

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ജീവശാസ്ത്രജ്ഞയും വന്യജീവി സംരക്ഷകയുമായ പൂര്‍ണിമ ദേവി ബര്‍മന്‍ ടൈം മാഗസിന്റെ 'വിമണ്‍ ഓഫ് ദി ഇയര്‍ 2025' പട്ടികയില്‍. തുല്യതയുള്ള ലോകത്തിനായി പ്രവര്‍ത്തിക്കുന്ന അസാധാരണ നേതാക്കള്‍ എന്ന പട്ടികയിലാണ് 45 കാരിയും അസം സ്വദേശിയുമായ പൂര്‍ണിമ ഇടം നേടിയത്. വംശനാശ ഭീഷണി നേരിടുന്ന കൊക്ക് ഇനത്തില്‍പ്പെട്ട വലിയ വയല്‍നായ്ക്കന്‍ അഥവാ ഗ്രേറ്റര്‍ അഡ്ജസ്റ്റന്റ് പക്ഷികളുടെ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് പൂര്‍ണിമയെ പട്ടികയിലേക്ക് എത്തിച്ചത്.
2007മുതലാണ് പുര്‍ണിമാ ദേവി ബര്‍മന്‍ ഗ്രേറ്റര്‍ അഡ്ജസ്റ്റന്റ് പക്ഷികളുടെ സംരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഇക്കാലത്ത് അസം മേഖലയില്‍ 450 ഓളം ഗ്രേറ്റര്‍ അഡ്ജസ്റ്റന്റ് പക്ഷികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പൂര്‍ണിമയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി 2023 ആയപ്പോഴേക്കും പക്ഷികളുടെ എണ്ണം 1,800 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
20,000ത്തോളം സ്തീകള്‍ ഉള്‍പ്പെട്ട ഹര്‍ഗില ആര്‍മി എന്ന കൂട്ടായ്മയുടെ പിന്തുണയോടെയായിരുന്നു പൂര്‍ണിമ ദേവിയുടെ പ്രവര്‍ത്തനങ്ങള്‍. പക്ഷികളുടെ കൂടുകളും ആവാസ വ്യവസ്ഥയും സംരക്ഷിച്ചും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചുമായിരുന്നു ഹര്‍ഗില ആര്‍മിയുടെ പ്രവര്‍ത്തനം. അസമില്‍ തുടങ്ങി കൂട്ടായ്മ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും കംബോഡിയയിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിവിധ മേഖകളില്‍ നിന്നുള്ള 13 വനിതകളാണ് ഇത്തവണ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഈ പട്ടിയിലെ ഏക ഇന്ത്യക്കാരിയാണ് പൂര്‍ണിമ. ഭര്‍ത്താവുള്‍പ്പെടെ എഴുപതോളം പുരുഷന്‍മാരുടെ ബലാത്സംഗത്തിന് ഇരയായ ഫ്രാന്‍സ് സ്വദേശി ഗിസെലെ പെലിക്കോട്ടും പട്ടികയിലുണ്ട്. ലൈംഗിക അതിക്രമത്തിന് എതിരായ ക്യാംപയിന്‍ താരം എന്ന നിലയിലാണ് ഗിസെലെ പെലിക്കോട്ട് പട്ടികയില്‍ ഇടംപിടിച്ചത്. ഓസ്‌കാര്‍ ജേതാവും ഒരു ആസ്‌ത്രേലിയന്‍ - അമേരിക്കന്‍ അഭിനേത്രിയും ചലച്ചിത്ര നിര്‍മ്മാതാവുമായ നിക്കോള്‍ മേരി കിഡ്മാന്‍ ആണ് പട്ടികയിലെ മറ്റൊരു പ്രമുഖ വ്യക്തിത്വം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates