

മാതൃദിനത്തിൽ അമ്മയുമൊത്തുള്ള ഓർമ്മകൾ പങ്കുവെച്ച് ട്രാൻസ് ടെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം. കുട്ടിക്കാലം മുതൽ തനിക്ക് ഐഡിയകൾ തന്ന് തന്നെ ചേർത്ത് നിർത്തിയത് അമ്മയാണെന്ന് ശീതൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ച് കുറിപ്പിൽ പറയുന്നു. തയ്യൽകടയിൽ നിന്ന് വെട്ടുതുണി കൊണ്ടാക്കിയ സാരിചുറ്റി ടീച്ചറും കുട്ടിയും കളിക്കുമ്പോൾ മറ്റുള്ളവരുടെ പരാതി കേട്ട് തന്നെ അമ്മ തല്ലാന്‍ ഓടിക്കുന്നതും പിന്നീട് വെട്ടുതുണി കൊണ്ടുള്ള സാരിക്ക് പകരം ഒരു ഷോൾ ആണെങ്കിൽ കാണാൻ നല്ല ചന്തമാണെന്ന് അമ്മ പറയുമായിരുന്നുവെന്നും ശീതള്‍ കുറിച്ചു.
ബംഗളൂരു എത്തിയപ്പോഴും ഭക്ഷണം കഴിച്ചോ എന്ന് തിരക്കിയുള്ള അമ്മയുടെ ഫോൺ കോളുകൾ നിരന്തരം വരുമായിരുന്നു. എന്നാൽ ആ സമയങ്ങളിലൊക്കെ താൻ അമ്മയോട് ദേഷ്യപ്പെട്ടിരുന്നെന്നും ഇന്ന് ആ വിളികൾക്ക് വേണ്ടി കൊതിക്കുന്നുവെന്നും അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശീതൾ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശീതള്‍ ശ്യാമിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്
അമ്മയോടൊപ്പം ഉള്ള ഓർമ്മകൾ എപ്പോഴും ഉള്ളു നീറ്റൽ ഉള്ളവയാണ് ഓർത്തെടുക്കാൻ പറ്റുന്ന നല്ല ദിവസം പോലും ചിലപ്പോൾ ഉണ്ടാകില്ല നല്ല ഉടുപ്പ് വാങ്ങി തരുമ്പോൾ നല്ല പലഹാരം വാങ്ങി തരുമ്പോൾ തലയിൽ എണ്ണ തേച് തരുമ്പോൾ നല്ല ഭക്ഷണം ഉണ്ടാക്കി തരുമ്പോൾ മാത്രം അമ്മയെ പുകഴ്ത്തി പറയുന്ന ഒരാളായിരുന്നു ഞാൻ. അടുത്ത് ഉള്ള തയ്യൽ കടയിൽ പോയി വെട്ടി മാറ്റിയിട്ട തുണി കൊണ്ടു വന്നു സാരി ആക്കി ചുറ്റി പാടത്തെ പർപടക പുല്ല് തലയിൽ മുടി ആക്കി മെടഞ്ഞു വേലിയിൽ ഉള്ള ചെടി പടർപ്പുകളെ സ്കൂൾ കുട്ടികൾ ആയി കരുതി വടി എടുത്തു അടിച്ചു ടീച്ചർ ആയി അഭിനയിക്കുന്ന സ്ഥിരം പരിപാടി കാഴ്ച്ച വെക്കും. മറ്റു കുട്ടികൾ കളിക്കുന്ന കളികൾക്കു പോകാതത്തും ആരും കൂടാത്തതും മറ്റൊരു കാര്യം. പാടത്തു പുല്ല് അരിയാനോ പറമ്പിൽ വിറകു പെറുക്കാൻ വരുന്ന ചേച്ചിമാരോ അമ്മച്ചിമാരോ എന്റെ അമ്മയെ വിളിച്ചു കാര്യം പറയും (ഈ ചെക്കൻ പെണ്ണ് കളി കളിക്കുന്ന രാധേ ഇവനെ ഇങ്ങനെ വിട്ടാൽ പറ്റൂല നല്ല അടി കൊടുക്കണം ). അമ്മ അത് കേട്ടു അടുക്കളയിൽ നിന്നും ഓടി വരും ഞാനും ഓടും കൈയിൽ അമ്മ തെങ്ങിൽ പട്ട മടൽ കൈയിൽ കരുതിയിട്ടുണ്ടാകും. ഞാൻ കണ്ട പാടെ ഓടും അമ്മ പിറകെ, അപ്പുറത്തെ പറമ്പിലെ തെങ്ങിൽ മറവിൽ ഒളിച്ചു കളിക്കും അമ്മ ഇങ്ങോട്ട് നോക്കും ഞാൻ അങ്ങോട്ട് തിരിച്ചു നോക്കും. നിക്കവിടെ എന്നും പറഞ്ഞു എന്നെ അടിക്കാൻ ഓടിക്കും.
ഞാൻ ഓടും പക്ഷേ അമ്മക്ക് ശരിക്കും എന്നെ അടിക്കാൻ പാകത്തിന് കിട്ടും മടൽ കൊണ്ടു എറിയാൻ ശ്രമിക്കും എന്നാൽ അടിക്കാൻ പാകത്തിന് കിട്ടിയാൽ അടിക്കൂല എറിയാൻ കിട്ടിയാൽ എറിയൂല ഞാൻ കൊഞ്ഞനം കുത്തി കാണിക്കുമ്പോൾ പട്ട മടൽ ദൂരെ എറിഞ്ഞു എന്നെ ഓടി വന്നു കെട്ടി പിടിക്കും. എന്നിട്ട് പറയും ഈ തയ്യൽ കടയിലെ വെട്ടു പീസ് മാറ്റി ഒരു ഷാൾ ആക്കികൂടെ അപ്പോ നല്ല ചന്തം ഉണ്ടാകും പർപ്പടക പുല്ല് മാറ്റി ബ്ലാക്ക് നെറ്റ് വെച്ചാൽ മതി.
ഇങ്ങനെ ഐഡിയ പറയും എന്നെ തല്ലി ശരിയാകാൻ നിൽക്കുന്ന ചേച്ചിമാർ അമ്മച്ചിമാർ ഇതു കേട്ടു അവരുടെ പണി നോക്കും. ഞാൻ അമ്മയെ ഇറുക്കി കെട്ടി പിടിക്കും അമ്മ സാരി തലപ്പു കൊണ്ടു എന്റെ മുഖം തുടയ്ക്കും വാ വല്ലതും കഴിക്കാം. വലുതായപ്പോ ബാംഗ്ലൂർ ജീവിതം തുടങ്ങി ആ നാട് എന്നെ ഒത്തിരി ആകർഷിച്ചു. ജോലി ആയി ബദ്ധ പെട്ടു അന്ന് ഫോൺ ഉണ്ടായിരുന്നു. അമ്മ നാട്ടിൽ നിന്നും വിളിക്കും വല്ലോം കഴിച്ചോ ഞാൻ തിരിച്ചു ചൂടായി മറുപടി പറയും.
എന്തിനാ എപ്പോഴും വിളിക്കുന്നത് ഞാൻ എന്തെങ്കിലും കഴിച്ചോളാം എപ്പോഴും ഇങ്ങനെ വിളിക്കണ്ട 2008ൽ പാടവരമ്പത്തു തണുത്ത ആ ശരീരം നിറം മങ്ങി അടുക്കളകരി പുരണ്ട ആ സാരിയിൽ ചത്തു മലച്ചു കിടക്കുന്ന കണ്ടത് മുതൽ പിന്നെ ആരും എന്നോട് ചോയ്ച്ചിലാ വല്ലോം കഴിച്ചോ എന്ന് ആ ഫോൺ വിളി ഇപ്പോ വന്നിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിക്കുന്നു.
കൂടെ ഒരു നല്ല ചിത്രം പോലും നമ്മൾ തമ്മിൽ ഇല്ലാലോ
Happy mother's day
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates