തൃശൂർ: ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോയുടെ കാവൽക്കാരിയായി ഇനി റോസി എന്ന തെരുവുനായ ഇല്ല. 12 വർഷം മുൻപ് ഗാരേജിലെത്തിയ നായക്കുട്ടി വളരെ പെട്ടെന്നാണ് ജീവനക്കാരുടെ ജീവിതത്തിന്റെ ഭാഗമായത്. അന്നം നൽകി അവർ അവളെ കൂടെക്കൂട്ടി. പകരം രാത്രിയും പകലും ഗാരേജിന്‍റെ കാവൽ ജോലി അവള്‍ ഏറ്റെടുത്തു.
ഡിപ്പോയ്ക്ക് സമീപം അലഞ്ഞു തിരിഞ്ഞു നടന്ന അമ്മ നായ ചത്തതോടെയാണ് അനാഥനായ റോസിയെ കെഎസ്ആര്‍ടിസി ഗാരേജിലെ ജീവനക്കാരനായ അഞ്ഞൂര്‍ സ്വദേശി സിഎസ് ഉണ്ണികൃഷ്ണന്‍ ഡിപ്പോയിലെത്തിച്ചത്. സെല്ലുലോയ്ഡ് സിനിമ റിലീസ് ചെയ്ത സമയമായിരുന്നു അത്. അതുകൊണ്ട് ചിത്രത്തിലെ നായികയുടെ പേര് തന്നെ നായക്കുട്ടിക്ക് ഇടാമെന്ന് ജീവനക്കാർ തീരുമാനിച്ചു. അന്ന് മുതൽ റോസി ജീവനക്കാരുടെ കണ്ണിലുണ്ണിയായി വളര്‍ന്നു.
ദിവസവും ഉണ്ണികൃഷ്ണന്‍റെ ഭക്ഷണത്തില്‍ ഒരു പങ്ക് റോസിക്കുള്ളതാണ്. കോവിഡ് കാലത്തും ഉണ്ണികൃഷ്ണന്‍ അതിന് മുടക്കുണ്ടാക്കിയിട്ടില്ല. ഗാരേജിനുള്ളിലെ വർക്ക് ഷോപ്പിൽ ജീവനക്കാരല്ലാതെ റോഡിക്ക് മാത്രമാണ് കയറാൻ അധികാരമുണ്ടായിരുന്നത്.
ഗാരേജിനുള്ളിൽ ഇഴചെന്തുക്കളെയോ ബസ്സല്ലാത്ത മറ്റൊരു വാഹനമോ കയറാൽ റോസി അനുവദിച്ചിരുന്നില്ല. അപരിചിതരെ തടഞ്ഞു നിർത്തും. കെഎസ്ആർടിസി ബസ്സുകൾ തിരിച്ചറിയാനുള്ള റോസിയുടെ കഴിവ് പ്രശംസനീയമാണെന്ന് ജീവനക്കാർ പറയുന്നു. രണ്ട് മാസം മുൻപാണ് റോസി അസുഖ ബാധിതയാകുന്നത്. പരിശോധനയിൽ റോസിയുടെ ഹൃദയ വാൽവിന് തകരാറാണെന്ന് കണ്ടെത്തി.
കഴുത്തിൽ മുഴ വന്ന് തീർത്തും അവശയായിരുന്ന റോസി ജീവനക്കാരുടെ കാരുണ്യത്തിൽ രണ്ട് മാസം ജീവന്‍ പിടിച്ചു നിര്‍ത്തി. റോസിയെ ആചാരപൂർവമാണ് ജീവനക്കാര്‍ യാത്രയാക്കിയത്. പൊതുദര്‍ശനം നടത്തി. ഡിപ്പോ പരിസരത്തു തന്നെ കുഴിമാടമൊരുക്കി സംസ്‌കരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
