'ഡൗൺ' അല്ല സിറിൽ, പിറന്നാൾ ദിനത്തിൽ സ്വപ്ന സാക്ഷാത്കാരം; ഹൃദയംതൊടുന്ന ഫോട്ടോഷൂട്ടുമായ മഹാദേവൻ തമ്പി, വി‍ഡിയോ  

രാവിലെ മുതൽ വൈകിട്ടുവരെ ഊർജസ്വലനായിരുന്ന സിറിൽ മൂന്നു മേക്കോവറുകളിലാണ് എത്തിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

19-ാം പിറന്നാൾ ദിനത്തിൽ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് സിറിൽ സേവ്യർ. കാറും ബൈക്കുമൊന്നും സ്വന്തമാക്കണമെന്നല്ല സിറിൽ ആ​ഗ്രഹിച്ചത്, മറിച്ച് ഒരു മോഡലാകാനാണ് അവൻ കൊതിച്ചത്. കേൾക്കുമ്പോൾ പ്രത്യേകതയൊന്നും തോന്നില്ലെങ്കിലും ഡൗൺസിൻഡ്രോം പരിമിതികളുമായി പൊരുതുന്ന ഒരു കുട്ടിക്ക് അതൊരു വലിയ സ്വപ്നം തന്നെയാണ്. ഒടുവിൽ ഇതാ സിറിലിന്റെ ആ ആ​ഗ്രഹവും സഫലമായി. 

ലോക ഫോട്ടോ​ഗ്രഫി ദിനമായ ഇന്നലെ സെലിബ്രിറ്റി ഫൊട്ടോഗ്രഫർ മഹാദേവൻ തമ്പിയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ സിറിലിന്റെ കഥയും മേക്കോവർ ഫോട്ടോഷൂട്ടും പങ്കുവച്ചത്. ജന്മദിനമായിരുന്ന ജൂൺ 27ന് കാമറയ്ക്ക് മുന്നിൽ മോഡലായി സിറിൽ തിളങ്ങി. 

തിരുവനന്തപുരം അമ്പലമുക്ക് ചൂഴമ്പാല സ്വദേശിയാണ് സിറിൽ. കവടിയാറിലുള്ള സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയാണ്. അച്ഛൻ സേവ്യർ, അമ്മ ലിൻസി, സഹോദരി ജെനിഫർ എന്നിവരടങ്ങുന്നതാണ് കുടുംബം. മനസ്സിലെ അടങ്ങാത്ത ആഗ്രഹവും മാതാപിതാക്കളുടെ ഉറച്ച പിന്തുണയുമാണ് സിറിലിന്റെ കരുത്ത്. 

ഓൺലൈൻ വാർ‌ത്തയിലൂടെയാണ് മഹാദേവൻ തമ്പി സിറിലിനെക്കുറിച്ച് അറിഞ്ഞത്. ‘‘എന്നെ സമൂഹമാധ്യമത്തിൽ പിന്തുടരുന്ന, എന്റെ ഫോട്ടോഷൂട്ടുകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് സിറിൽ. ഞാൻ അവനെ മോഡലാക്കി ഫോട്ടോഷൂട്ട് ചെയ്താൽ അവന് ഒരുപാട് സന്തോഷമാകുമെന്ന് സിറിലിന്റെ പപ്പ എന്നോട് പറഞ്ഞു. എന്നാൽ പിന്നെ ഫോട്ടോഷൂട്ടുമായി മുന്നോട്ടു പോകാമെന്നും അവന്റെ ജന്മദിനത്തിൽ തന്നെ ആകട്ടെ എന്നും തീരുമാനിച്ചു,’’ ഷൂട്ടിലേക്കെത്തിയതിനെക്കുറിച്ച് മഹാദേവൻ പറഞ്ഞു. 

രാവിലെ മുതൽ വൈകിട്ടുവരെ ഊർജസ്വലനായിരുന്ന സിറിൽ മൂന്നു മേക്കോവറുകളിലാണ് എത്തിയത്. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് നരസിംഹ സാമിയാണ് സിറിലിന്റെ മേക്കപ്പും ഹെയർ സ്റ്റൈലിങ്ങും. ബിജി നയനാ ഡിസൈനിങ് ആണ് കോസ്റ്റ്യൂം. 15 വർഷത്തോളമായി ഫോട്ടോ​ഗ്ര‌‌ഫി രം​ഗത്തു‌ള്ള താൻ ചെയ്തതിൽ ഏറ്റവും ഇഷ്ടം തോന്നിയ വർക്കുകളിലൊന്നായാണ് സിറിലിനെ കാമറയിൽ ഒപ്പിയെടുത്ത അനുഭവം മഹാ​ദേവൻ വിശേഷിപ്പിക്കുന്നത്. ആ മുഖത്ത് നിറഞ്ഞ സന്തോഷമാണ് തന്റെ പ്രതിഫലമെന്നും മോഡലും നടനുമൊക്കെ ആകണമെന്ന സിറിലിന്റെ ആ​ഗ്രഹം സഫലമാകട്ടെ എന്നും മഹാദേവൻ തമ്പി പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com