

ഉപഹാര സമര്‍പ്പണച്ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ അപമാനിച്ചെന്ന വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. പരിപാടിയുടെ സംഘാടകര്‍ രമേശ് നാരായണനെയാണ് അപമാനിച്ചതെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം അതിന്റെ തുടര്‍ച്ചയായിരുന്നെന്നുമുള്ള വാദവും ശക്തമാണ്. ഉപഹാര സമര്‍പ്പണത്തിന് അദ്ദേഹത്തെ ക്ഷണിക്കാതിരുന്ന സംഘാടകര്‍ ഒടുവില്‍ വിളിച്ചപ്പോള്‍ തന്നെ പേരു തെറ്റായാണ് അനൗണ്‍സ് ചെയ്തതും. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സ്വാഗത പ്രസംഗകന്‍ പേരു തെറ്റി വിളിച്ച ഒരനുഭവം രസകരമായി പങ്കുവയ്ക്കുകയാണ്, പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ ഈ കുറിപ്പില്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പു വായിക്കാം...
ഭാഗ്യം, ജീവന്‍ പോയില്ലല്ലോ....
പഞ്ചാരവാക്കുകളാല്‍ വേദിയിലെ ഏഴു പേരുടെയും കഥ കഴിച്ച ശേഷം എട്ടാമനായ എന്നെ ഒന്ന് തിരിഞ്ഞുനോക്കുന്നു ബഹുമാന്യ സ്വാഗതപ്രസംഗകന്‍.
തദനന്തരം തന്റെ 'കര്‍ത്തവ്യ'ത്തിലേക്ക് കടക്കുന്നു:
'ഇനിയുള്ള വ്യക്തിയെ നിങ്ങള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നെനിക്കറിയാം. മലയാളികള്‍ക്ക് മുഴുവന്‍ സുപരിചിതനാണ് അദ്ദേഹം.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒന്ന് ഞെട്ടി. പിന്നെ മുന്നിലെ സദസ്സിലെ മുഖങ്ങളിലേക്ക് ഉള്‍ക്കിടിലത്തോടെ ഒന്നു പാളി നോക്കി. അവിടെ പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ല. ഭാഗ്യം. ആര്‍ക്കും എട്ടാമനെ വലിയ പിടിയില്ല എന്ന് വ്യക്തം. ഏതവനായാലെന്ത് എന്ന മട്ടിലൊരു നോട്ടം. അത്രേയുള്ളൂ.
സ്വാഗതക്കാരന്‍ തുടരുന്നു: 'എങ്കിലും ഔപചാരിതക്ക് വേണ്ടി ഞാന്‍ നമുക്കെല്ലാവര്‍ക്കും പ്രിയപ്പെട്ട ശ്രീ വേണു നായരെ പരിചയപ്പെടുത്തുകയാണ്.'
വീണ്ടും ഞെട്ടി. കരണത്തൊരു അടി കൊണ്ട പോലെ. ഈയുള്ളവന്‍ തന്നെയോ ആയുള്ളവന്‍? ഉത്സാഹപൂര്‍വ്വം വേണു നായരുടെ അപദാനങ്ങള്‍ വാഴ്ത്താനുള്ള ഒരുക്കത്തിലാണ് സ്വാഗതന്‍. ജാള്യം തോന്നി. നമ്മുടെ ശരിയായ പേര് അറിയാവുന്ന ഏതെങ്കിലുമൊരു വിദ്വാന്‍ ഈ പരിസരത്തെങ്ങാനും ഉണ്ടെങ്കിലോ? സകല ധൈര്യവും സംഭരിച്ച് ഒളികണ്ണിട്ട് നോക്കിയപ്പോള്‍ സംഘാടകരിലൊരാള്‍ പ്രസംഗകന്റെ കാതിലെന്തോ മന്ത്രിക്കുന്നു. പേര് മാറിപ്പോയ കാര്യം ശ്രദ്ധയില്‍ പെടുത്തിയതാവാം.
കൂസലില്ലാതെ സ്വാഗതക്കാരന്‍ തുടരുന്നു: 'ഓ, ചെറിയൊരു തെറ്റ് പറ്റി. ഓര്‍മ്മക്കുറവ് കൊണ്ടാണ്. ക്ഷമിക്കണം. ശ്രീ വേണു മേനോനെ ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുക എന്ന കര്‍ത്തവ്യത്തിലേക്ക് ഞാന്‍ കടക്കുകയാണ്...'
വീണ്ടും ഒരടി. എങ്കിലും ആശ്വസിച്ചു. സദസ്സിന്റെ മുഖങ്ങള്‍ നിസ്സംഗം. വേണുവും രവിയും നായരും മേനോനുമൊക്കെ അവര്‍ക്ക് ഒരുപോലെ. പ്രസംഗവധം നടത്താനെത്തിയ ബോറന്മാര്‍ ആരായാലെന്ത്? ചടങ്ങ് കഴിഞ്ഞുള്ള മാജിക് ഷോ കാണാന്‍ കാത്തിരിക്കുകയാണല്ലോ അവര്‍.
സ്വാഗത പ്രസംഗകന്‍ കത്തിക്കയറുന്നു. ഇടക്ക് ചില ആത്മഗതങ്ങളുമുണ്ട്: 'ഞാന്‍ പാട്ടൊന്നും അങ്ങനെ കേള്‍ക്കാത്ത ആളാണ്. രാഷ്ട്രീയവും ജനസേവനവും ജീവിത ലക്ഷ്യങ്ങളായി കൊണ്ടുനടക്കുന്നവര്‍ക്ക് അതിനൊന്നും സമയം കിട്ടില്ലല്ലോ. അതുകൊണ്ട് ശ്രീ മേനോന്‍ എഴുതിയ പാട്ടൊന്നും കേട്ടിട്ടില്ല. എങ്കിലും നല്ല പാട്ടെഴുത്തുകാരനാണ് എന്ന് നിങ്ങളെപ്പോലെ എനിക്കും അറിയാം. രമേഷ് പുത്തഞ്ചേരിയൊക്കെ മരിച്ചു കഴിഞ്ഞു. ഇനി ഇദ്ദേഹത്തെ പോലുള്ള ആളുകളാണ് നമ്മുടെ പ്രതീക്ഷ. ശ്രീ വേണു മേനോനെ ഇന്നിവിടെ കിട്ടിയത് നമ്മുടെ സൗഭാഗ്യം.'
സംഘാടകരിലെ 'തിരുത്തല്‍വാദി' വീണ്ടും ഇടപെടുന്നു. ഇത്തവണ തെല്ലുറക്കെ തന്നെ: 'പാട്ട് എഴുതാറില്ല അയാള്.'
പ്രസംഗകന്റെ മുഖത്ത് നീരസം; ആരെടാ ഈ കൊസ്രാങ്കൊള്ളി എന്നൊരു ഭാവം. ഉടന്‍ വരുന്നു അടുത്ത മിസൈല്‍: 'അതൊക്കെ നന്നായി അറിയാം. അല്ലെങ്കിലും ഇന്നത്തെ കാലത്തെ പാട്ടിനൊക്കെ വല്ല അര്‍ത്ഥവും ഉണ്ടോ. മേനോന്‍ പാട്ടെഴുത്ത് നിര്‍ത്തിയതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല. വയലാര്‍ ദേവരാജന്‍ ഒക്കെ എഴുതിയ പാട്ടുകള്‍ ആണ് പാട്ടുകള്‍.'
മുന്നിലെ മുഖങ്ങളിലേക്ക് വീണ്ടും ഒന്ന് പാളിനോക്കി. ഭാവഭേദമൊന്നും ഇല്ല അവിടെ; ചെറുചിരി പോലും. സദസ്സിനൊത്ത പ്രസംഗകന്‍. പ്രസംഗകനൊത്ത സദസ്സും.
വേദിയില്‍ തൊട്ടടുത്തിരുന്ന, അത്യാവശ്യം വായനയും ഫലിത ബോധവുമൊക്കെയുള്ള ബാങ്ക് മാനേജര്‍ ആശ്വസിപ്പിക്കാനെന്നവണ്ണം എന്റെ കൈകളില്‍ ഒന്നമര്‍ത്തി. എന്നിട്ട് പതുക്കെ പറഞ്ഞു: 'ഒരു കണക്കിന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. പേരല്ലേ മാറ്റിയുള്ളൂ. കൊന്നില്ലല്ലോ. ഇയ്യിടെ എന്നെ സ്വാഗതം ചെയ്ത ഒരുത്തന്‍ യശഃശരീരനായ കുഞ്ഞിക്കണ്ണേട്ടന്‍ എന്നാണ് പ്രസംഗിച്ചത്. സത്യത്തില്‍ ആ നിമിഷമാണ് ഞാന്‍ ചത്തു പോയത്.'
ശരിയാണ്. എന്റെ ഭാഗ്യം. ജീവന്‍ പോകാതെ കഴിച്ചിലായല്ലോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates