കുറഞ്ഞ ചെലവില്‍ മികച്ച ലാഭം, പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായ പാഷന്‍ ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

മികച്ച രുചിയും സുഗന്ധവും വേഗത്തില്‍ വിപണി കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാംതരം ആരോഗ്യഗുണങ്ങളുമാണ് പാഷന്‍ ഫ്രൂട്ടിനെ കര്‍ഷകരുടെ പ്രിയങ്കരനാക്കുന്നത്
passion fruit
Passion Fruit Farming Guide: Cultivation Tips & Health BenefitsAI Generated Image
Updated on: 
2 min read

നാട്ടിന്‍പുറത്തെ പറമ്പുകളിലും വീട്ടുറ്റത്തും സര്‍വസാധാരണയായി കണ്ടുവരുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. അധികം പരിചരണമൊന്നുമില്ലാതെ തന്നെ പടര്‍ന്നുപന്തലിച്ച് സമൃദ്ധമായി കായ്ക്കുന്ന ഈ പഴം ഇന്ന് കേവലം ഒരു ഗൃഹാതുര ഓര്‍മ മാത്രമല്ല, മികച്ച വരുമാനം നല്‍കുന്ന നല്ലൊരു വാണിജ്യ വിള കൂടിയാണ്. മികച്ച രുചിയും സുഗന്ധവും വേഗത്തില്‍ വിപണി കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാംതരം ആരോഗ്യഗുണങ്ങളുമാണ് പാഷന്‍ ഫ്രൂട്ടിനെ കര്‍ഷകരുടെ പ്രിയങ്കരനാക്കുന്നത്.

ഇനങ്ങളും നടീല്‍ രീതിയും

പ്രധാനമായും മൂന്ന് തരം പാഷന്‍ ഫ്രൂട്ടുകളാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്.

  • പര്‍പ്പിള്‍: ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യം. കൂടുതല്‍ മധുരവും മികച്ച സുഗന്ധവുമുള്ള ഇനം.

  • മഞ്ഞ: താഴ്ന്ന സമതല പ്രദേശങ്ങള്‍ക്ക് അനുയോജ്യം. വലിപ്പം കൂടുതലും പുളിരസം അല്‍പ്പം അധികവുമുള്ള ഇനം.

  • ഹൈബ്രിഡ് (കാവേരി): പര്‍പ്പിള്‍, യെല്ലോ ഇനങ്ങള്‍ സങ്കരയിനം ചെയ്ത് ഉണ്ടാക്കിയവ. രോഗപ്രതിരോധശേഷിയും കായ്ഫലവും കൂടുതല്‍.

മേയ് - ജൂണ്‍ (മഴക്കാലത്തിന്റെ തുടക്കം) മാസങ്ങളാണ് തൈകള്‍ നടാന്‍ ഏറ്റവും അനുയോജ്യം. കൃത്യമായ പരിചരണം ഉറപ്പാക്കാമെങ്കില്‍ തുലാവര്‍ഷത്തിന്റെ ആരംഭമായ ഒക്ടോബര്‍ പകുതിയോടെയും പാഷന്‍ ഫ്രൂട്ടുകള്‍ നടാം. വെള്ളക്കെട്ടില്ലാത്തതും ജൈവാംശമുള്ളതുമായ ഏത് മണ്ണിലും പാഷന്‍ ഫ്രൂട്ട് വളരും. 45 സെ.മീ വീതിയും താഴ്ചയുമുള്ള കുഴികള്‍ എടുക്കുക. കുഴിയില്‍ മേല്‍മണ്ണും 10 കിലോഗ്രാം ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ത്ത് മൂടുക. ചെടികള്‍ തമ്മില്‍ കുറഞ്ഞത് 3 മീറ്റര്‍ അകലം പാലിക്കണം.

പരിചരണവും പന്തലിടലും

പാഷന്‍ ഫ്രൂട്ട് ഒരു വള്ളിച്ചെടിയായതിനാല്‍ പന്തല്‍ നിര്‍മ്മാണം വളരെ പ്രധാനമാണ്. കല്ലൂന്നികളോ ഇരുമ്പ് പൈപ്പുകളോ നാട്ടി ജിഐ കമ്പികള്‍ ഉപയോഗിച്ച് പന്തല്‍ നിര്‍മ്മിക്കാം. തൈകള്‍ വളരുമ്പോള്‍ പ്രധാന തണ്ട് മാത്രം മുകളിലേക്ക് വളര്‍ത്തി പന്തലില്‍ എത്തിക്കുക. പന്തലില്‍ എത്തിയ ശേഷം തലപ്പുകള്‍ മുറിച്ച് വശങ്ങളിലേക്ക് വളരാന്‍ അനുവദിക്കുക. വേനല്‍ക്കാലത്ത് കൃത്യമായ നന അനിവാര്യമാണ്. വര്‍ഷത്തില്‍ രണ്ട് തവണ (മഴയ്ക്ക് മുമ്പും പിമ്പും) ജൈവവളങ്ങളോടൊപ്പം ആവശ്യാനുസരണം രാസവളങ്ങളും (NPK) നല്‍കാം.

passion fruit
പൂവിട്ട് 80-90 ദിവസങ്ങള്‍ക്കുള്ളില്‍ കായകള്‍ പഴുക്കാന്‍ തുടങ്ങും

വിളവെടുപ്പ്

വിത്ത് പാകി ഉണ്ടാക്കുന്ന ചെടികള്‍ ഒരു വര്‍ഷത്തിനകവും, പോളിബാഗ്/ ഗ്രാഫ്റ്റ് തൈകള്‍ 6-8 മാസത്തിനകവും കായ്ച്ചു തുടങ്ങും. പൂവിട്ട് 80-90 ദിവസങ്ങള്‍ക്കുള്ളില്‍ കായകള്‍ പഴുക്കാന്‍ തുടങ്ങും. പഴങ്ങള്‍ മഞ്ഞയോ പര്‍പ്പിളോ നിറമാകുമ്പോള്‍ വിളവെടുക്കാം. പൂര്‍ണമായി പഴുത്ത് താഴെ വീഴുന്ന പഴങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ മധുരവും രുചിയും ഉണ്ടാകുക.

അദ്ഭുതപ്പെടുത്തുന്ന ആരോഗ്യഗുണങ്ങള്‍

രുചിയില്‍ മാത്രമല്ല, പോഷകഗുണങ്ങളിലും മുന്‍പന്തിയിലാണ് പാഷന്‍ ഫ്രൂട്ട്.

  • പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു: വൈറ്റാമിന്‍ സി, എ, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഇരട്ടിയാക്കുന്നു.

  • ദഹനം സുഗമമാക്കുന്നു: ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം തടയാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

  • പ്രമേഹ രോഗികള്‍ക്ക് അനുയോജ്യം: കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഉള്ള പഴമായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുകയില്ല.

  • ഹൃദയാരോഗ്യത്തിന് മികച്ചത്: പൊട്ടാസ്യം, ഫൈബര്‍ എന്നിവ ധാരാളമുള്ളതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കുന്നു.

  • നല്ല ഉറക്കത്തിന്: സ്ലീപ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങള്‍ ഇതിലുള്ളതിനാല്‍ മാനസിക സമ്മര്‍ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

  • ചര്‍മകാന്തിക്ക്: വൈറ്റാമിന്‍ എ, സി എന്നിവ ചര്‍മത്തിലെ ചുളിവുകള്‍ മാറ്റി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

വിപണന സാധ്യത

പാഷന്‍ ഫ്രൂട്ട് പച്ചയായി വില്‍ക്കുന്നതിനേക്കാള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റിയാല്‍ ഇരട്ടി ലാഭം കൊയ്യാം. പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ്, ജ്യൂസ്, ജാം, ജെല്ലി എന്നിവ ഉണ്ടാക്കി പ്രാദേശിക വിപണികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും നല്‍കാം. ഐസ്‌ക്രീം, കേക്ക് നിര്‍മ്മാണ മേഖലകളിലും പാഷന്‍ ഫ്രൂട്ട് പള്‍പ്പിന് വന്‍ ഡിമാന്‍ഡാണ്. ലളിതമായ പരിപാലനവും കുറഞ്ഞ ചെലവും ഉയര്‍ന്ന വിപണി മൂല്യവും ഉള്ളതിനാല്‍ വീട്ടാവശ്യത്തിനും വ്യാവസായിക അടിസ്ഥാനത്തിലും ധൈര്യമായി തെരഞ്ഞെടുക്കാവുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട് കൃഷി.

passion fruit
മാതളനാരങ്ങ കടയില്‍ നിന്ന് വാങ്ങേണ്ട; വീട്ടുപറമ്പില്‍ വിളയിക്കാം
passion fruit
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
passion fruit
കുലകണക്കിന് സപ്പോട്ട വിളയിക്കാം; വലുപ്പം കൂട്ടാന്‍ ബോറോണ്‍ പ്രയോഗം
Summary

Complete Guide to Passion Fruit Cultivation and Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com