

സോഷ്യൽ മീഡിയയുടെ മനം കവർന്ന് ആറാം ക്ലാസുകാരന്റെ മഴ അനുഭവം. നോർത്ത് പറവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി എസ് തന്റെ ഉത്തരക്കടലാസിൽ കുറിച്ചിട്ട വാക്കുകളാണ് സൈബർ ലോകത്തെ ഞെട്ടിച്ചത്. മഴത്തുള്ളികളിലെ കപ്പൽ യാത്ര എന്ന തലക്കെട്ടിലാണ് ശ്രീഹരി തന്റെ അനുഭവം കുറിച്ചത്.
വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉൾപ്പടെ നിരവധി പേരാണ് ശ്രീഹരിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. "മഴത്തുള്ളികളിലെ കപ്പൽ യാത്ര" വായിച്ചു. നോർത്ത് പറവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി.എസ് - ന്റെ ഉത്തരക്കടലാസിലെ മഴയനുഭവം എന്നിൽ അഭിമാനം ഉണ്ടാക്കി. പൊതുവിദ്യാലയങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന എഴുത്ത്. ഭാവന ചിറകുവിടർത്തി പറക്കട്ടെ വാനോളം. ശ്രീഹരി മോന് അഭിനന്ദനങ്ങളും ആശംസകളും- എന്നാണ് ശിവൻ കുട്ടി കുറിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശ്രീഹരിയുടെ മഴയനുഭവം വായിക്കാം
"മഴത്തുള്ളികളിലെ കപ്പൽ യാത്ര"
" മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടർന്നു, മഴ വരുകയാണ്. മുത്തു പിടിപ്പിച്ചതുപോലെ ചെളി തൂകിയ വിറകുപുരയ്ക്ക് അഴുക്കിൽ നിന്ന് മുക്തി ലഭിച്ചു. കുറച്ചുനേരം പുറത്ത് കളിക്കാം എന്ന് വിചാരിച്ചാൽ അതിനും സമ്മതിക്കില്ല ഈ മഴ. ഞാൻ അമ്മുമ്മയുടെ അടുത്ത് ചെന്നു. പച്ചത്തവളയുടെ ശാസ്ത്രീയ സംഗീതം തൊടിയിൽ തൂകി നിൽക്കുന്നുണ്ടായിരുന്നു. ബുക്കിന്റെ പേജുകളെ ഞാൻ കൂട്ടുകാരിൽ നിന്ന് വേർപെടുത്തി. അമ്മൂമ്മയോട് ഞാനൊരു കടലാസ് കപ്പൽ ആവശ്യപ്പെട്ടു. പേപ്പർ മടക്കി മടക്കി അതിനെ അമ്മൂമ്മ ചെറുതാക്കി. ഇതാ!എന്റെ കടലാസ് കപ്പൽ സാഹസത്തിനു തയ്യാറായി. എന്റെ ഒരു കളിപ്പാട്ടത്തിനെയും പറമ്പിൽ നിന്ന് കിട്ടിയ വെള്ളക്കയെയും ഞാൻ കപ്പിത്താന്മാരായി നിയമിച്ചു. മഴത്തുള്ളികളാൽ രൂപപ്പെട്ട എട്ടാം കടലിലേക്ക് ഞാൻ എന്റെ കപ്പലിനെ അയച്ചു. മഴയുടെ ശക്തി കൂടി. അടുത്തദിവസം പറമ്പിൽ മഴ കൊണ്ട് നിര്യാതരായ എന്റെ കപ്പിത്താൻമാർക്കും തകർന്നുപോയ എന്റെ കപ്പലിനും ഞാൻ ഒരു സല്യൂട്ട് കൊടുത്തു."
ശ്രീഹരി എസ്
6B, ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, നോർത്ത് പറവൂർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates