

നോർവീജിയൻ രാജാവ് ഹെരാർഡ് അഞ്ചാമന്റെ മൂത്ത പുത്രി മാർത്ത ലൂയിസ് വീണ്ടും വിവാഹിതയാകുന്നു. സ്വയം പ്രഖ്യാപിത മന്ത്രവാദിയും വൈദ്യനുമായ ഡ്യൂറെക് വെററ്റിനെയാണ് മാർത്ത വിവാഹം കഴിക്കുന്നത്. ഡ്യൂറെക്കിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമെന്ന് ഹെരാർഡ് അഞ്ചാമൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അടുത്ത വർഷം ഓഗസ്റ്റ് 31ന് വിവാഹം ഉണ്ടാകുമെന്നാണ് മാർത്ത ലൂയിസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ഡ്യൂറെക്കുമൊത്തുള്ള ചിത്രവും മാർത്ത പങ്കുവെച്ചിട്ടുണ്ട്. ഹെരാർഡ് അഞ്ചാമന്റെയും സോൻജ രാജ്ഞിയുടെയും മൂത്ത പുത്രിയാണ് 51കാരിയായ മാർത്ത. ഡ്യൂറെക്കുമായുള്ള പ്രണയ ബന്ധത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർത്ത രാജകുടുംബത്തിലെ പദവികളെല്ലാം ഉപേക്ഷിച്ച് കൊട്ടാരം വിട്ടിരുന്നു. 2022 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
അമേരിക്കകാരനായ ഡ്യൂറെക്ക് ആറാം തലമുറ മന്ത്രവാദി എന്നാണ് സ്വയം വിശേഷപ്പെടുത്തുന്നത്. മരണത്തിൽ നിന്നു പുനർജനിച്ചയാളാണ് താനെന്നും യുഎസ്സിലെ ലോകാവ്യാപാര കേന്ദ്ര ആക്രമണം (9/11) രണ്ട് വർഷം മുന്നേ പ്രവചിച്ചുവെന്നുമാണ് ഇയാളുടെ അവകാശവാദം. തനിക്ക് മാലാഖമാരുമായി സംസാരിക്കാൻ കഴിയുമെന്ന മാർത്തയും അവകാശവാദവും ചർച്ചയായിരുന്നു.
2019ൽ ദി പ്രിൻസസ് ആൻഡ് ദി ഷാമൻ എന്ന പേരിൽ ബദൽ ചികിത്സാരീതി പ്രചരിപ്പിക്കാൻ രാജ്യത്തുടനീളം നടത്തിയ പര്യടനം വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു. തങ്ങളുടെ സമാന്തര ചികിത്സാരീതി പ്രചരിപ്പിക്കാൻ രാജ പദവി ഉപയോഗപ്പെടുത്തുന്നു എന്നായിരുന്നു മാർത്തക്കെതിരെയുണ്ടായിരുന്ന ആരോപണം. ഇതിന് പിന്നാലെയാണ് മാർത്ത രാജപദവികൾ ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയത്.
ഇപ്പോൾ മുതൽ ഞാൻ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നില്ല. രാജകുടുംബത്തിന്റെ സമാധാനത്തെ പറ്റി ആലോചിച്ചാണ് തീരുമാനം.' കൊട്ടാരം വിട്ടിറങ്ങിയ ശേഷം മാർത്ത വ്യക്തമാക്കി. മാർത്ത രാജകുടുംബത്തിലെ ഔദ്യോഗിക പദവികൾ വഹിക്കുന്നില്ലെന്ന് രാജകുടുംബവും വ്യക്തമാക്കി.
മാർത്തയ്‌ക്ക് ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുണ്ട്. 2017ൽ ആദ്യ ഭർത്താവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. 2019ൽ ഭർത്താവായ അറി ബെഹ്ൻ ആത്മഹത്യ ചെയ്യുകയായിരുന്നു. നോർവീജിയൻ നഗരമായ ഗൈറാൻജറിലായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക. വിവാഹശേഷം ഇരുവരും കാലിഫോണിയയിലേക്ക് മാറുമെന്നാണ് സൂചന.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates