

ലഖ്‌നൗ: വിശ്വാസത്തിനപ്പുറം, അടുത്തിടെ സമാപിച്ച മഹാകുംഭമേള മാറ്റിമറിച്ചത് നിരവധി ജീവിതങ്ങളെ കൂടി. 66 കോടി പേര്‍ പങ്കെടുത്ത മഹാകുംഭമേള ഓട്ടോ ഡ്രൈവര്‍മാര്‍, തോണിക്കാരന്‍ തൊട്ട് ഭക്ഷണ വില്‍പ്പനക്കാരുടെ വരെ ജീവിതത്തിലാണ് പുതുവെളിച്ചം കൊണ്ടുവന്നത്. ഇത്തരത്തില്‍ ജീവിതത്തില്‍ പ്രതീക്ഷ കൈവന്ന നിരവധി ആളുകളുടെ കൂട്ടത്തില്‍ നിന്ന് പ്രയാഗ് രാജില്‍ നിന്നുള്ള ഒരു തോണിക്കാരന്റെ കുടുംബത്തിന്റെ കഥ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ചു.
പ്രയാഗ്രാജിലെ അരയില്‍ പ്രദേശത്തെ തോണിക്കാരനായ പിന്റു മഹാരയുടെ കഥയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മഹാകുംഭമേള സമയത്ത് ബോട്ടുകള്‍ സര്‍വീസ് നടത്തിയത് വഴി കോടീശ്വരനായി മാറിയിരിക്കുകയാണ് പിന്റു. ഇക്കാലയളവില്‍ 30 കോടി രൂപയാണ് ഇദ്ദേഹം സമ്പാദിച്ചത്. വിവിഐപികളെ അടക്കം ബോട്ടില്‍ കയറ്റി പുണ്യസ്‌നാനത്തിനായി കുംഭമേള നടക്കുന്ന പ്രദേശത്ത് എത്തിച്ചതോടെയാണ് പിന്റുവിന്റെ ജീവിതം മാറിമറിഞ്ഞത്. പിന്റുവിനും കുടുംബാംഗങ്ങള്‍ക്കുമായി 130 ബോട്ടുകളാണ് സ്വന്തമായിട്ടുള്ളത്.
'ഇത് ദൈവകൃപയും അനുഗ്രഹവുമാണ്. എനിക്ക് 100ലധികം അംഗങ്ങളുള്ള ഒരു വലിയ കുടുംബമുണ്ട്. ഭക്തരുടെ വന്‍ ഒഴുക്ക് പ്രതീക്ഷിച്ച്, മഹാ കുംഭമേളയ്ക്ക് മുമ്പ് ബോട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ചു. 60ല്‍ നിന്ന് ഇരട്ടിയാക്കിയാണ് ബോട്ടുകളുടെ എണ്ണം ഉയര്‍ത്തിയത്.'- പിന്റു പറയുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മഹാകുംഭമേള മറ്റ് നിരവധി തോണിക്കാരുടെ കുടുംബങ്ങളെ സമ്പന്നമാക്കി. ഇവരില്‍ പലര്‍ക്കും വായ്പ തിരിച്ചടച്ച ശേഷവും വലിയ തോതില്‍ സമ്പാദിക്കാന്‍ സാധിച്ചു.
2019 ലെ കുംഭമേളയില്‍ 24 കോടി ഭക്തരാണ് പ്രയാഗ്രാജില്‍ ഒഴുകിയെത്തിയത്. ഈ അനുഭവം മുന്‍നിര്‍ത്തി 2025 ലെ മഹാകുംഭമേളയില്‍ ഇതിലും വലിയ ഒഴുക്ക് മുന്‍കൂട്ടി കാണാന്‍ സാധിച്ചതാണ് ഗുണകരമായതെന്നും പിന്റു അവകാശപ്പെടുന്നു. ആളുകളുടെ വലിയ തോതിലുള്ള ഒഴുക്ക് മുന്നില്‍ കണ്ട് 70 ബോട്ടുകള്‍ കൂടി വാങ്ങാന്‍ സഹായകമായത് ഈ ദീര്‍ഘവീക്ഷണമാണ്. കുടുംബത്തിലെ സ്ത്രീകളുടെ ആഭരണങ്ങള്‍ വിറ്റാണ് ബോട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. തന്റെ കുടുംബത്തിന്റെ ഭാവി തലമുറകളോളം സുരക്ഷിതമാക്കുന്ന ഗണ്യമായ വരുമാനം നേടാന്‍ സാധിച്ചതായും പിന്റു പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
