് വര്‍ഷത്തിന് ശേഷം ആന്ധ്ര പ്രദേശ് അണ്ടര്‍ -14 ടീമില്‍ ഇടം ലഭിച്ചു. അവന് നല്ല ക്രിക്കറ്റ് പരിശീലനം നല്‍കുന്നതിനായി, ഞാനും ഭാര്യ ജ്യോതിയും രണ്ട് ആണ്‍മക്കളും അടങ്ങുന്ന കുടുംബം ഗുണ്ടൂരിലേക്ക് താമസം മാറ്റി. പിന്നാലെ 2014 ല്‍ അവന്‍ മംഗളഗിരി ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു.''
''ഈ പറിച്ചുനടല്‍ പക്ഷേ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യയുണ്ടാക്കി. ബലിഷായ്ക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. വീട്ടില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ആയിരുന്നു അക്കാദമി. മകനെ എന്നും രാവിലെ അക്കാദമിയില്‍ എത്തിക്കാനും കൊണ്ടുവരാനും വേണ്ടിയാണ് ജോലി ഉപേക്ഷിച്ചത്. പിന്നീട് കുടുംബം പുലര്‍ത്താന്‍ പഴക്കച്ചവടം തുടങ്ങി. തന്റെ മൂത്ത മകന്‍ റിയാസ് ആയിരുന്നു ഇതിനിടെ ആശ്വാസമായത്. നിലവില്‍ ഹൈദരാബാദില്‍ ജോലിചെയ്യുകയാണ് റിയാസ്, ഒപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകുന്നു.'' ബലിഷാ പറയുന്നു.
പ്രതിസന്ധികളില്‍ തുണയായവരില്‍ വിസ്മരിക്കാന്‍ കഴിയാത്ത പേരുകളാണ് ഡോ. ഇന്ദ്രസെന്‍ റെഡ്ഡി, ബാങ്കര്‍ ഉല്ലി ശ്രീകാന്ത് എന്നിവരുടേതെന്നും ബലീഷ പറയുന്നു. റഷീദിന്റെ മികവ് തിരിച്ചറിഞ്ഞ ഇരുവരും വലിയ സഹായങ്ങള്‍ ആണ് നല്‍കിയത് എന്നും ബലിഷാ ഓര്‍ത്തെടുക്കുന്നു. മകന്റെ മികവിന് പിന്നില്‍ പരിശീലകരായ എ ജി പ്രസാദ്, എസ് എന്‍ ഗണേഷ് , കൃഷ്ണ റാവു, എന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുടെ പങ്കും പ്രധാനമാണെന്നും ബലിഷാ ഓര്‍ക്കുന്നു.
റഷീദിന്റെ കരിയറിന് ഒപ്പം രാജ്യത്തെ വലിയ നഗരങ്ങളിലേക്ക് സഞ്ചരിക്കേണ്ടിവന്ന സാഹചര്യങ്ങളും പിതാവ് ഓര്‍ത്തെടുക്കുന്നു. ''ചെന്നൈ, ഹൈദരാബാദ് പോലുള്ള നഗരങ്ങലിലേക്കുള്ള യാത്രകള്‍ അത്ര എളുപ്പമായിരുന്നില്ല. യാത്ര ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യുന്നതുള്‍പ്പെടെ വെല്ലുവിളിയായി. പണം തന്നെയായിരുന്നു പ്രശ്‌നം. പലപ്പോഴും ജനറല്‍ ടിക്കറ്റിലായിരുന്നു യാത്രകള്‍. ലോക്കല്‍ കംപാര്‍ട്ട്‌മെന്റിലെ ശുചിമുറിയ്ക്കടുത്ത് ക്രിക്കറ്റ് കിറ്റില്‍ തലവച്ചായിരുന്നു ഇത്തരം യാത്രകളില്‍ റഷീദ് ഉറങ്ങിയിരുന്നത്'' പിതാവ് ഓര്‍ത്തെടുക്കുന്നു.
ചെന്നൈയിലെ സ്‌റ്റേഡിയത്തില്‍ മകന്റെ കളി നേരിട്ട് കാണുന്ന മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ് നിലവില്‍ ബാലിഷ. ജീവിതകാലം മുഴുവന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ഒരു നിമിഷമായിരിക്കും അതെന്നും ബാലിഷ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates