

അബുദാബി: ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച ജീവനക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് നേതൃത്വം നല്‍കി പ്രവാസിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. അബുദാബി അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൂപ്പര്‍വൈസറും തിരൂര്‍ കന്മനം സ്വദേശിയുമായ സി വി ഷിഹാബുദ്ദീ(46)നാണ് ജോലിക്കിടെ ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരിച്ചത്.
ബനിയാസ് മോര്‍ച്ചറിയില്‍ ആണ് മരണാനന്തര ചടങ്ങുകള്‍ നടന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുവരെ എം എ യൂസഫലി എല്ലാ കാര്യത്തിനും കുടുംബത്തിനൊപ്പം നില്‍ക്കുകയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വിഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. ഭൗതിക ശരീരം എംബാം ചെയ്ത ശേഷം എം എ യൂസഫലി തന്നെയാണ് മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.
വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിനന്ദവുമായി എത്തിയത്. ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് യൂസഫലി എന്ന് ഒരാള്‍ കുറിച്ചപ്പോള്‍, ഒരാള്‍ മരിച്ചു... അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് രാജ്യത്തെ ഏറ്റവും വലിയ ശതകോടീശ്വരനും മരിച്ച വ്യക്തിയുടെ കമ്പനി ഉടമയുമാണ്. അതാണ് മനുഷ്യത്വം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
വര്‍ഷങ്ങളായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ഷിഹാബുദ്ദീന്‍ വ്യാഴാഴ്ച ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ച മൃതദേഹം കന്മനം ജമാഅത്ത് പള്ളിയില്‍ ഖബറടക്കി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates