

''ഇന്നലെ രാത്രി ഞാന്‍ പെട്ടെന്ന് ഉണര്‍ന്നു. മഴ പെയ്തപ്പോള്‍ വീടിന്റെ മുകളില്‍ നിന്ന് മഴ വെള്ളം കാലില്‍ വീണു. ഞാന്‍ ഉണര്‍ന്നു. പിന്നീട് ഉറക്കം വന്നില്ല...''
ചെറിയ അക്ഷരത്തെറ്റുകളും അവ്യക്തമായ ചിത്രങ്ങളുമായി കുട്ടികൾ കണ്ട ജീവിതം കടലാസിലേക്ക് പകര്‍ത്തിയപ്പോള്‍ 'കുരുന്നെഴുത്തുകള്‍' കേരളത്തിലെ ജനജീവിതത്തിന്റെ നേര്‍ സാക്ഷ്യമാകുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എഡിറ്റ് ചെയ്ത ഒന്നാം ക്ലാസിലെ കുട്ടികളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളുടെ ശേഖരമായ 'കുരുന്നെഴുത്തുകള്‍' എന്ന പുസ്തകം വായിക്കുന്നവരുടെ ഉള്ളം തൊടും.
പണിക്ക് പോയി പരിക്കേറ്റ അച്ഛന്റെ മടങ്ങിവരവും, വീടിന് മുന്നിലെത്തിയ കാട്ടാനയും, മഴയുടെ ഭീതിയും, കൂട്ടുകാര്‍ പിടിച്ച തവളയും എല്ലാം അവര്‍ക്ക് മറക്കാന്‍ പറ്റാത്ത അനുഭവങ്ങളായിരുന്നു. വീട്ടിലേക്ക് പൊട്ടിച്ച കറിവേപ്പിലയില്‍ കണ്ട 'മുത്ത്' തന്റെ പുസ്തകത്തിലെ നാരകത്തിലെ മുത്ത് തന്നെയെന്ന് തിരിച്ചറിയുന്നുണ്ട് അലംകൃത എന്ന കുട്ടി. തമിഴ്‌നാട്ടിലേക്കുള്ള യാത്രയില്‍ താന്‍ കണ്ട കാറ്റാടി യന്ത്രവും പുഴയും റെയില്‍വെ സ്റ്റേഷനും കടലും കടലാസ് പെന്‍സിലിന്റെ നിറത്തില്‍ എഴുതിയും വരച്ചും പൂര്‍ത്തിയാക്കുമ്പോള്‍ ഏതൊരു യാത്രാ വിവരണത്തേക്കാളും ആ കുറിപ്പ് അനുഭവഭേദ്യമാകുന്നു.
വീടിനടുത്ത് ഓരിയിടുന്ന കുറുനരിയെ കുറിച്ച് പിതാവിനോട് ചോദിച്ച മനസിലാക്കിയതും, സ്വന്തമായുണ്ടാക്കിയ സംഭാരത്തെ കുറിച്ചുള്ള വിവരണവും കുടുംബ ബന്ധങ്ങളിലെ അടുപ്പം കൂടിയാണ് അടയാളപ്പെടുത്തിയത്. പങ്കുവയ്ക്കലിന്റെയും ആശയ വിനിമയത്തിന്റെ പ്രാധാന്യവും ഈ കുറിപ്പുകളില്‍ നിന്നും വ്യക്തമാകും. കാടിറങ്ങുന്ന വന്യജീവികള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിനുള്ള തെളിവും കുറിപ്പുകളില്‍ നമുക്ക് കാണാം. ''ഇന്നലെ ഞങ്ങളുടെ വീടിന്റെ അടുത്ത് ആന വന്നിരുന്നു അടുത്തുള്ള വീട്ടുകാര്‍ എല്ലാവരും കൂടി അതിനെ പടക്കം പൊട്ടിച്ച് ഓടിച്ചു'' എന്ന് വയനാട് തിരുന്നെല്ലിയിലെ അദ്വൈത് പി ജെ തന്റെ കുറിപ്പില്‍ പറയുന്നു.
കൂട് നിര്‍മ്മിക്കുന്ന പക്ഷിയും, മക്കളുമായി സഞ്ചരിക്കുന്ന അമ്മക്കീരിയും അണ്ണാനും കുറിപ്പുകളില്‍ ഇടംപിടിക്കുമ്പോള്‍ പ്രകൃതിയെ നിരീക്ഷിക്കുന്ന കുട്ടികളുടെ മനസും 'കുരുന്നെഴുത്തുകള്‍' നമുക്ക് മുന്നില്‍ വരച്ചുകാട്ടുന്നു.
ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിതന്നെയാണ് 'കുരുന്നെഴുത്തുകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചത്. 2025 - 26 വര്‍ഷത്തെ സ്‌കൂള്‍ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം. വിദ്യാകിരണം മിഷന്‍ ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുസ്തകത്തില്‍ ഉള്‍പ്പെട്ട ഡയറിക്കുറിപ്പുകള്‍ എഴുതിയ കുട്ടികളെ പ്രതിനിധീകരിച്ച് തോട്ടക്കാട് ജിഎല്‍പിഎസിലെ വിദ്യാര്‍ഥി മിഥുന്‍, നെയ്യാറ്റിന്‍കര ഗവ. ജെബിഎസിലെ സിദ്ധാര്‍ഥ്, അഞ്ചല്‍ ജിഎല്‍പിഎസിലെ അദിതി, പത്തനംതിട്ട തെള്ളിയൂര്‍ എസ്ബിഎന്‍ എല്‍പിഎസിലെ ലിയോ ലിജു, പൊന്‍കുന്നം സിഎംഎസ്എല്‍പിഎസിലെ ആഷേര്‍ കെ ഷൈജു എന്നീ വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി. വിദ്യാര്‍ഥികളുടെ രചനകള്‍ കൂടാതെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates