ഇമെയിൽ അയക്കാൻ കഴിവുള്ള ചീര! സ്ഫോടകവസ്തുക്കൾ കണ്ടെത്താനും മുന്നറിയിപ്പു തരാനും പുത്തൻ സാങ്കേതികവിദ്യ

'പ്ലാന്റ് നാനോബയോണിക്സ്' വിഭാഗത്തിൽപ്പെടുന്ന ആവശ്യങ്ങൾക്കെല്ലാം ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

നാനോ ടെക്നോളജിയുടെ സഹായത്തോടെ ഇമെയിലുകൾ അയക്കാൻ കഴിവുള്ള ചീര വികസിപ്പിച്ചെടുത്തിരിക്കുകയാണ് അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) എഞ്ചിനീയർമാർ. ഭൂഗർഭജലത്തിലെ സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതടക്കം  'പ്ലാന്റ് നാനോബയോണിക്സ്' വിഭാഗത്തിൽപ്പെടുന്ന ആവശ്യങ്ങൾക്കെല്ലാം ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകും.

കുഴിബോംബ് പോലുള്ള സ്‌ഫോടകവസ്തുക്കള‌ുടെ നിർമ്മാണത്തിന് ഉപയോ​ഗിക്കുന്ന നൈട്രോഅരോമാറ്റിക്സിന്റെ സാന്നിധ്യം ഭൂഗർഭജലത്തിൽ കണ്ടെത്താൻ ചീര വേരുകൾക്ക് കഴിയുമെന്ന് എംഐടിയിലെ എഞ്ചിനീയർമാർ പറയുന്നു. ചീര വേരുകൾ നൈട്രോഅരോമാറ്റിക്സിന്റെ സാന്നിധ്യം കണ്ടെത്തിയാൽ ചെടിയിലെ കാർബൺ നാനോട്യൂബുകൾ ഒരു സിഗ്നൽ പുറപ്പെടുവിക്കും, ഈ നിർദേശം വയർലെസ് സംവിധാനം ഉപയോ​ഗപ്പെടുത്തി  ഇൻഫ്രാറെഡ് ക്യാമറയിലേക്ക് അയക്കുകയും അവിടെനിന്ന് ശാസ്ത്രജ്ഞർക്ക് ഒരു ഇമെയിൽ അലേർട്ട് ലഭിക്കുകയും ചെയ്യും.

ഒരു രസതന്ത്ര ശാസ്‌ത്രജ്ഞന് സമാനമായ നിരീക്ഷണശേഷി ചെ‌ടികൾക്കുണ്ടെന്നാണ് ​ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ മൈക്കൽ സ്ട്രാനോയുടെ അഭിപ്രായം. "അവയുടെ വേരുകൾക്ക് മണ്ണിൽ വിപുലമായ ഒരു ശൃംഖല തന്നെയുണ്ട്, നിരന്തരം ഭൂഗർഭജലം സാമ്പിൾ ചെയ്യുന്നതിനൊപ്പം ആ വെള്ളം ഇലകളിലേക്ക് കയറ്റുന്നതിനായി സ്വയം ശക്തിപ്പെടുത്തുന്നതിനുള്ള കഴിവുമുണ്ട്," പ്രൊഫസർ സ്ട്രാനോ പറഞ്ഞു. ചെടികളും മനുഷ്യരും തമ്മിലെ ആശയവിനിമയത്തിനുള്ള തടസ്സം മറികടക്കാനുള്ള ശ്രമമാണ് ഈ പരീക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനൊപ്പം, മലിനീകരണത്തെക്കുറിച്ചും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞർക്ക് മുന്നറിയിപ്പ് നൽകാൻ 'പ്ലാന്റ് നാനോബയോണിക്സ്' സഹായിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിയാനുള്ള സെൻസറുകൾ നാനോകണങ്ങൾ വഴി സ്ട്രാനോയും സംഘവും ചെടിയിൽ സ്ഥാപിച്ചു. ചെടികൾ ഫോട്ടോസിന്തസിസ് നടത്തുന്ന പ്രക്രിയയിൽ മാറ്റം വരുത്തിയാണ് ഇത് ചെയ്തത്.  ഇങ്ങനെ ചെയ്താൽ മലിനീകരണത്തിന് കാരണമായ നൈട്രിക് ഓക്സൈഡ് കണ്ടെത്താൻ ചെടികൾക്ക് കഴിയും.

പാരിസ്ഥിതിക പ്രശ്നങ്ങളും സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതും മാത്രമല്ല, ലിഥിയം അയൺ ബാറ്ററികളേക്കാൾ കാര്യക്ഷമതയുള്ള മെറ്റൽ-എയർ ബാറ്ററികളും ഫ്യുവൽസെല്ലുകളും നിർമ്മിക്കാനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com