

കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചി ബുധനാഴ്ച സുപ്രധാനമായൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ്. നഗരത്തിരക്കില്‍ ഹോണ്‍ മുഴക്കാതിരിക്കാന്‍ കഴിയുമോ? ഇതിനുള്ള സാധ്യത പരിശോധിക്കാന്‍ ബുധനാഴ്ച നോ ഹോണ്‍ ഡേ ആചരിക്കുകയാണ് കൊച്ചി നഗരം.
അമിതമായി ഹോണ്‍ മുഴക്കുന്നതിനെ തുടര്‍ന്നുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്‌നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. കൊച്ചി കമ്മീഷണറേറ്റിന്റെ പരിധിയില്‍ ആചരിക്കുന്ന ദിനത്തില്‍ ഹോണ്‍ നിയന്ത്രണങ്ങളുള്ള മേഖലകളിലില്‍ അനുചിതമായി പ്രവര്‍ത്തിക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടിവരികയും ചെയ്യും.
ആഗോള തലത്തിലുള്ള ഡ്രൈവിങ് സംസ്‌കാരം പരിശോധിച്ചാല്‍ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ ആരോചകമായ നിലയില്‍ ഹോണ്‍ മുഴക്കുന്ന പതിവാണുള്ളത്. ഇന്ത്യന്‍ നഗരങ്ങളുടെ താളത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് നിരന്തരമായ ഹോണുകളുടെ ശബ്ദം. ട്രാഫിക് സിഗ്നലില്‍ അനങ്ങാന്‍ നിമിഷങ്ങള്‍ വൈകിയാല്‍ പിന്നാലെയെത്തും കാതടിപ്പിക്കുന്ന ഹോണ്‍ ശബ്ദങ്ങള്‍. ഇത്തരത്തില്‍ ശബ്ദ മലിനീകരണത്തില്‍ വലിയ പങ്കാണ് ഹോണുകള്‍ വഹിക്കുന്നത്.
ഐസ്വാള്‍, സ്വയം നിയന്ത്രണത്തിന്റെ നല്ല മാതൃക
നോ ഹോണ്‍ ഡേ കൊച്ചിയില്‍ ആചരിക്കപ്പെടുമ്പോള്‍ ആദ്യ കേള്‍വിയില്‍ ഇതൊരു തമാശയായി തോന്നിയേക്കാം. ഹോണ്‍ മുഴക്കാതെ ഡ്രൈവിങ് സാധ്യമോ എന്ന സംശയത്തിന് ഉത്തരം ഇന്ത്യയില്‍ തന്നെയുണ്ട്. ഹോണടിയുടെ അരോചക ശബ്ദങ്ങള്‍ ഇല്ലാത്ത ഇന്ത്യന്‍ നഗരമാണ് മിസോറാം തലസ്ഥാനമായ ഐസ്വാള്‍.
ഐസ്വാളില്‍ എത്തിയാല്‍ ഹോണുകളുടെ ആലോസരപ്പെടുത്തുന്ന ശബ്ദം നിങ്ങളെ ശല്യപ്പെടുത്തില്ല. അമിതമായ ഹോണിന്റെ ഉപയോഗം തടയാന്‍ നിയമം പോലും ആവശ്യമില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ നഗരം. 35 ലക്ഷം ജനങ്ങളും 1.25 ലക്ഷം വാഹനങ്ങളും ഉള്ള നഗരമാണ് ഐസ്വാള്‍. നിരത്തുകളില്‍ നിരവധി വാഹനങ്ങളും ട്രാഫിക് ബ്ലോക്കുകളും ദൃശ്യമാകും എന്നാല്‍ കേട്ടുപതിവുള്ള ഹോണ്‍ ശബ്ദങ്ങള്‍ കുറവായിരിക്കും. ഒരു വാഹനത്തിന് മുന്നില്‍ മറ്റൊരു വാഹനം യു ടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നു എങ്കില്‍ പിറകിലെ വാഹനം ക്ഷമയോടെ കാത്തുനില്‍ക്കുന്നത് നഗരത്തില്‍ പതിവ് കാഴ്ചയാണ്.
അന്‍പത് ശതമാനത്തില്‍ കൂടുതലാണ് ഐസ്വാളിലെ നഗര വത്കരണത്തിന്റെ തോത്. എന്നാല്‍ ഐസ്വാളിന്റെ ഈ ട്രാഫിക് നിയന്ത്രണത്തിന്റെ മാതൃക നിയമം മൂലം മാത്രം നടപ്പാക്കിയതല്ല. മിസോറാം ജനതയുടെ ഇച്ഛാ ശക്തിയുടെ കൂടി ഫലമാണ്. നാട്ടുകാരുടെ ഈ നിയന്ത്രണത്തിന് പൊലീസ് ഉള്‍പ്പെടെയുള്ള അധികൃതരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഐസ്വാള്‍ കൂടുതല്‍ സുന്ദരമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates