വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

കാസര്‍കോടിന്റെ വൈവിധ്യങ്ങളിലേക്ക് ആണ്ടിറങ്ങിയാല്‍ ആരെയും അമ്പരിപ്പിക്കുന്ന നിരവധി ചരിത്ര ശേഷിപ്പുകള്‍ കാണാം
cultural importance of Kasaragod
കാസർകോട്ടെ ചരിത്രശേഷിപ്പുകൾ
Updated on
2 min read

കാസര്‍കോട്: കാസര്‍കോടിന്റെ വൈവിധ്യങ്ങളിലേക്ക് ആണ്ടിറങ്ങിയാല്‍ ആരെയും അമ്പരിപ്പിക്കുന്ന നിരവധി ചരിത്ര ശേഷിപ്പുകള്‍ കാണാം.അതിലൊന്നാണ് കാസര്‍കോട് നഗരത്തിന് 4 കിലോമീറ്റര്‍ വടക്ക് ദേശീയപാതയോട് ചേര്‍ന്നുള്ള 'കൂടല്‍' എന്ന ദേശം.

എട്ടു നൂറ്റാണ്ട് മുമ്പ് നടന്ന ഒരു വേദാന്ത സംവാദത്തിന്റെ ഒടുവിലെ കൂടല്‍ വഴി കൈവന്നതാണ് ഈ പേര്. ഏതാണ്ട് 1300-ാം ആണ്ടിന്റെ മധ്യത്തില്‍ 17 ദിവസങ്ങളിലായി ഇവിടെത്തെ കാവുഗോളി കാവു മനയ്ക്കടുത്തുള്ള വിഷ്ണു മംഗലം ക്ഷേത്രത്തില്‍വച്ചാണ് പണ്ഡിത ആചാര്യന്മാരുടെ പൊരിഞ്ഞ വേദാന്ത സംവാദം നടന്നത്. സംവാദത്തിനൊടുവില്‍ ദ്വൈതം വിജയിച്ചെങ്കിലും ദ്വൈതത്തിനുമാത്രമായി നാടിനെ വിട്ടുകൊടുക്കാന്‍ ഇവിടെയുള്ളവര്‍ തയ്യാറായില്ലെന്നുമാണ് ചരിത്രം. അങ്ങനെ അദ്വൈതവുമായി കൂടിച്ചേര്‍ന്ന് 'കൂടല്‍' ഉണ്ടായി എന്ന് കാവുമന പരമ്പരയിലെ ഇപ്പോഴത്തെ അധികാരി ലക്ഷ്മിനാരായണ പട്ടേരി പറയുന്നു.

കൂടലിന്റെ ചരിത്രപരമായ പ്രാധാന്യം സംബന്ധിച്ച് മലബാര്‍ മാന്വലിലും പ്രതിപാദിക്കുന്നുണ്ട്. ചില ചരിത്ര ശേഷിപ്പുകളും സ്മാരകങ്ങളും ഇപ്പോഴും ഇവിടെ അതേപടി നിലനില്‍ക്കുന്നുണ്ട്.അദ്വൈതത്തിനുവേണ്ടി കര്‍ണാടകയില്‍ അദ്വൈത പണ്ഡിതനായ മാധവാചാര്യരും ദ്വൈതത്തിനുവേണ്ടി ത്രിവിക്രമ പണ്ഡിതാചാര്യരുമായിരുന്നു സംവാദത്തില്‍ ഏറ്റുമുട്ടിയത്. ഈ സംവാദത്തിന്റെ സ്മാരകമായി വടക്കും പടിഞ്ഞാറും ഓരോ ശൈവ-വൈഷ്ണവ ക്ഷേത്രങ്ങളുമുണ്ട്.

ദ്വൈതാചാര്യന്‍ ത്രിവിക്രമ പണ്ഡിതാചാര്യരുടെ സമാധിസ്ഥാനം സ്ഥിതി ചെയ്യുന്നത് പട്ടേരിമനയുടെ മുമ്പിലുള്ള വയലിലാണ്. മനയുടെ വകയാണ് 30 ഏക്കറില്‍ നീണ്ടുകിടക്കുന്ന വയലും പറമ്പും. ഇതിനകത്ത് കല്ലിലും കോണ്‍ക്രീറ്റിലുമായി പണിത കെട്ടിടത്തില്‍ ത്രിവിക്രമാചാര്യരുടെ സ്മാരകമുണ്ട്. ഇവിടെ മുടങ്ങാതെ ദിവസവും വിളക്ക് കത്തിച്ച് വെക്കുന്നുണ്ട്. ചുമരില്‍ വിരിച്ച മാര്‍ബിളില്‍ ആചാര്യന്മാര്‍ രചിച്ച സംസ്‌കൃത ശ്ലോകങ്ങളും അതേപ്പടി സൂക്ഷിക്കുന്നു. വായുസ്മൃതി, നരസിംഹസ്മൃതി, വിഷ്ണു സ്തൂതി തുടങ്ങിയ ഗ്രന്ഥങ്ങളിലെ ശ്ലോകങ്ങളാണ് പകര്‍ത്തിവെച്ചിരിക്കുന്നത്. ഈ കൃതികള്‍ക്കു പുറമെ ഉഷാഹരണ, മാധ്വസ്‌തോത്രം, തത്വപ്രദീപ തുടങ്ങിയ കൃതികളും ത്രിവിക്രമ പണ്ഡിതാചാര്യര്‍ രചിച്ചു. സ്മാരകത്തിനുതൊട്ട് പുരാതന രീതിയില്‍ പടവുകള്‍ കെട്ടി പൊക്കിയ വലിയ ഒരുകുളവുമുണ്ട്.18 ദിവസം നിശ്ചയിച്ച സംവാദം 17 ആം ദിവസം കുമ്പള ജയസിംഹ രാജാവിന്റെ മധ്യസ്ഥതയില്‍ അവസാനിപ്പിച്ചതായും ലക്ഷ്മിനാരായണ പട്ടേരി പറയുന്നു

അദ്വൈത പ്രചാരണവുമായി ഊരുചുറ്റുന്നതിനിടെയാണ് കര്‍ണാടക ഉഡുപ്പി സ്വദേശിയായ മാധവാചാര്യര്‍ കാവുമനയിലെത്തുന്നത്. സംവാദാനന്തരം തിരിച്ചുപോയ മാധവാചാര്യര്‍ ഉഡുപ്പി ശിവക്ഷേത്രത്തിലെ താമസസ്ഥലത്തുവെച്ച് പിന്നീട് സമാധിയായി. ത്രിവിക്രമാചാര്യര്‍ കാവുമനയില്‍ വെച്ചുമാണ് മരിക്കുന്നത്. നാരായണ പണ്ഡിതാചാര്യയും കല്യാണി ദേവിയും ത്രിവിക്രമാചാര്യരുടെ മക്കളാണ്. പിതാവിനെ പോലെ ഇരുവരും വേദ ഇതിഹാസങ്ങളിലും ഉപനിഷത്തുക്കളിലും പുരാണങ്ങളിലുമൊക്കെ പണ്ഡിതരായിരുന്നു. ഗായത്രി മന്ത്രത്തിന്റെ ലളിതസാരമായ കല്യാണിമന്ത്രംരചിച്ചത് കല്യാണി ദേവിയാണ്. മാധവാചാര്യരുടെ ജീവചരിത്രമായി മാധവ വിജയം രചിച്ചത് നാരായണ പണ്ഡിതരാണ്. നാരായണ പണ്ഡിതരുടെ ശവകുടിരവും കാവുമന പരിസരത്തുണ്ട്. ത്രിവിക്രമ പണ്ഡിതാരാചര്യരുടെ രചനകളും ജീവചരിത്രവും കാവുമന സംവാദത്തിന്റെ വിവരങ്ങളുമെല്ലാം അടങ്ങിയ ഗ്രന്ഥം 'സുമന്തവിജയം' എന്ന പേരില്‍ കന്നഡയിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ധാരാളം താളിയോലഗ്രന്ഥങ്ങള്‍ കാവുമനയിലുണ്ടായിരുന്നു. ഇതില്‍ പലതും നഷ്ടപ്പെട്ടതായും ലക്ഷ്മി നാരായണ പട്ടേരി പറയുന്നു. ചിലത് ഇതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ വന്നവര്‍ കൊണ്ടുപോയി. ചില ഗ്രന്ഥങ്ങള്‍ കോഴിക്കോട് സര്‍വ്വകാലശാല ആര്‍ക്കൈവില്‍ സൂക്ഷിക്കുന്നുണ്ടെന്നും ഡോ.എന്‍വിപി ഉണിത്തിരായാണ് അവിടെ അവ എത്തിച്ചതെന്നും ലക്ഷ്മിനാരായണ പട്ടേരി പറഞ്ഞു.

കാവുമഠത്തിന്റെ തെക്കിനിയ്ക്കപ്പുറം ദ്വൈതവും വടക്കിനിയ്ക്കപ്പുറം അദ്വൈതവുമെന്ന് വി ടി ഭട്ടത്തിരിപ്പാട് തന്റെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തില്‍ വ്യക്തമാക്കുന്നുണ്ട്. യോഗക്ഷേമ സഭയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വി ടി കാവുമനയില്‍ പലതവണ വന്നതായും പറയുന്നു. പഴയ 'നാലു കെട്ടും നടുമുറ്റവുമൊക്കെയുള്ള വലിയ ബ്രാഹ്മണ തവറവാട് വീടാണ് കാവുമന. ലക്ഷ്മി നാരായണ പട്ടേരിയും കുടുംബവും

ജ്യേഷ്ഠാനുചരന്മാരായ മറ്റു പേരുടെ കുടുംബവും താമസിക്കുന്നത് ഇവിടെയാണ്. മനയില്‍ കാര്യമായ പുതുക്കിപണിയലുകള്‍ നടക്കുന്നുവരികയാണ്. 2024 നവംബര്‍ 16 മുതല്‍ 26 വരെയായി 10 ദിവസം നീണ്ടുനില്‍ക്കുന്ന ചതുര്‍വേദ മഹായജ്ഞം ഇവിടെ നടക്കുന്നുണ്ട്. വിപുലവും വൈവിധ്യവുമായ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഇതും ചരിത്രത്തിന്റെ ഭാഗമാകുമെന്നും ലക്ഷ്മിനാരായണ പട്ടേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

cultural importance of Kasaragod
ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com