

നമ്മുടെ നാടൻ വിഭവങ്ങൾക്ക് രുചിയും മണവും കിട്ടാൻ ഉപയോഗിക്കുന്ന സവിശേഷമായ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കായം. 'ചെകുത്താന്റെ കാഷ്ഠം' എന്നൊരു ഇരട്ടപ്പേരും ഇതിനുണ്ട്. അവയുടെ ചവപ്പുരുചിയും രൂക്ഷഗന്ധവുമാണ് ആ പേരു വീഴാൻ കാരണം. ഇന്ത്യൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത കായം, പക്ഷെ ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ചതല്ല.
ഇറാനിലെയും അഫ്ഗാനിസ്ഥാനിലെയും വരണ്ട മലനിരകളിൽ വളരുന്ന 'ഫെറുല അസഫോറ്റിഡ' എന്ന ചെടിയുടെ കറയാണ് കായം. മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് ഇവ പൂവിടുന്നത്. ആ കാലയളവിൽ സസ്യത്തിന്റെ വേരിനോട് ചേർന്നുള്ള കാണ്ഡത്തിൽ മുറിവുകൾ ഉണ്ടാക്കി, ആ മുറിവിലൂടെ ഊറിവരുന്ന വെള്ളനിറമുള്ള കറ മൺപാത്രങ്ങളിൽ ശേഖരിക്കും. ഈ കറ ഉണക്കിയെടുത്താണ് കായം നിർമ്മിക്കുന്നത്. കാറ്റടിക്കുമ്പോൾ ഇവ കറുത്ത നിറമാകും.
'അസ' എന്നാൽ പേർഷ്യൻ ഭാഷയിൽ ഗം എന്നും, 'ഫോട്ടിഡ' എന്നാൽ ലാറ്റിൻ ഭാഷയിൽ ദുർഗന്ധം വമിക്കുന്നത് എന്നുമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഇതിനെ ഹിങ് എന്നാണ് കായത്തെ വിളിക്കുന്നത്. പുരാതന കാലം മുതൽ ലോകത്തിൻ്റെ പലഭാഗങ്ങളിൽ കായം വ്യാപകമായി ഉപയോഗിച്ചിരുന്നു. പശ്ചിമേഷ്യയിലും മെഡിറ്ററേനിയനിലും ഇത് ഔഷധമായും പാചകത്തിനും ഉപയോഗിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.
രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുൻപു തന്നെ കായവും സമാന സസ്യങ്ങളും ദീർഘദൂര വ്യാപാര ശൃംഖലകളുടെ ഭാഗമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. മഹാനായ അലക്സാണ്ടർ ചക്രവത്തിയാണ് ഇന്ത്യയിലേക്ക് കായം കൊണ്ടു വന്നതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. ഹിന്ദുകുഷ് പർവതനിരകളിൽ അലക്സാണ്ടറുടെ സൈന്യം അപൂർവ സിൽഫിയം സസ്യമാണെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യയിൽ എത്തിച്ചതാണ് കായം എന്നും പറയപ്പെടുന്നു.
പേർഷ്യയെയും മധ്യേഷ്യയെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ബന്ധിപ്പിക്കുന്ന കരമാർഗവും കടൽമാർഗവുമുള്ള വ്യാപാരപാതകളിലൂടെയാവാം ഈ സുഗന്ധവ്യഞ്ജനം ഇന്ത്യയിലെത്തിയതെന്നും പറയപ്പെടുന്നു. ഇന്നത്തെ ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാർ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്ക് കായം കൊണ്ടു വന്നു. താമസിയാതെ ഇത് നമ്മുടെ പ്രാദേശിക ഭക്ഷണരീതികളിലും വൈദ്യത്തിലും സ്വീകരിക്കപ്പെട്ടു.
നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രകാരം, കഫക്കെട്ടു പോലുള്ള രോഗാവസ്ഥയ്ക്ക് ഔഷധമായി കായം ഉപയോഗിച്ചിരുന്നു. ദഹനത്തിനും വയറിലെ അസ്വസ്ഥ മാറാനും ചിലർ കായം കഴിച്ചിരുന്നു.
ആഫ്രിക്കൻ, ജമൈക്കൻ ജനങ്ങൾ കായം ധരിക്കുന്നത് ഭൂതത്തെ അകറ്റാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. അവർ മാലയിൽ എപ്പോഴും കായം ഒളിപ്പിച്ചിരുന്നു. 1918-ൽ, യുഎസിൽ സ്പാനിഷ് പനിയെ പ്രതിരോധിക്കാൻ ചിലർ കായം അടങ്ങിയ ബാഗ് അല്ലെങ്കിൽ സാഷെകളോ കയ്യിൽ കരുതിയിരുന്നു. അടുത്ത കാലത്താണ് ഇന്ത്യയിൽ ഇവയുടെ കൃഷി ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്വന്തമായി കൃഷി ചെയ്തു കായം ഉൽപാദിപ്പിച്ചാൽ പ്രതിവർഷം ഏകദേശം 100 മില്യൺ ഡോളർ ലാഭിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates