

സഭയ്ക്ക് അകത്തും പുറത്തും നവീകരണത്തിന്റെ ശബ്ദം ഉയര്‍ത്തിയ വലിയ ഇടയന്‍. യുദ്ധം, അഭയാര്‍ഥി പ്രശ്‌നങ്ങള്‍, ആഗോള താപനം ലോകത്തെ ബാധിക്കുന്ന എല്ലാ വിശയങ്ങളിലും മനുഷ്യത്വത്തിന്റെ പക്ഷത്ത് അടിയുറച്ചു മനുഷ്യ സ്‌നേഹി. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടപറയുമ്പോള്‍ അവസാനിക്കുന്നത് ഒരു യുഗം കൂടിയാണ്.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തെത്തുടര്‍ന്നാണ്, അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. കത്തോലിക്കാ സഭയുടെ 266 -ാം മാര്‍പാപ്പയായി ആയിരുന്നു സ്ഥാനാരോഹണം. പദവിയില്‍ എത്തുന്ന ജെസ്യൂട്ട് സഭയില്‍ നിന്നുള്ളതും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള ആദ്യത്തെ മാര്‍പാപ്പയുമായിരുന്നു ജോര്‍ജ് മാരിയോ ബര്‍ഗോളിയോ. 2013 മാര്‍ച്ച് 13 ന് ആയിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണം.
ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ സെന്റ്. ഫ്രാന്‍സിസിന്റെ നാമധേയം സ്വീകരിച്ച് പരമാധ്യക്ഷ പദവിയിലേക്ക് എത്തിയ മാര്‍പാപ്പയുടെ പിന്നീടുള്ള ജീവിതവും പേരിനോട് നീതി പുലര്‍ത്തുന്നതായിരുന്നു. വത്തിക്കാനിലെ കൊട്ടാരത്തില്‍ നിന്നും അതിഥി മന്ദിരത്തിലെ സാധാരണ മുറിയിലേക്ക് താമസം മാറിയ ഫ്രാന്‍സിസ് മാര്‍പാപ്പ ലളിത ജീവിതം കൊണ്ടും ലോകത്തിന് മാതൃകയായി. ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോഴും ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണ ആവശ്യമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടുവച്ചത്. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലോകത്ത് ദുരിതം അനുഭവിക്കുന്ന ജനങ്ങളില്ലൊം മാര്‍പാപ്പയുടെ ശ്രദ്ധ പതിഞ്ഞിരുന്നു. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധം ഇളവു വരുത്താന്‍ ഇടപെട്ടത് മുതല്‍ പലസ്തീന്‍ വിഷയത്തില്‍ വരെ അദ്ദേഹം നിലപാട് എടുത്തു. അഭയാര്‍ത്ഥികളോട് മനുഷ്യത്വത്തോടെ ഇടപെടണം എന്ന് പലവട്ടം ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വനം ചെയ്തു. അഭയാര്‍ഥികളോടു മുഖം തിരിക്കുന്ന യൂറോപ്യന്‍ പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ചു.
ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ട വൈദികര്‍ക്കും മെത്രാന്മാര്‍ക്കുമെതിരെ അച്ചടക്ക നടപടിയെടുത്തു. സഭാഭരണത്തില്‍ വനിതകള്‍ക്കു പ്രാതിനിധ്യം നല്‍കുന്നതിലും ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും മുന്‍കൈയെടുത്തു. സ്വവര്‍ഗാനുരാഗിയെ ദൈവത്തിന്റെ മക്കള്‍ എന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. വധശിക്ഷ ഒഴിവാക്കണമെന്നായിരുന്നു മാര്‍പാപ്പയുടെ നിലപാട്.
അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസില്‍ 1936 ഡിസംബര്‍ 17നായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജനനം. ജോര്‍ജ് മാരിയോ ബര്‍ഗോളിയോ എന്ന പേരില്‍ റെയില്‍വേയിലെ അക്കൗണ്ടന്റായ മാരിയോ ഗ്യൂസെപ്പെ ബര്‍ഗോളിയോ വസാല്ലോ റെജീന മരിയ സിവോറി ഗോഗ്‌ന ദമ്പതികളുടെ അഞ്ച് മക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ഇറ്റലിയിലെ ഫാസിസത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇറ്റലിയില്‍ നിന്നും പലായനം ചെയ്തവരായിരുന്നു ജോര്‍ജ് മാരിയോ ബര്‍ഗോളിയോയുടെ പൂർവികർ.
കടുത്ത ഫുട്‌ബോള്‍ ആരാധകനായി വളര്‍ന്ന ജോര്‍ജ് മാരിയോ ഏതൊരു അര്‍ജന്റീനക്കാരനെയും ബ്യൂനസ് ഐറിസിലെ സാന്‍ ലോറന്‍സോ ക്ലബിന്റെ അംഗത്വവും സ്വന്തമാക്കിയിരുന്നു. വിദ്യാര്‍ഥിയായിരിക്കെ ക്ലബില്‍ ബൗണ്‍സറായി ജോലി. ഡിപ്ലോമ നേടിയ ശേഷം ലബോറട്ടറി ടെക്‌നീഷ്യനായി. യുവാവായ ബര്‍ഗോളിയോയെ അക്കാലത്തെ അര്‍ജന്റീനയുടെ രാഷ്ട്രീയ അന്തരീക്ഷം ഏറെ സ്വാധീനം ചെലുത്തി. സാമൂഹികവും രാഷ്ട്രീയവുമായ പരിഷ്‌കാരങ്ങള്‍ക്കു കാരണമായ പെറോണിസത്തിലും ആകൃഷ്ടനായിരുന്നു. സമൂഹത്തിലെ അടിസ്ഥാന വര്‍ഗത്തിന്റെ പുരോഗതിയായിരുന്നു ജോര്‍ജ് മാരിയോ സ്വപ്‌നം കണ്ടത്.
ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം ബ്യൂനസ് ഐറിസ് സര്‍വകലാശാലയില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം. മാനവിക വിഷയങ്ങളില്‍ പഠനത്തിനായി ചിലിയിലെത്തി. ഇതിനിടെയായിരുന്നു പൗരോഹ്യത്തിലേക്കുള്ള ചുവടുവയ്പ്പ്. 1963ല്‍ അര്‍ജന്റീനയില്‍ തിരിച്ചെത്തി സാന്‍ മിഗ്വലിലെ കൊളീജിയോ ഡി സാന്‍ ജോസില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദം നേടി. 1964 മുതല്‍ 1966 വരെ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിച്ചു. 1967 മുതല്‍ 1970 വരെ ദൈവശാസ്ത്രം പഠിച്ചു.
21-ാം വയസ്സില്‍ ബ്യൂനസ് ഐറിസിലെ വില്ല ഡെവോട്ടോയില്‍ സെമിനാരി പഠനത്തിനു ചേര്‍ന്നെങ്കിലും 33ാം വയസില്‍ 1969 ല്‍ ആണ് വൈദികപട്ടം സ്വീകരിച്ചത്. 1969 ഡിസംബര്‍ 13ന് വൈദികനായി. 1973 മുതല്‍ 1979 അര്‍ജന്റീനന്‍ സഭയുടെ പ്രൊവിന്‍ഷ്യാള്‍. 1980ല്‍ താന്‍ പഠിച്ച സാന്‍ മിഗ്വല്‍ സെമിനാരിയുടെ റെക്ടര്‍ പദവി സ്വീകരിച്ചു. 1998ല്‍ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്. 2001ല്‍ കര്‍ദിനാളായി. വത്തിക്കാന്‍ ഭരണകൂടമായ റോമന്‍ കൂരിയായുടെ വിവിധ ഭരണ പദവികളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 2005ല്‍ അര്‍ജന്റീനയിലെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായും ഒന്നിലധികം തവണം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ് ആയിരിക്കെ ഔദ്യോഗിക വസതിയില്‍ താമസിക്കാതെ ചെറിയൊരു അപ്പാര്‍ട്മെന്റില്‍ ജീവിച്ചും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചും ലാളിത്യ ജീവിതമായിരുന്നു ജോര്‍ജ് മാരിയോ ബര്‍ഗോളിയോ സ്വീകരിച്ച് പോന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കാലം ചെയ്തതിന് പിന്നാലെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയോടൊപ്പം പരമോന്നത പദവിയിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും അദ്ദേഹം പിന്‍മാറുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates