

കാസര്‍കോട്: ഉദുമയിലെ ഒരു ഗ്രാമം മുഴുവന്‍ ചെണ്ടമേളം അഭ്യസിക്കുന്നതിന്റെ ആവേശത്തിലാണിപ്പോള്‍. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അമ്മമാരും യുവാക്കളുമടക്കം കൊക്കാല്‍ എന്ന ഗ്രാമത്തിലെ 80ലധികം പേരാണ് ചെണ്ടമേളം പഠിച്ചുകൊണ്ടിരിക്കുന്നത്. കുറച്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതലാണ് നാട് വീണ്ടും താളമേളവാദ്യ ഘോഷമാക്കുന്നത്.
വൈകുന്നേരം ഏഴുമണിയാല്‍ കൊക്കാല്‍ഗ്രാമം ചെണ്ടമേള ശബ്ദമുഖരിതമാകും. വേനലവധിയില്‍ എല്ലാ ദിവസങ്ങളിലും, ഇപ്പോള്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലുമാണ് പരിശീലനം. പഠനം ഏഴുമാസം പിന്നിട്ടതോടെ ചെമ്പട മേളവും തൃപടയും പഞ്ചാരിമേളവും അഞ്ചാംകാലവും കഴിഞ്ഞ് അവസാന ക്രോഡീകരണത്തിലെത്തിയിരിക്കുകയാണ്. ഒരുവീട്ടില്‍ നിന്ന് ഒരു ചെണ്ടമേളക്കാരനെങ്കിലും കൊക്കാലില്‍ നിര്‍ബന്ധമായും ഉണ്ടാകും. ഇതാണ് ലക്ഷ്യവും. കൊക്കാലിലെ നാട്ടുകാരാണ് ചെണ്ടകൊട്ടാന്‍ നേതൃത്വം നല്‍കുന്നത്.
ചെറുപ്പത്തില്‍ ചെണ്ടമേളം പഠിക്കണമെന്ന ആഗ്രഹം നടക്കാതെപോയ ചില അമ്മമാരും മക്കളെ പരിശീലിപ്പിക്കാനെത്തിയപ്പോള്‍ ആവേശത്തില്‍ കൊട്ടിത്തുടങ്ങി. അങ്ങനെ മക്കളും അമ്മമാരും പരിശീലനപൊടിപൂരത്തിലാണ്. സമയം കണ്ടെത്തി എല്ലാ ദിവസവും മുടങ്ങാതെ ചെണ്ടമേളം പരിശീലിക്കുന്നുണ്ടെന്നും കുട്ടികളും അമ്മമാരും സാക്ഷ്യപ്പെടുത്തുന്നു.ഈ പ്രായത്തില്‍ ചെണ്ടമേളം പഠിക്കാന്‍ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നു അമ്മമാമാരും പറയുന്നു. കരിങ്കല്‍ പാളികളില്‍ വാളംപുളി മരംകൊണ്ട് ഉണ്ടാക്കുന്ന ചെണ്ട കോലുകള്‍ കൊണ്ട് കൊട്ടിയാണ് ആദ്യഘട്ട പരിശീലനം.
കൈവഴക്കവും താളവും ഹൃദിസ്ഥമാകുന്നതോടെയാണ് പരിശീലനം ചെണ്ടയിലേക്ക് മാറുക. മുതിര്‍ന്നവര്‍ക്ക് കൈവഴക്കത്തിനും സംശയങ്ങള്‍ പരിഹരിക്കാനും മിക്ക 'ദിവസങ്ങളിലും പ്രത്യേക പരിശീലന ക്ലാസുണ്ട്. സൗജന്യമായി ചെണ്ടമേളം പഠിപ്പിക്കാന്‍ 'മുന്നോട്ടുവന്നത് സമീപവാസിയായ സി വിശ്വനാഥനാണ്. ആദ്യസംഘത്തില്‍ നിന്ന് പഠിച്ചിറങ്ങിയ നിഖില്‍ രാഘവന്‍, അഭിഷേക്, ശിവന്‍, അഭിലാഷ്, നിധീഷ് തുടങ്ങിയവരും സഹായത്തിനുണ്ട്. പരിശീലനത്തിന് നേതൃത്വം നല്‍കുന്ന കൊക്കാലിലെ സി വിശ്വനാഥന്‍ പറയുന്നതിങ്ങനെ...
ആദ്യം ഏറെ ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച്, നന്നായി പരിശീലിച്ചുവരുന്നുണ്ട്. ഉദുമ കൊക്കാല്‍ ഷണ്‍മുഖമഠത്തിന്റെ തിരുമുറ്റമാണ് മേളപ്പെരുക്കം പഠിപ്പിക്കുന്ന വേദി. 10 വയസിന് മുകളിലുള്ള 70 ഓളം കുട്ടികളും 45 പിന്നിട്ട അഞ്ചുപേരും നാലു വീട്ടമ്മമാരും ചെണ്ടമേളം പഠിതാക്കളായുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates