

കൊച്ചി: ക്യാപ്റ്റന്‍ രാജ്കുമാര്‍, നാവിക സേനയില്‍ നിന്നും വിരമിച്ച ഈ മലയാളി വൈമാനികന്റെ പേര് പല തവണ രാജ്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഹിമപാതങ്ങള്‍, കൊടുങ്കാറ്റുകള്‍, രാത്രികളിലെ ഡെക്ക് ലാന്‍ഡിങ്ങുകള്‍, അന്തര്‍വാഹിനികളെ നേരിടാനുള്ളയുദ്ധ പരിശീലനങ്ങള്‍ തുടങ്ങി അത്യന്ത്യം അപകടകരമായ ദൗത്യങ്ങളില്‍ ഉള്‍പ്പെടെയുള്ളവയിലെ പങ്കാളിത്തത്തില്‍ പേരുകേട്ട ക്യാപ്റ്റന്‍ രാജ്കുമാര്‍ പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കുകയാണ്. കഥകളിയാണ് ക്യാപ്റ്റന്‍ പി രാജ്കുമാറിന്റെ പുതിയ ദൗത്യ മേഖല. 2020 ല്‍ ജോലിയില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ പി രാജ്കുമാര്‍ സെപ്തംബര്‍ 22 ന് കഥകളിയില്‍ അരങ്ങേറ്റം കുറിക്കും.
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ നടക്കുന്ന നാഷണല്‍ അക്കാദമി ഫോര്‍ ടെമ്പിള്‍ ആര്‍ട്സിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിലുടെയാണ് റിട്ട. ക്യാപ്റ്റന്‍ പി രാജ്കുമാര്‍ തന്റെ കുട്ടിക്കാല സ്വപ്‌നം സാക്ഷാത്കരിക്കുന്നത്. നാവിക സേനയില്‍ നിന്നും വിരമിച്ച് അഞ്ചാം വര്‍ഷത്തിലാണ് രാജ്കുമാര്‍ ആദ്യമായി കഥകളി വേദിയിലേക്ക് എത്തുന്നത്. സഹോദരിയ്ക്ക് ഒപ്പമാണ് രാജ്കുമാറിന്റെ കഥകളി അരങ്ങേറ്റം.
നിലമ്പൂര്‍ സ്വദേശിയായ രാജ്കുമാര്‍ ചെറുപ്പത്തില്‍ മുത്തച്ഛന് ഒപ്പമാണ് ആദ്യമായി കഥകളി കാണുന്നത്. അന്ന് മനസില്‍ കയറിയ ആഗ്രഹമാണ് തന്റെ 62-ാം വയസില്‍ അദ്ദേഹം പൂര്‍ത്തിയാക്കുന്നത്. വലിയ കലാസ്‌നേഹിയായിരുന്ന നിലമ്പൂര്‍ കോവിലകത്തെ കുഞ്ഞുകുട്ടന്‍ തമ്പാന്‍ എന്ന രാജ്കുമാറിന്റെ മുത്തച്ഛന്റെ പേരില്‍ ഒരു സ്‌കോളര്‍ഷിപ്പും രാജ്കുമാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ നടക്കുന്ന നാഷണല്‍ അക്കാദമി ഫോര്‍ ടെമ്പിള്‍ ആര്‍ട്സിന്റെ മൂന്നാം വാര്‍ഷികാഘോഷത്തില്‍ തന്റെ അരങ്ങേറ്റത്തിന് പിന്നാലെ ആദ്യ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും.
കുട്ടിക്കാലം മുതല്‍ മനസില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹം എങ്കിലും കഥകളിയിലേക്കുള്ള കടന്നുവരവ് യാദൃച്ഛികമാണെന്ന് പറയുകയാണ് രാജ്കുമാർ. തന്റെ സഹോദരിക്ക് മോഹിനിയാട്ടം അധ്യാപകനെ അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷമാണ് കഥകളിയെന്ന് സ്വപ്‌നം വീണ്ടും ഉണരുന്നത്. ഇതാണ് സമയം എന്ന തിരിച്ചറിഞ്ഞതോടെ ''ധൈര്യം സംഭരിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ കഥകളി ഗുരുകുലത്തില്‍ ഡ്യൂട്ടിക്ക് ഹാജരാവുകയായരുന്നു എന്ന് രാജ്കുമാര്‍ പറയുന്നു.
പ്രശസ്ത കഥകളി ഗുരു ഏവൂര്‍ രാജേന്ദ്രന്‍ പിള്ളയുടെ കീഴിലായിരുന്നു പരിശീലനം. കൊച്ചിയിലെ സംസ്‌കാര സ്‌കൂളിന്റെ മുന്‍ പ്രിന്‍സിപ്പലായ സഹോദരി ഗായത്രി ഗോവിന്ദും രാജ്കുമാറിന് ഒപ്പം കഥകളി അഭ്യസിച്ചിരുന്നു. തൃപ്പൂണിത്തുറയിലെ ആര്‍എല്‍വി കോളജ്, ന്യൂഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളി തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍ പദവി ഉള്‍പ്പെടെ വഹിച്ചിട്ടുള്ള വ്യക്തിയാണ് തൃപ്പൂണിത്തുറയില്‍ നാഷണല്‍ അക്കാദമി ഫോര്‍ ടെമ്പിള്‍ ആര്‍ട്സ് നടത്തുന്ന ഏവൂര്‍ രാജേന്ദ്രന്‍ പിള്ള.
വൈമാനികൻ എന്ന നിലയില്‍ 2018 പ്രളയത്തില്‍ ചാലക്കുടിയില്‍ നിന്ന് 26 പേരെ ഹെലികോപ്റ്ററില്‍ രക്ഷിച്ച സംഭവമായിരുന്നു ക്യാപ്റ്റന്‍ പി. രാജ്കുമാറിന്റെ പേര് ഏറ്റവും ഒടുവില്‍ ശ്രദ്ധേയനാക്കിയത്. ഓഖി ചുഴലിക്കാറ്റിനിടെ ജീവന്‍ പണയം വച്ച് 12 മത്സ്യത്തൊഴിലാളികളെ കൊച്ചി തീരത്തെ കടലില്‍ നിന്നു രക്ഷിച്ച സാഹസിക ദൗത്യവും രാജ്കുമാറാണ് നയിച്ചത്. ദൗത്യത്തിന് രാജ്കുമാറിന് ശൗര്യചക്രയും ലഭിച്ചിരുന്നു. രണ്ട് തവണ അന്റാര്‍ട്ടിക്ക പര്യവേക്ഷണ സംഘാംഗമായിരുന്ന രാജ്കുമാര്‍ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുകാറ്റില്‍ കുടുങ്ങിപ്പോയ നാല് ശാസ്ത്രജ്ഞരെ രക്ഷിച്ചതിന് 1992ല്‍ നാവികസേനയുടെ മെഡലും നേടിയിരുന്നു. ദക്ഷിണ നാവിക കമാന്‍ഡിലെ ഐഎന്‍എസ് ഗരുഡയില്‍ ഫ്‌ലൈറ്റ് ആന്‍ഡ് ടാക്റ്റിക്കല്‍ സിമുലേറ്ററിന്റെ ഓഫിസര്‍ ഇന്‍ ചാര്‍ജ് ആയിരിക്കെയാണ് രാജ്കുമാര്‍ നാവിക സേനയില്‍ നിന്ന് വിരമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates