

ആസ്വാദനത്തേക്കാൾ പ്രകടനത്തിന് പ്രാധാന്യം കൊടുക്കുന്നവർക്ക് സംതൃപ്തി കുറവായിരിക്കുമെന്ന് പഠനം. ചെയ്യുന്ന കാര്യങ്ങൾ സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ചെയ്യുന്നതിന് പകരം നന്നായി ചെയ്യാനുള്ള വ്യഗ്രതയാണ് നിങ്ങൾക്കെങ്കിൽ ഒന്നിലും തൃപ്തിയില്ലാത്ത അവസ്ഥയായിരിക്കുമെന്നാണ് പഠനം പറയുന്നത്. പ്രകടനത്തെക്കാൾ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകിയവർ 13 ശതമാനം കൂടുതൽ സുഖം അനുഭവിച്ചെന്നും ഇവരിൽ നല്ല ഉറക്ക നിലവാരവും സംതൃപ്തിയും കണ്ടതായും പഠനത്തിൽ പറയുന്നു.
വിശ്രമിക്കാൻ സമയം കണ്ടെത്തുന്നവർക്കും വിനോദങ്ങളിൽ ഏർപ്പെടുന്നവർക്കും സമ്മർദ്ദം എട്ട് ശതമാനവും ഉത്കണ്ഠ 10 ശതമാനവും കുറവാണെന്നാണ് കണ്ടെത്തൽ. വ്യത്യസ്ത മൂല്യങ്ങൾ എങ്ങനെയാണ് സന്തോഷത്തെ സ്വാധീനിക്കുന്നത് എന്ന് കണ്ടെത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു പഠനം. വിനോദവും ധാർമ്മികതയും മാറ്റിനിർത്തി നേട്ടങ്ങൾക്ക് മുൻഗണന നൽകുന്നത് സുഖകരമായിരിക്കില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ജീവിതത്തിന് ബാലൻസ് കണ്ടെത്താനും ആസ്വദിക്കാനും സ്വന്തം ലക്ഷ്യങ്ങൾക്ക് പിന്നാലെ പോകാനും സമയം കണ്ടെത്തുന്നത് പ്രയോജനകരമാണെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ആളുകൾ കൂടുതൽ വിജയം കൈവരിക്കുന്നതായും സന്തോഷവും സംതൃപ്തിയും ഉള്ളവരായി കാണപ്പെടുമെന്നുമാണ് ഗവേഷകർ പറയുന്നത്.
ഇന്ത്യ, തുർക്കി, യു കെ എന്നീ രാജ്യങ്ങളിലെ ആളുകളിൽ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. ജോലിയിൽ മുഴുകിയും പണം കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലുമൊക്കെയായാണ് പലരും സമയം ചിലവഴിക്കുന്നത്. പഠനം, കരിയർ അങ്ങനെ നമ്മൾ സമയം നൽകുന്ന കാര്യങ്ങൾ വേറെയുമുണ്ട്. നേട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള മൂല്യങ്ങളാണ് നമ്മുടെ സമയത്തിന്റെ വലിയൊരു ഭാഗം കവരുന്നതെങ്കിലും സ്വാതന്ത്ര്യവും മറ്റ് മൂല്യങ്ങളും ജീവിതത്തെ ഒരു സന്തുലിതാവസ്ഥയിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates