മതിവരാത്ത കാഴ്ചകള്‍....; രാമക്കല്‍മേടിനെ അറിയാം

kerala tourist place ramakkalmedu
kerala tourist place ramakkalmedu
1.

തിവരാത്ത കാഴ്ചകളാണ് രാമക്കല്‍മേട് ചേര്‍ത്ത് വെച്ചിരിക്കുന്നത്. കേരളാ- തമിഴ്നാട് അതിര്‍ത്തിയിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് ആരംഭിയ്ക്കുന്ന കാട്ടുപാത ചെന്നെത്തുന്നത് കാഴ്ചകളുടെ നെറുകയിലേയ്ക്കാണ്. പാതയുടെ ഇരുവശത്തും ഇല്ലികൂട്ടങ്ങള്‍ കൂട്ടിനുണ്ട്. ഇടുങ്ങിയ കാട്ടുപാത. പൂക്കളുടെ വിസ്മയം തീര്‍ത്ത് കൊങ്ങിണി ചെടികള്‍ വഴിയരികില്‍ നിറങ്ങളുടെ കൈയൊപ്പ് ചാര്‍ത്തിയിരിക്കുന്നു. മലമുകളിലേയ്ക്കുള്ള യാത്ര തടയാന്‍ കാറ്റ് എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും. വര്‍ഷം മുഴുവന്‍ അതിശക്തമായ കാറ്റ് വീശുന്ന പ്രദേശമാണ് രാമക്കല്‍മേട്. മണിക്കൂറില്‍ 35 കിലോമീറ്ററാണ് കാറ്റിന്റെ ശരാശരി വേഗത. ഏഷ്യയില്‍ ഏറ്റവും അധികം കാറ്റ് ലഭിയ്ക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇവിടം.

കുന്നിന്‍ മുകളില്‍ രാമക്കല്ല് ആകാശത്തേയ്ക്ക് തല ഉയര്‍ത്തി നില ഉറപ്പിച്ചിരിക്കുന്നു. കാറ്റിനെ എതിര്‍ത്ത് തോല്‍പ്പിച്ച് പാറകൂട്ടത്തെ കീഴടക്കാനുള്ള ആവേശത്തിലാവും മനസ്. പാറകൂട്ടങ്ങളുടെ കിടപ്പ് അല്പം ഭയം പകര്‍ന്ന് നല്‍കാതിരിക്കില്ല, കാറ്റിനെ എതിര്‍ത്ത് ശ്രദ്ധാ പൂര്‍വ്വം വേണം ഓരോ ചുവടും വെയ്ക്കാന്‍. പ്രധാന പാതയില്‍ നിന്നും വളരെ കുറച്ച് ദൂരം മാത്രം നടന്നാല്‍ മലമുകളില്‍ എത്താനാവും. ചെറു ദൂരത്തിനുള്ളില്‍ സമുദ്ര നിരപ്പില്‍ നിന്നും ഇത്രയേറെ ഉയരത്തില്‍ എത്താന്‍ സാധിയ്ക്കുന്ന ഭൂപ്രദേശങ്ങള്‍ ലോകത്ത് തന്നെ വിരളമായിരിക്കും.

മലമുകളില്‍ നിന്നുള്ള കാഴ്ചകളാണ് രാമക്കല്‍മേടിന്റെ പ്രധാന ആകര്‍ഷണം. ലോകത്തിന്റെ നെറുകയില്‍ എത്തിയ പ്രതീതി. അങ്ങ് ദൂരെ തമിഴ്നാടിന്റെ മടിതട്ടില്‍ കേരളത്തിനായി ഒരുങ്ങുന്ന കൃഷിയിടങ്ങള്‍. തമിഴ്നാടന്‍ പട്ടണങ്ങള്‍. കറുത്ത നേര്‍രേഖ പോലെ റോഡുകള്‍.

മണ്ണില്‍ വരച്ച് ചേര്‍ത്തപോലെ ഒരുക്കിയിരിക്കുന്ന കൃഷിയിടങ്ങള്‍..മുന്തിരിയും പച്ചക്കറിയുമൊക്കെ കേരളത്തിനായി ഒരുക്കുകയാണവിടെ...

ഏതോ ശില്പി ശ്രദ്ധാപൂര്‍വ്വം ഒരുക്കിയ പടുകൂറ്റന്‍ ശില്പത്തിന് തുല്യമാണ് രാമക്കല്‍മേട്ടിലെ പാറകെട്ടുകള്‍. ഒന്നിന് മുകളില്‍ മറ്റൊന്ന, അതിന് മുകളില്‍ ഒന്നിലധികം, അങ്ങനെ. മലമുകളിലേയ്ക്ക് ശ്രദ്ധാ പൂര്‍വ്വം കയറുന്നവര്‍, ഇവയെങ്ങാനും താഴേയ്ക്ക് വീഴുമോ എന്ന് ചിന്തിയ്ക്കാതിരിക്കില്ല. കിഴക്കാം തൂക്കായ പാറകെട്ടിന്റെ ചിലയിടങ്ങളില്‍ തൂങ്ങി കിടക്കുന്ന വലിയ തേനീച്ച കൂടുകളും കാണാം.

2.
ramakkalmedu
ramakkalmedu

കുറവനും കുറത്തീം

തമിഴ്നാട്ടിലെ കാര്‍ഷിക ഗ്രാമങ്ങളുടെ ഭംഗി ആസ്വദിച്ച് കുറവനും കുറത്തിയും സമീപത്തെ മറ്റൊരു കുന്നിന്‍ മുകളില്‍ നിലയുറപ്പിച്ചിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ശില്പമാണിത്. ഇരവെന്നോ പകലെന്നോ, മഞ്ഞെന്നോ മഴയെന്നോ വ്യത്യാസമില്ലാതെ രാമക്കല്‍മേട്ടിലെ കാഴ്ചകള്‍ ആസ്വദിച്ച്, കുറവനും കുടുംബവും ഇടുക്കിയുടെ കാര്‍ഷിക സാംസ്‌കാരികതയുടെ ഓര്‍മ്മപെടുത്തലുകള്‍ സഞ്ചാരികളിലേയ്ക്ക് പകരുന്നു. തൊട്ടടുത്തായി മലമുഴക്കി വേഴാമ്പലിന്റെ വലിയൊരു ശില്പവുമുണ്ട്. ഒരു വാച്ച് ടവറായാണ് വേഴാമ്പല്‍ ശില്പം നിര്‍മ്മിച്ചിരിക്കുന്നത്. ശില്പങ്ങള്‍ സ്ഥിതി ചെയ്യുന്ന കുന്നില്‍ കാറ്റിന്റെ ഹുങ്കാരത്തിന് അല്പം ശമനമുണ്ട്.

രാമക്കല്‍മേട്ടില്‍ നിന്നും തമിഴ്നാട്ടിലെ അടിവാരത്തിലേയ്ക്ക് ഒരു കൊച്ചു കാട്ടുപാതയുണ്ട് കുടിയേറ്റത്തിന്റെ ആദ്യ കാലങ്ങളില്‍ സജീവമായിരുന്ന പാതയാണിത്. തലച്ചുമടായും കഴുത പുറത്തും തമിഴ്നാട്ടില്‍ നിന്നും സാധനങ്ങള്‍, ഇതുവഴിയാണ് എത്തിച്ചിരുന്നത്. അക്കാലഘട്ടത്തില്‍ രാമക്കല്‍മേട് പ്രധാന വ്യാപര കേന്ദ്രവുമായിരുന്നു. പിന്നീട് ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് മികച്ച പാതകള്‍ ഉണ്ടായതോടെ രാമക്കല്‍മേട്ടില്‍ നിന്നുള്ള കാനന പാതയുടെ പ്രസക്തി നഷ്ടമായി. കാട്ടു പാതയിലൂടെ തമിഴ്നാട്ടിലേയ്ക്കൊരു നടത്തം അവിസ്മരണീയമാണ്. ചില ഭാഗങ്ങളില്‍ പാതയില്‍ കല്ല് വിരിച്ചിരിക്കുന്നു. വര്‍ഷങ്ങളുടെ ഉപയോഗം മൂലം കല്ലുകള്‍ വളരെ മിനുസമുള്ളതായി മാറി. അടിവാരത്ത് എത്താറാകുമ്പോഴേയ്ക്കും നടത്തം ഓട്ടമായി മാറും. കുത്തിറക്കവും മിനുസമായ പാതകളും നടക്കാന്‍ അനുവദിയ്ക്കില്ല. താഴ്വാരത്തില്‍ മനോഹരമായ ഒരു കൊച്ചു ക്ഷേത്രം സഞ്ചാരികള്‍ക്കായി കാത്തിരിപ്പുണ്ട്. ക്ഷേത്രത്തിന് പുറകില്‍ ഭീമാകാരമായ കോട്ട പോലെ രാമക്കല്‍മേട് തലയുയര്‍ത്തി നില്‍ക്കുന്നു. ശ്രീരാമന്‍ ഏല്‍പ്പിച്ച് നല്‍കിയ ഏതോ ദൗത്യം പോലെ....ഇരു സംസ്ഥാനങ്ങളുടേയും കാര്‍ഷിക സമൃദ്ധിയുടെ കാവലാളായി, ആകാശത്തിലേയ്ക്ക് തലയുയര്‍ത്തി.....

3.
കാറ്റാടി പാടങ്ങള്‍
കാറ്റാടി പാടങ്ങള്‍

കാറ്റാടി പാടങ്ങള്‍

രാമക്കല്‍മേടിന്റെ സമീപ ഗ്രാമങ്ങളായ കുരുവിക്കാനം, പുഷ്പകണ്ടം, അണക്കരമേട് എന്നിവിടങ്ങളില്‍ വൈദ്യുതോത്പാദനം ലക്ഷ്യം വെച്ച് കൂറ്റന്‍ കാറ്റാടികള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് വൈദ്യുതോത്പാദനം. കാറ്റാടികള്‍ക്കൊപ്പം വിശാലമായ പുല്‍മേടുകളും ഇവിടുത്തെ മനോഹര കാഴ്ചയാണ്.

4.
ആമക്കല്ല്
ആമക്കല്ല്

ആമക്കല്ല്

രാമക്കല്‍മേട്ടില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരം. ജിപ്പ് സഫാരിയ്ക്ക് ഏറെ അനുയോജ്യമായ പ്രദേശം. വളഞ്ഞ് പുളഞ്ഞ് കുന്നിന്‍ മുകളിലേയ്ക്ക് നയിക്കുന്ന പാതയിലൂടെയുള്ള യാത്ര അവിസ്മരണീയ അനുഭവം നല്‍കും. കുന്നിന്‍ മുകളില്‍ ആമയോട് സാദൃശ്യം തോന്നയ്ക്കു പടുകൂറ്റന്‍ പാറകൂട്ടമുണ്ട്. വിശാലമായ പുല്‍മേട്ടിലൂടെ ട്രക്കിംഗും മികച്ച അനുഭവം നല്‍കും.

5.

കൈലാസപ്പാറ
കൈലാസപ്പാറ

കൈലാസപ്പാറ ഒബ്സര്‍വേറ്ററി ഹില്‍സ്

രാമക്കല്‍മേട്ടില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരം. മലയോര പട്ടണമായ നെങ്കണ്ടത്തിനോട് അതിരുപറ്റി നില്‍ക്കുന്ന കുന്നിന്‍ പ്രദേശം. മലമുകളില്‍ നിന്നും നാല് വശത്തേയ്ക്കും സഹ്യ പര്‍വ്വത നിരയുടെ കാഴ്ച ലഭിയ്ക്കും. വിശാലമായ ആകാശ കാഴ്ചകള്‍ക്ക് പേരുകേട്ട സ്ഥലമാണിവിടം. തെളിഞ്ഞ ആകാശമുള്ള രാത്രികളില്‍ ധാരാളം ആകാശ ഗോളങ്ങളെ കാണാനാവും.

6.
രാമക്കല്‍മേട്
രാമക്കല്‍മേട്

തൂവല്‍ വെള്ളചാട്ടം

രാമക്കല്‍മേട്ടിലേയ്ക്കുള്ള യാത്ര മഴക്കാലത്ത് ആണെങ്കില്‍ തൂവല്‍ വെള്ളചാട്ടം ആസ്വദിയ്ക്കാതെ മടങ്ങരുത്. നെടുങ്കണ്ടത്ത് നിന്നും എട്ട് കിലോമീറ്റര്‍ ദൂരം. തൂവല്‍ അരുവിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളചാട്ടം ഇടുക്കിയിലെ ഏറ്റവും മനോഹരമായ വെള്ളചാട്ടങ്ങളില്‍ ഒന്നാണ് ജലപാതത്തിന്റെ കാഴ്ച മുകളില്‍ നിന്നും താഴ് ഭാഗത്ത് നിന്നും ആസ്വദിയ്ക്കാനാവും, തൂവെണ്മ നിറത്തില്‍ പാറകെട്ടുകളില്‍ തട്ടിതെറിച്ച് പതിയ്ക്കുന്ന ജലപാതം മനോഹര കാഴ്ച നല്‍കുന്നു. പൂര്‍ണ്ണമായും കാര്‍ഷിക മേഖലയാല്‍ ചുറ്റപെട്ട പ്രദേശത്താണ് വെള്ളചാട്ടം സ്ഥിതി ചെയ്യുത്.

7.
ramakkalmedu
ramakkalmedu

തേവാരംമെട്ട്- മാന്‍കുത്തിമേട്

നെടുങ്കണ്ടത്ത് നിന്നും 10 കിലോമീറ്റര്‍ ദൂരം, അതിര്‍ത്തി മേഖല, കേരളത്തിലെയും തമിഴ്നാട്ടിലെയും കാര്‍ഷിക മേഖലയുടെ മനോഹര കാഴ്ച ഇവിടെ നിന്നും ലഭ്യമാകും.

8.
മുന്തിരിപാടങ്ങള്‍
മുന്തിരിപാടങ്ങള്‍

മുന്തിരിപാടങ്ങള്‍

രാമക്കല്‍മേട് കണ്ടു മടങ്ങുമ്പോള്‍ തമിഴ്നാടന്‍ കാര്‍ഷിക കാ്ചകളിലേയ്ക്കും ഒന്ന് പോയി വരാം. അതിര്‍ത്തി പട്ടണമായ കമ്പത്തിന് സമീപമുള്ള വിവിധ ഗ്രാമങ്ങള്‍ മുന്തിരി കൃഷിയ്ക്ക് പ്രശസ്തമാണ്. കുമളി കമ്പം പാതയോരത്ത് സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ ആസ്വദയിക്കാനാവുന്ന തരത്തില്‍ നിരവധി മുന്തിരി തോപ്പുകളുണ്ട്.

9.
സ്പൈസസ് ടൂറിസം
സ്പൈസസ് ടൂറിസം

സ്പൈസസ് ടൂറിസം

രാമക്കല്‍മേടിന്റെ സമീപ പ്രദേശങ്ങള്‍ സഹ്യ പര്‍വ്വത നിരയിലെ കാര്‍ഡമമം ഹില്‍സിന്റെ ഭാഗമാണ്. ലോകത്ത് ഏറ്റവും ഗുണമേന്മയേറിയ ഏലക്കാ ഉത്പാദിപ്പിയ്ക്കുന്ന പ്രദേശമാണിവിടം. ഇടുക്കിയുടെ സ്വന്തം കുരുമുളകും ധാരാളമായി ഇവിടെ ഉത്പാദിപ്പിയ്ക്കപ്പെടുന്നു. ഹൈറേഞ്ചിന്റെ കൃഷി രീതികള്‍ അടുത്തറിയാനും കര്ഷകരുമായി ഇടപഴകുവാനും സാധിയ്ക്കും. ഏലം കൃഷിയുടെ ശാസ്ത്രീയ വശങ്ങള്‍ അറിയുന്നതിനായി പുറ്റടിയിലെ സ്പൈസ് പാര്‍ക്കോ പാമ്പാടുംപാറ, മൈലാടുംപാറ എന്നിവിടങ്ങളിലെ ഏലം ഗവേഷണ കേന്ദ്രങ്ങളോ സന്ദര്‍ശിയ്ക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com