

ഡേറ്റിങ്ങിന്റെ കാര്യത്തിൽ ന്യൂ ജനറേഷൻ കുട്ടികൾക്ക് ഒളിവും മറയുമില്ല, തങ്ങൾക്ക് വേണ്ടതെന്തെന്ന് കൃത്യമായി തുറന്നുപറയുന്നവരാണ് അവർ. എന്താണ് ഉദ്ദേശമെന്ന് കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കുന്നതിലാണ് ജെൻ സികൾ മുൻകൈയെടുക്കുന്നതെന്നാണ് ഡേറ്റിങ് ആപ്പായ ടിൻഡർ നടത്തിയ സർവെയിൽ കണ്ടെത്തിയത്.
സുതാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് മുൻകൂട്ടി നിശ്ചയിച്ച അജണ്ടകളൊന്നുമില്ലാതെയുള്ള ബന്ധങ്ങളെ ജെൻ സികൾ വിശേഷിപ്പിക്കുന്ന പദമാണ് 'സിറ്റുവേഷൻഷിപ്പ്'. ബംഗളൂരുവിലെ 43 ശതമാനം ചെറുപ്പക്കാരും സിറ്റുവേഷൻഷിപ്പ് ഡേറ്റിങ് തെരഞ്ഞെടുക്കുന്നവരാണെന്നാണ് പഠനം. ഇന്ത്യയിലുടനീളമുള്ള 18നും 30നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ നടത്തിയ സർവ്വേ ഫലം അവലോകനം ചെയ്താണ് കണ്ടെത്തൽ.
ഇതുവരെയുണ്ടായിരുന്ന ഡേറ്റിങ് ചിന്താഗതികളാകെ മാറ്റിമറിക്കുകയാണ് ജെൻ സികളെന്നാണ് സർവെ ചൂണ്ടിക്കാട്ടുന്നത്. സെൽഫ് കെയറിനും ഇവർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. തങ്ങളുടെ മാനസിക ക്ഷേമത്തിന് പ്രാധാന്യം നൽകാത്ത ഒരു പങ്കാളിയെ വേണ്ടെന്ന് തീരുമാനിക്കാനും അവർ ഒരുക്കമാണ്. ഒരാൾ കാഴ്ച്ചയിൽ എങ്ങനെയാണെന്നതിനേക്കാൾ മറ്റ് പല ഘടകങ്ങളുമാണ് ഇന്നത്തെ ചെറുപ്പക്കാർക്ക് പ്രധാനമെന്ന് ടിൻഡർ സർവെയിൽ പറയുന്നു. സ്വയം തിരിച്ചറിയാനുള്ള ഒരു അവസരമായി കൂടിയാണ് ഡേറ്റിങ്ങിനെ ചെറുപ്പക്കാർ കാണുന്നത്.
ബംഗളുരൂവിൽ സർവെയിൽ പങ്കെടുത്തവരിൽ പകുതി പേരും ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവരാണ്. സംഗീതത്തിലുള്ള താത്പര്യവും ഡേറ്റിങ്ങിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഒരാളെ ഡേറ്റ് ചെയ്യുന്നതിന് ഏറ്റവും പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഒന്നായി സംഗീതാഭിരുചി മാറിയിട്ടുണ്ട്. സംഗീതം പങ്കാളിയുടെ വ്യക്തിത്വം മനസ്സിലാക്കാൻ സഹായിക്കുമെന്നാണ് സർവെയിൽ പങ്കെടുത്ത 32 ശതമാനം പേരും പറയുന്നത്. ആദ്യത്തെ ഡേറ്റിനായി സംഗീതനിശകളാണ് പലരും തെരഞ്ഞെടുക്കുന്നതുപോലും.
ബംഗളൂരുവിലെ 54 ശതമാനം യുവാക്കളും വ്യത്യസ്ത ലിംഗഭേദമോ ലൈംഗികതയോ സ്വത്വമോ ഉള്ള ഒരാളുമായി ഡേറ്റിങ് നടത്താൻ തയ്യാറാണ്. 39ശതമാനം പേർ വ്യത്യസ്ത വിഭാഗത്തിലുള്ളവരും സംസ്കാരങ്ങളിലുള്ളവരുമായി ഡേറ്റിങ്ങിന് ഒരുക്കമാണ്. പ്രൊഫൈൽ വേരിഫൈഡ് ആണെന്ന കാര്യം ഉറപ്പുവരുത്തുന്നതിലും ജെൻ സികൾ വലിയ പ്രാധാന്യം നൽകാറുണ്ട്. നന്നായി റിസേർച്ച് നടത്തി റെഡ് ഫ്ളാഗ് ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് ഇവർ മുന്നോട്ടുപോകുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates