

സ്‌ട്രോബെറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുളിര്‍മയുള്ള കാലാവസ്ഥയും കടകളില്‍ കാണുന്ന ഉയര്‍ന്ന വിലയുമാണ് മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രം വളരുന്ന ഫലവര്‍ഗമായതിനാല്‍ തന്നെ നമ്മള്‍ കഴിക്കുന്ന സ്‌ട്രോബെറിയുടെ വലിയൊരു പങ്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്തു നിന്നോ ആണ് എത്തുന്നത്. എന്നാല്‍ ശരിയായ ഇനം തെരഞ്ഞെടുത്ത് കൃത്യമായി പരിചരിച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും ടെറസിലും ഗ്രോബാഗുകളില്‍ പോലും നല്ല ഒന്നാന്തരം സ്‌ട്രോബെറി വിളയിച്ചെടുക്കാം.
നല്ല ആരോഗ്യമുള്ള തൈകള്‍ വിശ്വസനീയമായ നഴ്‌സറികളില്‍ നിന്ന് കൃഷിക്കായി തെരഞ്ഞെടുക്കണം. ഗ്രോബാഗുകളിലോ ചട്ടികളിലോ നിലത്തോ സ്ട്രോബറി വളര്‍ത്താം. വെള്ളം കെട്ടിക്കിടക്കാതെ എളുപ്പത്തില്‍ വാര്‍ന്നുപോകുന്ന മണ്ണാണ് ഇതിന് ഏറ്റവും അനുയോജ്യം. ചാണകപ്പൊടി, ചകിരിച്ചോറ്, മേല്‍മണ്ണ് എന്നിവ തുല്യ അനുപാതത്തില്‍ ചേര്‍ത്ത് ഗ്രോബാഗുകളോ ചട്ടികളോ നിറയ്ക്കാം. തൈ നടുമ്പോള്‍ വേരുകള്‍ നന്നായി മണ്ണില്‍ ഉറയ്ക്കണമെങ്കിലും ചെടിയുടെ നടുവിലുള്ള 'ക്രൗണ്‍' ഭാഗം മണ്ണിലേക്ക് ആണ്ടുപോകാത്ത വിധം ശ്രദ്ധിച്ച് നടണം.
പരിചരണവും നനയും
സ്ട്രോബറി ചെടികള്‍ക്ക് കൃത്യമായ പരിചരണം അത്യന്താപേക്ഷിതമാണ്. ദിവസവും കുറഞ്ഞത് 4-6 മണിക്കൂര്‍ വെയില്‍ ലഭിക്കുന്ന സ്ഥലത്തായിരിക്കണം ചട്ടികള്‍ വെക്കേണ്ടത്. മണ്ണില്‍ എപ്പോഴും ചെറിയ ഈര്‍പ്പം വേണം, എന്നാല്‍ വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. ചെടിയുടെ ഇലകളിലും പൂക്കളിലും നേരിട്ട് വെള്ളമൊഴിക്കാതെ ചുവട്ടില്‍ ഒഴിച്ചുനനയ്ക്കുന്നതാണ് നല്ലത്. മള്‍ച്ചിങ് (ആവരണം നല്‍കല്‍) ഇലകളോ ഉണങ്ങിയ പുല്ലോ ഉപയോഗിച്ച് ചെടിയുടെ ചുവട് മൂടുന്നത് മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താനും, കായ്കള്‍ മണ്ണില്‍ തട്ടി ചീഞ്ഞുപോകാതിരിക്കാനും സഹായിക്കും.
വളപ്രയോഗം
ചെടിയുടെ വളര്‍ച്ചയ്ക്കും മികച്ച വിളവിനും ജൈവവളങ്ങള്‍ ഉപയോഗിക്കാം. ചാണകപ്പൊടി, ആട്ടിന്‍കാഷ്ടം, വേപ്പിന്‍പിണ്ണാക്ക് എന്നിവ ചെറിയ അളവില്‍ നിശ്ചിത ഇടവേളകളില്‍ നല്‍കാം. പൂവിടുന്ന സമയത്ത് ജൈവ സ്‌ളറിയോ കമ്പോസ്റ്റോ നല്‍കുന്നത് കായ്കള്‍ വലുപ്പമുള്ളതാകാന്‍ സഹായിക്കും.
വിളവെടുപ്പ്
തൈ നട്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചെടികള്‍ പൂവിടാന്‍ തുടങ്ങും. പച്ചനിറത്തിലുള്ള കായ്കള്‍ നല്ല ചുവപ്പുനിറമാകുന്നതോടെ വിളവെടുക്കാം. ചെടിക്ക് കേടുപാടുകള്‍ സംഭവിക്കാത്ത രീതിയില്‍ ശ്രദ്ധയോടെ വേണം പഴങ്ങള്‍ പറിച്ചെടുക്കാന്‍. കൃത്യമായ പരിചരണം കൊണ്ട് വലിയ സന്തോഷവും ഫലവും നല്‍കുന്ന ഒന്നാണ് സ്ട്രോബറി കൃഷി. വീടുകളില്‍ ലഭ്യമായ ചെറിയ സ്ഥലത്ത് പോലും വളരെ എളുപ്പത്തില്‍ ഇത് ചെയ്‌തെടുക്കാം.
How to Grow Bright Red Strawberries at Home
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates